1. ദാഹം
അതിഭയങ്കരമായ ദാഹത്താല്‍ ഒരു നായ കിണറ്റിന്‍ കരയിലെ നനഞ്ഞുകുതിര്‍ന്ന മണ്ണ് നക്കിത്തിന്നുന്നത് ഒരു വേശ്യ കാണാനിടയായി. അവള്‍ക്ക് ആ ജീവിയോട് കരുണയും അലിവും തോന്നി. പക്ഷേ, അന്നേരം ആ ജീവിക്കൊരിറ്റ് തെളിനീര്‍ കൊടുക്കാന്‍ അവള്‍ക്കായില്ല. ചുറ്റും പൊള്ളുന്ന ചൂട്. തൊട്ടരകിലൊന്നും യാതൊരു ആളനക്കവുമില്ല. അവള്‍ പലതും ചിന്തിച്ചു. അതിനവസാനം പെട്ടെന്ന് അവള്‍ക്കൊരു കൗശലം തോന്നി.
വേശ്യ തന്റെ ചെരിപ്പഴിച്ചു. പിന്നെ വളരെ ധൃതിയില്‍ ശിരോവസ്ത്രത്തില്‍ ചെരിപ്പുകെട്ടി. എന്നിട്ട് കിണറ്റിലേക്കിറക്കി വെള്ളം കോരിയെടുത്ത് വിശന്നു വലഞ്ഞ നായക്ക് കൊടുത്തു.
നായ ആര്‍ത്തിയോടെ വെള്ളം കുടിച്ചു. അതോടെ ആ വേശ്യയുടെ സകലമാന പാപങ്ങളും അല്ലാഹു പൊറുത്തുകൊടുത്തു.
2. ദാനം
ഒരാള്‍ ജനങ്ങളോട് പറഞ്ഞു: ”ഞാനിന്ന് തീര്‍ച്ചയായും ദാനം ചെയ്യും”. ഇതും മൊഴിഞ്ഞ് അയാള്‍ നടന്നു. അയാള്‍ നിനച്ചതുപോലെത്തന്നെ അന്നയാള്‍ ദാനം നല്‍കുകയും ചെയ്തു. പക്ഷേ, ഒരു കള്ളന്നായിരുന്നു അയാള്‍ ദാനം നല്‍കിയത്…. അതറിഞ്ഞ ജനം പറഞ്ഞു: ‘അയാള്‍ കള്ളനാണത്രെ ദാനം നല്‍കിയത്. ആരെങ്കിലും കള്ളന് ദാനം കൊടുക്കുമോ? അതുകൊണ്ടെന്ത് പ്രയോജനമാണുള്ളത്?’
അതു കേട്ടപ്പോള്‍ അയാള്‍ പ്രതികരിച്ചു: ‘അല്ലാഹുവേ നിനക്ക് സര്‍വസ്തുതിയും. ഞാനിന്നും ദാനം ചെയ്യും.’
അങ്ങനെ പിറ്റേന്നും അയാള്‍ ദാനം കൊടുത്തു. അതും വളരെയേറെ ഒച്ചപ്പാടുകളുണ്ടാക്കി. കാരണം അന്നയാള്‍ ദാനം നല്‍കിയത് ഒരു വേശ്യക്കായിരുന്നു.
അതറിഞ്ഞതോടെ ജനത്തിന്റെ പരിഹാസംകൂടി. അവര്‍ അയാള്‍ക്കു പിറകില്‍ അയാളെ കളിയാക്കിക്കൊണ്ട് പറഞ്ഞു: ‘വേശ്യക്ക് ദാനം നല്‍കിയവന്‍! ഹാ.. എന്തൊരു വിചിത്രനായ ധര്‍മിഷ്ഠന്‍!’
അയാള്‍ സഹിച്ചു. ക്ഷമിച്ചു. അല്ലാഹുവിനെ സ്തുതിച്ചു. എന്നിട്ടും അയാള്‍ തന്റെ കര്‍മം നിര്‍ത്തിയില്ല. പിറ്റേന്നും അയാള്‍ ദാനം ചെയ്യാനായി പുറത്തിറങ്ങി. ദൗര്‍ഭാഗ്യത്തിനോ ഭാഗ്യത്തിനോ എന്നറിയില്ല, അന്നയാള്‍ ഒരു പണക്കാരനെയാണ് കണ്ടത്. അയാള്‍ അന്നത്തെ ദാനം ആ പണക്കാരന് നല്‍കി. ഇതുകൂടിയറിഞ്ഞപ്പോള്‍ ജനം പരിഹാസത്തിന്റെ ഉച്ചിയിലെത്തി അയാളെ കുഴക്കാന്‍ തുടങ്ങി. അയാളില്‍ അസ്വസ്ഥത നിറഞ്ഞു. അയാള്‍ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങവെ, ജനം ഒന്നിച്ച് അയാളെ നോക്കി കൂവി: ‘കള്ളനും വേശ്യക്കും പണക്കാരനും ദാനം നല്‍കിയ മൂഢന്‍.’ അപ്പോഴും അയാള്‍ ക്ഷമിച്ചു. പിന്നെ അയാള്‍ സര്‍വശക്തനായ അല്ലാഹുവിനോട് മനംനൊന്ത് പറഞ്ഞു: കള്ളനും വേശ്യക്കും പണക്കാരനും ദാനം ചെയ്യാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. അല്ലാഹുവേ, നിനക്ക് സ്തുതി!
