കഥ & കവിത

പ്രവാചകനെ ഹര്‍ഷപുളകിതനാക്കിയ കവിത

Spread the love

സുഹൈറിന്റെ മകന്‍ കഅ്ബ് പ്രവാചകന്റെ കടുത്ത എതിരാളിയാണ്. അദ്ദേഹത്തിന്റെ നാവിന് വാളിനെക്കാള്‍ മൂര്‍ച്ചയുണട്. നിമിഷ കവിയായിരുന്ന കഅ്ബ് തന്റെ കാവ്യ കഴിവൊക്കെയും ഉപയോഗിച്ചിരുന്നത്, പ്രവാചകനെ പരിഹസിക്കാനും ആക്ഷേപിക്കാനുമായിരുന്നു. അദ്ദേഹത്തിന്റെ വായില്‍നിന്ന് പുറത്തുവരുന്ന ഓരോ വാക്കും വിഷം വമിക്കുന്നവയായിരുന്നു. നബി തിരുമേനിയുടെ അഭിമാനം ക്ഷതപ്പെടുത്തുന്നതും വികാരം വ്രണപ്പെടുത്തുന്നതും. അതിനാല്‍ തന്നെ പ്രവാചകനും അനുചരന്മാരും അയാളെ കഠിനമായി വെറുത്തു. മറ്റാര്‍ക്ക് മാപ്പ് നല്‍കിയാലും കഅ്ബിനെ വെറുതെ വിടരുതെന്നായിരുന്നു അവരുടെ നിലപാട്. അയാളുടെ ദ്രോഹം അത്ര കഠിനമായിരുന്നു.
മക്കാ വിജയ വേളയില്‍ പ്രവാചകന്‍ തന്റെ എതിരാളികളുടെ എല്ലാ തെറ്റുകുറ്റങ്ങള്‍ക്കും മാപ്പേകി. അവര്‍ ചെയ്ത കൊടുംക്രൂരതകളും അതിക്രമങ്ങളും മറക്കാനും പൊറുക്കാനും അനുയായികളോടാവശ്യപ്പെട്ടു. എന്നാല്‍ അപ്പോഴും മാപ്പര്‍ഹിക്കാത്ത ഏതാനും ചിലരെ മാറ്റിനിര്‍ത്തി. അവര്‍ വധാര്‍ഹരാണെന്ന് വിധിക്കപ്പെട്ടു. കഅ്ബ് അവരില്‍ ഒരാളായിരുന്നു.
തനിക്കിനി രക്ഷയില്ലെന്ന് മനസ്സിലാക്കിയ കഅ്ബ് വേഷപ്രച്ഛന്നനായി മദീനയിലെത്തി. ആരുംതന്നെ തിരിച്ചറിയാതിരിക്കാന്‍ ഏറെ ജാഗ്രത പുലര്‍ത്തി. പ്രവാചകന്റെ പള്ളിയിലെത്തിയ കഅ്ബ് അദ്ദേഹത്തെ അഭിവാദ്യം ചെയ്തു. നബി തിരുമേനിക്കു ചുറ്റും അവിടുത്തെ അനുചരന്മാരുണടായിരുന്നുവെങ്കിലും അവര്‍ക്കൊന്നും ആളെ മനസ്സിലായില്ല. പ്രവാചകനുമായി സംസാരിച്ചുകൊണടിരിക്കെ സ്വാഭാവികമെന്നപോലെ കഅ്ബ് ചോദിച്ചു: ‘ഖേദിച്ചും പശ്ചാത്തപിച്ചും അഭയംതേടി സുഹൈറിന്റെ മകന്‍ കഅ്ബ് അങ്ങയെ സമീപിച്ചാല്‍ അങ്ങ് അയാള്‍ക്ക് മാപ്പ് കൊടുക്കുമോ?’
‘തീര്‍ച്ചയായും.’ നബി തിരുമേനി പ്രതിവചിച്ചു. ഉടനെ ‘താനാണ് കഅ്ബുബ്‌നു സുഹൈര്‍’ എന്നു പറഞ്ഞ് അയാള്‍ സ്വയം പരിചയപ്പെടുത്തി. ഈ സംഭവത്തിനു സാക്ഷ്യംവഹിച്ച പ്രവാചകന്റെ അനുചരന്മാര്‍ക്കിത് സഹിക്കാവുന്നതിലപ്പുറമായിരുന്നു. അതേവരെ തങ്ങളുടെ കണ്ണില്‍ പൊടിയിട്ട് ഒളിച്ചുകഴിഞ്ഞ ശത്രുവാണ് മുന്നിലെന്നറിഞ്ഞ അവര്‍ അദ്ദേഹത്തിന്റെ കഥ കഴിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ നബി തിരുമേനി അതംഗീകരിച്ചില്ല. അവിടുന്ന് അയാള്‍ക്ക് നിരുപാധികം മാപ്പുകൊടുത്തു. ഇത് കഅ്ബിനെപ്പോലും വിസ്മയഭരിതനാക്കി. പ്രവാചകന്റെ ഹൃദയവിശാലതയില്‍ ആകൃഷ്ടനായ അയാള്‍ അത്യാകര്‍ഷകമായ കവിതയിലൂടെ തിരുസന്നിധിയില്‍ മാപ്പപേക്ഷ സമര്‍പ്പിച്ചു. തനിക്കേറെ പ്രിയപ്പെട്ട ആത്മസഖി ‘സുആദ’യുടെ വേര്‍പാടില്‍ വിരഹദുഃഖത്താല്‍ വിലപിച്ച്, വിദൂരതയില്‍ വിലയംപ്രാപിച്ച തന്റെ പ്രേമഭാജനവുമായുള്ള സംഗമ സ്വപ്നങ്ങളുടെ തുടക്കത്തോടെ കാല്‍പനികത മുറ്റിയ ശൈലിയിലാണ് കഅ്ബ് തന്റെ മാപ്പപേക്ഷ പ്രവാചക സന്നിധിയില്‍ സമര്‍പ്പിക്കുന്നത്.
‘സുആദ വിദൂരതയിലായി. എന്റെ ഹൃദയമിന്ന് തുടിച്ചുകൊണടിരിക്കുകയാണ്’ എന്നാരംഭിക്കുന്ന കവിത ആലപിച്ച് തീര്‍ന്നതോടെ അതീവ സന്തുഷ്ടനായ പ്രവാചകന്‍ തന്റെ ഉത്തരീയം കഅ്ബിനു സമ്മാനിച്ചു. ഹൃദയപൂര്‍വം അദ്ദേഹത്തെ അനുമോദിക്കുകയും ചെയ്തു. പതിനാലു നൂറ്റാണടുകള്‍ക്കു ശേഷമിന്നും ലോകമെങ്ങുമുള്ള വിശ്വാസികളുടെ നാവിന്‍തുമ്പുകളില്‍ കഅ്ബിന്റെ ആ കാവ്യശകലങ്ങള്‍ തത്തിക്കളിക്കുന്നു.

You may also like