കഥ & കവിത

വിജയപ്രഖ്യാപനം

Spread the love

അന്ധവിശ്വാസം മാരകമായ പകര്‍ച്ചവ്യാധി പോലെയാണ്. അത് സമൂഹത്തില്‍ അതിവേഗം പ്രചാരം നേടും. അധികപേരെയും അഗാധമായി സ്വാധീനിക്കും. ബുദ്ധിയും യുക്തിയും അറിവും ആലോചനയുമൊക്കെ അതിന്റെ മുമ്പില്‍ നിഷ്പ്രഭമാകും. ദൃഢവിശ്വാസമില്ലാത്തവര്‍ക്ക് അതിനെ പ്രതിരോധിക്കാനാവില്ല.
ഇബ്‌റാഹീം നബി ഏകദൈവാരാധനയുടെ സന്ദേശം പ്രചരിപ്പിക്കാനാണ് തന്റെ ആയുസ്സ് പൂര്‍ണമായും വിനിയോഗിച്ചത്. ജന്മനാടിനോട് വിട പറയേണടിവന്നതും അഗ്‌നികുണ്ഡത്തിലെറിയപ്പെട്ടതും അതിന്റെ പേരിലാണ്. മരുഭൂമിയിലൂടെ ഏകാന്തപഥികനായി ചുറ്റിക്കറങ്ങിയതും അതിനുവേണടിത്തന്നെ. അദ്ദേഹവും മകന്‍ ഇസ്മാഈല്‍ നബിയും കൂടി മക്കയില്‍ വിശുദ്ധ കഅ്ബ പണിതത് ഏകദൈവാരാധനക്കു വേണടിയാണ്. എന്നിട്ടും ഏറെക്കാലം കഴിയുംമുമ്പെ അതു വിഗ്രഹാലയമായി മാറി. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ആസ്ഥാനമായി.
പ്രവാചക നിയോഗം ആ ദൈവികമന്ദിരത്തെ അതിന്റെ ആദിമ വിശുദ്ധിയിലേക്ക് തിരിച്ചുകൊണടുവരാന്‍ കൂടിയായിരുന്നു. അങ്ങനെ കാലം അതില്‍ വാരിക്കൂട്ടിയ മാലിന്യം തൂത്തുമാറ്റി അതിനെ ശുദ്ധീകരിക്കാനും. എന്നാല്‍ ജനമനസ്സുകളിലെ മാലിന്യമൊഴിയാതെ അതു സാധ്യമല്ലെന്ന് പ്രവാചകനറിയാമായിരുന്നു. അതിനാല്‍ കഴിഞ്ഞ ഒന്നര വ്യാഴവട്ടക്കാലത്തെ ശ്രമം അതിനായിരുന്നു. മനുഷ്യ മനസ്സിലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അറുതിവരുത്താന്‍; തലമുറകളായി അവിടെ കുടിയിരുത്തപ്പെട്ട വിഗ്രഹങ്ങള്‍ തൂത്തുമാറ്റാന്‍. അതിപ്പോള്‍ വിജയം വരിച്ചിരിക്കുന്നു. അതിനാല്‍ കഅ്ബാലയം ശുദ്ധീകരിക്കാന്‍ സമയമായി.
പ്രവാചകന്‍ കഅ്ബയുടെ കവാടം തുറന്ന് അകത്തുകടന്നു. ഏകദൈവാരാധനക്കായി ജീവിതം സമര്‍പ്പിച്ച ഇബ്‌റാഹീം പ്രവാചകന്റെയും മകന്‍ ഇസ്മാഈല്‍ നബിയുടെയും ശകുനക്കോലുകള്‍ പിടിച്ചുള്ള പ്രതിരൂപങ്ങള്‍ അവിടെ കാണാനിടയായി. ഇത് മുഹമ്മദ് നബിയെ വികാരാധീനനാക്കി. അദ്ദേഹം പറഞ്ഞു: ‘നമ്മുടെ ഗുരുവിനെ അവര്‍ ശകുനം നോക്കുന്നവനാക്കിയിരിക്കുന്നു. ശകുനക്കോലുകളും ഇബ്‌റാഹീമും തമ്മിലെന്തു ബന്ധം? ഇബ്‌റാഹീം ജൂതനോ െ്രെകസ്തവനോ ആയിരുന്നില്ല. ഋജുമാനസനായ മുസ്ലിമായിരുന്നു. അദ്ദേഹം ബഹുദൈവവിശ്വാസികളില്‍ പെട്ടവനുമായിരുന്നില്ല.’
തുടര്‍ന്ന് അവിടുന്ന് വിഗ്രഹങ്ങള്‍ എടുത്തുമാറ്റി കഅ്ബാലയത്തെ ശുദ്ധീകരിക്കാന്‍ നിര്‍ദേശം നല്‍കി. അവിടുന്ന് പ്രഖ്യാപിച്ചു: ‘പറയുക: സത്യം പുലര്‍ന്നിരിക്കുന്നു. അസത്യം തകര്‍ന്നിരിക്കുന്നു. അസത്യം തകരാനുള്ളതുതന്നെ.’
ആ ദൈവികഭവനം ശുദ്ധീകരിച്ചശേഷം പ്രവാചകന്‍ അതിനകത്തുവെച്ച് നമസ്‌കാരം നിര്‍വഹിച്ചു. പിന്നീട് അതിന്റെ കവാടത്തില്‍ കയറിനിന്നുകൊണടിങ്ങനെ പ്രഖ്യാപിച്ചു: ‘അല്ലാഹുവല്ലാതെ ദൈവമില്ല. അവന് ഒരു പങ്കുകാരനുമില്ല. അവന്‍ തന്റെ വാഗ്ദാനം പൂര്‍ത്തീകരിച്ചിരിക്കുന്നു. തന്റെ ദാസനെ സഹായിച്ചിരിക്കുന്നു. ഇന്ന് എല്ലാ അത്യാചാരങ്ങള്‍ക്കും അല്ലാഹു അറുതിവരുത്തിയിരിക്കുന്നു. പണത്തിലും ഗോത്രമഹിമയിലും പ്രതാപത്തിലും അധിഷ്ഠിതമായ പഴയകാലത്തെ എല്ലാ അധികാരാവകാശങ്ങളും ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. അനിസ്ലാമിക കാലത്തുണടായിരുന്ന അഹങ്കാരത്തിനും ദുരഭിമാനത്തിനും അല്ലാഹു അന്ത്യം കുറിച്ചിരിക്കുന്നു. ഇന്ന് നിങ്ങളെല്ലാം സമന്മാരാണ്. നമ്മളൊക്കെ ആദമിന്റെ മക്കളാണ്. ആദമോ മണ്ണില്‍നിന്നും.’

 

You may also like