കഥ & കവിത

ലക്ഷ്യവും മാര്‍ഗവും

Spread the love

അറബികള്‍ക്ക് തീര്‍ത്തും അപരിചിതമായ ആദര്‍ശ വിശ്വാസമാണ് പ്രവാചകനും അനുചരന്മാരും അംഗീകരിച്ചത്. അതിനാല്‍ അതിന്റെ പ്രബോധനം അവരെ വളരെയേറെ പ്രകോപിതരാക്കി. തങ്ങളുടെ കുലദൈവങ്ങളെ തള്ളിപ്പറഞ്ഞവരും പാരമ്പര്യങ്ങളെ ചോദ്യംചെയ്തവരും ആചാരങ്ങളംഗീകരിക്കാത്തവരുമായ മുഹമ്മദിനെയും കൂട്ടുകാരെയും നിശ്ശേഷം നശിപ്പിക്കണമെന്ന് തീരുമാനിച്ചുറപ്പിക്കുകയും ചെയ്തു. പുതിയ മതത്തെ പിഴുതെറിയാനും അതിന്റെ പ്രവാചകന്റെ കഥ കഴിക്കാനും അവര്‍ കഠിനാധ്വാനം ചെയ്തു.
നബി തിരുമേനിയും അനുചരന്മാരും എതിരാളികളുടെ എല്ലാ അക്രമ മര്‍ദനങ്ങളും സഹിച്ചു. സാധ്യമാവുന്നതിലധികം ക്ഷമിച്ചു. അതിനാലവര്‍ മോചനം കൊതിച്ചു. പ്രത്യേകിച്ചും അവരിലെ ഏറ്റം ദുര്‍ബലര്‍.
ഒരിക്കല്‍ നബി തിരുമേനി വിശുദ്ധ കഅ്ബയുടെ തണലില്‍ വിശ്രമിക്കുകയായിരുന്നു. അപ്പോള്‍ അവിടത്തെ അനുചരന്മാരില്‍ ഏതാനും പേര്‍ അദ്ദേഹത്തെ സമീപിച്ചു. തങ്ങളുടെ ദയനീയാവസ്ഥയിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണട് അവര്‍ ചോദിച്ചു: ‘ഞങ്ങള്‍ക്കുവേണടി അങ്ങ് അല്ലാഹുവോട് സഹായമര്‍ഥിക്കുന്നില്ലയോ?’
ഇതിന് നബി തിരുമേനി, താന്‍ പ്രാര്‍ഥിക്കുന്നുണെടന്നോ ഇല്ലെന്നോ മറുപടി പറഞ്ഞില്ല. പകരം, അവര്‍ക്ക് ആവേശവും പ്രതീക്ഷയും പകര്‍ന്നുകൊടുക്കുകയായിരുന്നു. അവിടുന്ന് പറഞ്ഞു: ‘നിങ്ങള്‍ക്കുമുമ്പ് മനുഷ്യരെ വലിയ കുഴി കുത്തി അതില്‍ കൊണടുവന്ന് നിര്‍ത്തിയിരുന്നു. എന്നിട്ട് ഈര്‍ച്ചവാളുകൊണട് തല കീറി രണടായി പകുത്തിരുന്നു. അവരുടെ മാംസവും എല്ലുകളും ഇരുമ്പിന്റെ ചീര്‍പ്പുപയോഗിച്ച് ചീകി വേര്‍പെടുത്തിയിരുന്നു. എന്നിട്ടും അതൊന്നും അവരെ തങ്ങളുടെ ആദര്‍ശത്തില്‍നിന്ന് പിന്തിരിപ്പിച്ചിരുന്നില്ല! അല്ലാഹുവാണ, ഇക്കാര്യം അല്ലാഹു പൂര്‍ത്തീകരിക്കുകതന്നെ ചെയ്യും; സന്‍ആഅ്1 മുതല്‍ ഹദറമൌത്ത്2 വരെ ഒരു യാത്രാ സംഘത്തിന് അല്ലാഹുവെയും തന്റെ ആടിനെ വേട്ടയാടുന്ന ചെന്നായയെയുമല്ലാതെ മറ്റൊന്നിനെയും ഭയപ്പെടാതെ സഞ്ചരിക്കാന്‍ സാധിക്കുവോളം! പക്ഷേ, നിങ്ങള്‍ ധൃതി കാണിക്കുകയാണ്.’
ഇതിലൂടെ പ്രവാചകന്‍ പ്രബോധനം ചെയ്യുന്ന ആദര്‍ശം, ശാന്തവും ഭദ്രവും സമാധാനനിരതവുമായ സമൂഹത്തെയും രാഷ്ട്രത്തെയും സൃഷ്ടിക്കുമെന്ന് അവിടുന്ന് അനുയായികളെ ശുഭവാര്‍ത്ത അറിയിക്കുകയായിരുന്നു. ഒപ്പം അതിനുള്ള മാര്‍ഗം ഏറെ ദുര്‍ഘടമാണെന്ന് ബോധ്യപ്പെടുത്തുകയും. തീ തൊടാത്ത തങ്കത്തിന് തിളക്കമില്ലാത്തപോലെ, കടുത്ത പരീക്ഷണങ്ങള്‍ തരണംചെയ്യാത്തവര്‍ക്ക് മഹത്തായ ലക്ഷ്യം നേടാനാവില്ല.

1, 2. യമനിലെ രണട് നഗരങ്ങള്‍
 

You may also like