അതു കേട്ടപ്പോള്‍ ഒരാള്‍ ഇടയില്‍ കയറി വന്ന് പതുക്കെപ്പറഞ്ഞു: ‘വളരെ നല്ല കാര്യമാണ് നിങ്ങള്‍ ചെയ്തത്. നിങ്ങളുടെ ദാനം മൂലം കള്ളന്‍ കളവില്‍നിന്നും വേശ്യ വേശ്യാവൃത്തിയില്‍നിന്നും പിന്തിരിഞ്ഞേക്കാം. പണക്കാരനാണെങ്കില്‍ അതൊരു പാഠവുമായിരിക്കും. കാരണം, നാളെ അയാളും ദാനം ചെയ്യാന്‍ അത് ഇടയാക്കിയേക്കും.’
3. മരണം
അന്ത്യനാളില്‍ സ്വര്‍ഗത്തിലേക്ക് തടിച്ച ഒരാടിനെ കൊണ്ടുവന്ന് ഒരാള്‍ ജനങ്ങളോട് വിളിച്ചു ചോദിക്കും: ‘സ്വര്‍ഗവാസികളേ… നിങ്ങള്‍ക്കാര്‍ക്കെങ്കിലും ഈ ആടിനെ പരിചയമുണ്ടോ?’
സ്വര്‍ഗവാസികള്‍ ആടിനെ സൂക്ഷിച്ചുനോക്കും. അവര്‍ അതിനെ തിരിച്ചറിയും. അപ്പോള്‍ അവര്‍ ഒന്നിച്ച് പറയും: ‘ഉണ്ട്, ഞങ്ങള്‍ക്കിതിനെ അറിയാം. ഇത് മരണമാകുന്നു’.
ആ ഉത്തരം കേട്ടാല്‍ അയാള്‍ നരകവാസികള്‍ക്കു നേരെ തിരിഞ്ഞു ചോദിക്കും: ‘നരകവാസികളേ… നിങ്ങള്‍ക്കിതിനെ പരിചയമുണ്ടോ?’
നരകച്ചൂടില്‍ കിടന്ന് ഞെരിപിരി കൊള്ളുന്ന അവരും ആടിനെ തുറിച്ചു നോക്കും. പിന്നെ അവരും പറയും: ‘ഉണ്ട്. ഇത് മരണമാണ്. തീര്‍ച്ച.’ അതു കേട്ട് കഴിഞ്ഞാല്‍ അയാള്‍ ആ ആടിനെ അറുക്കുകയും പിന്നെ ഇങ്ങനെ വിളിച്ചുപറയുകയും ചെയ്യും: ‘സ്വര്‍ഗവാസികളേ, നിങ്ങളുടെ ജീവിതം ഇനിമേല്‍ ശാശ്വതമായിരിക്കും. നിങ്ങള്‍ക്കിനി മരണമില്ല. നരകവാസികളേ, നിങ്ങളുടെ ജീവിതവും ശാശ്വതമായിരിക്കും… നിങ്ങള്‍ക്കും ഇനി മരണമില്ല.’
4. വിദ്യ
ഒരു കോപ്പ പാല്‍ നബിക്ക് കിട്ടിയതായും നബി ആ പാല്‍ ആര്‍ത്തിയോടെ കുടിച്ചതായും അപ്പോള്‍ ദാഹം തീര്‍ന്നതിന്റെ കുളിര്‍മ തന്റെ നഖങ്ങള്‍ വരെ വ്യാപിച്ചതായും സ്വപ്നം കണ്ടെന്ന് നബി പറഞ്ഞു. അതു കേട്ട നബി ശിഷ്യര്‍ ചോദിച്ചു: ‘ഈ സ്വപ്നത്തിന്റെ അര്‍ഥമെന്താണ്?’
നബി പറഞ്ഞു: ‘ആ പാല്‍ വിദ്യയാണ്.’
5. ബലിമൃഗം
ഒരാള്‍ ഹജ്ജിന് പോകുമ്പോള്‍ ഒട്ടകത്തെ തെളിച്ച് നടക്കുകയായിരുന്നു. ഇത് കണ്ടപ്പോള്‍ നബി പറഞ്ഞു: ‘നിങ്ങള്‍ ഒട്ടകത്തിന്റെ പുറത്തു കയറി യാത്ര ചെയ്യൂ.’
അയാള്‍ മറുപടി പറഞ്ഞു: ‘ഇതൊരു ബലിമൃഗമാണ്’.
നബി വീണ്ടും പറഞ്ഞു: ‘അതിന്റെ പുറത്തുകയറി യാത്ര ചെയ്യൂ.’
‘ഇത് ബലിമൃഗമാണ്’.
നബിക്കത് കേട്ടപ്പോള്‍ വല്ലാത്ത ദേഷ്യം തോന്നി. നബി കുറഞ്ഞൊരു ദേഷ്യത്തോടെ പറഞ്ഞു: ‘നാശം! നിങ്ങളതിന്റെ പുറത്തുകയറി യാത്ര ചെയ്യൂ. അതാണുത്തമം’.
കഥ & കവിത