കഥ & കവിത

കരാര്‍ തിരുത്തിയ തരുണി

Spread the love

ഉമ്മു കുല്‍സൂം ഉമവീ ഗോത്രക്കാരിയാണ്. ഉഖ്ബത്തിന്റെ പ്രിയ പുത്രി. വലീദിന്റെ ഇഷ്ട സഹോദരി. ഉമവികള്‍ പ്രവാചകന്റെ കൊടിയ ശത്രുക്കളായിരുന്നു. അദ്ദേഹത്തിന്റെ തലയെടുക്കാനവര്‍ പലവുരു പരിപാടിയിട്ടതാണ്. എല്ലാം വിഫലമാവുകയാണുണടായത്. അവസാനം പ്രവാചകനും അനുയായികളും മദീനയിലേക്ക് പലായനം ചെയ്തു. എന്നിട്ടും സ്വൈരം കൊടുത്തില്ല. പൊറുതി മുട്ടിക്കാന്‍ പരമാവധി ശ്രമിച്ചു.
ഉമ്മു കുല്‍സൂം അതീവ സുന്ദരിയാണ്. താരുണ്യം പൂത്തു നില്‍ക്കുന്ന പ്രായം. കാഴ്ചക്കാരില്‍ കൌതുകമുണര്‍ത്തുന്ന ശരീര ഘടന. ജനിച്ചതും വളര്‍ന്നതും സമ്പന്ന കുടുംബത്തില്‍. സുഖസൌകര്യങ്ങള്‍ വേണടുവോളമുണടായിരുന്നതിനാല്‍ അല്ലലും അലട്ടലും അറിഞ്ഞിരുന്നേയില്ല.
ഇസ്ലാം ഉമ്മു കുല്‍സൂമിനെയും കീഴ്‌പ്പെടുത്തി. സത്യവിശ്വാസം അവരുടെ മനസ്സിനെ അഗാധമായി സ്വാധീനിച്ചു. അതവരുടെ വികാര വിചാരങ്ങളില്‍ കത്തിപ്പടര്‍ന്നു. എന്നാല്‍ അവരുടെ ഇസ്ലാം സ്വീകരണ വിവരം ആരും അറിഞ്ഞിരുന്നില്ല. അത്രയേറെ രഹസ്യമായാണ് സന്മാര്‍ഗം സ്വീകരിച്ചത്. അതോടൊപ്പം തന്‍ഈമിലെ തറവാട്ടില്‍ താമസിച്ച് തന്റെ വിശ്വാസവും ആദര്‍ശവും സംരക്ഷിക്കാന്‍ സാധ്യമല്ലെന്ന് അവര്‍ക്കറിയാമായിരുന്നു. അതിനാല്‍ മദീനയില്‍ പ്രവാചകന്റെ ചാരത്തെത്താന്‍ അവരുടെ മനസ്സ് വെമ്പി. എന്നാല്‍ അതത്ര എളുപ്പമായിരുന്നില്ല. അറുനൂറു കിലോമീറ്റര്‍ ദൂരെയാണല്ലോ നബിതിരുമേനിയും അനുചരന്മാരും. സുന്ദരിയും അവിവാഹിതയുമായ ഒരു സ്ത്രീ തനിച്ച് ഇത്രയും ദൂരം യാത്ര ചെയ്ത് ലക്ഷ്യസ്ഥാനത്തെത്തുകയെന്നത് സങ്കല്‍പാതീതമായിരുന്നു. അതും ചുട്ടുപഴുത്ത മണലാരണ്യത്തിലൂടെ. സൂര്യനുദിച്ചുയരുന്നതോടെ മരുഭൂമി ചൂടുപിടിച്ചു തുടങ്ങും. മധ്യാഹ്നമാകുന്നതോടെ അത് തീക്കനലു പോലെയാകും. ഇടക്കിടെ ആഞ്ഞടിക്കുന്ന തീക്കാറ്റ് കരുത്തന്മാരുടെ ശരീരം പോലും കരിച്ചുകളയും. പിന്നെയുണേടാ പുരക്കകത്ത് കഴിഞ്ഞുകൂടിയ കുബേരപ്പെണ്ണിന്റെ പൂമേനി.
എന്നിട്ടും ഉമ്മുകുല്‍സൂം ആ സാഹസത്തിനൊരുങ്ങി. തന്റെ ഉറ്റവരും ഉടയവരുമറിയാതെ വീട്ടില്‍നിന്ന് ഇറങ്ങിത്തിരിച്ചു. മദീനയിലെത്താനുള്ള മനസ്സിന്റെ തിടുക്കത്തില്‍ മറ്റെല്ലാം മറക്കുകയായിരുന്നു. ആദര്‍ശ സഹോദരങ്ങളോടു ചെന്നുചേരുക എന്നതിലപ്പുറം മറ്റൊന്നും അവര്‍ ചിന്തിച്ചില്ല.
ആരും തുണയില്ലാത്തവര്‍ക്ക് ദൈവം തുണയെന്ന ആപ്തവാക്യം ഉമ്മുകുല്‍സൂമിന്റെ കാര്യത്തില്‍ പൂര്‍ണമായും യാഥാര്‍ഥ്യമായി പുലരുകയായിരുന്നു. അവര്‍ക്ക് അതീവ വിശ്വസ്തനും സംസ്‌കാര സമ്പന്നനുമായ ഒരു സഹയാത്രികനെ ലഭിച്ചു. ഖുദാഅ ഗോത്രക്കാരനെ. എന്നാല്‍ മദീനയില്‍ കടുത്ത പ്രതിസന്ധി അവരെ കാത്തിരിക്കുകയായിരുന്നു. നബി തിരുമേനി മക്കയിലെ ഖുറൈശികളുമായുണടാക്കിയ കരാറനുസരിച്ച്, ഇസ്ലാം സ്വീകരിച്ച് മക്കയില്‍നിന്ന് മദീനയിലെത്തുന്ന വിശ്വാസികളെ മക്കയിലേക്ക് തിരിച്ചയക്കേണടതുണടായിരുന്നു. ഉമ്മു കുല്‍സൂം തന്റെ ജീവിതാനുഭവങ്ങള്‍ വിവരിച്ചുകൊണടിരിക്കെ, നബി തിരുമേനിയുടെ മുഖത്ത് ദുഃഖം നിഴല്‍വിരിക്കാനുള്ള കാരണവും അതുതന്നെയായിരുന്നു. മക്കയില്‍നിന്ന് ഏറെ പ്രതീക്ഷയോടെ തന്നെ തേടിയെത്തിയ തരുണീമണിയുടെ സംസാരം പൂര്‍ത്തിയായതോടെ പ്രവാചകന്‍ നെടുനിശ്വാസത്തോടെ പറഞ്ഞു: ‘ഞാന്‍ നിസ്സഹായനാണ്. മക്കയിലെ അവിശ്വാസികളുമായുണടാക്കിയ സന്ധിവ്യവസ്ഥയനുസരിച്ച് അവിടെനിന്ന് മുസ്ലിമായി ഇവിടെ എത്തുന്നവരെയെല്ലാം അങ്ങോട്ടുതന്നെ തിരിച്ചയയ്ക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. കരാര്‍ ലംഘനം നമുക്കു പാടില്ലല്ലോ, തുടര്‍ന്ന്, അവിടുന്ന് അബൂജന്‍ദലിനെയും അബൂബസ്വീറിനെയും മറ്റും മടക്കിയയച്ച കഥ പറഞ്ഞുകൊടുത്തു. തിരുമേനി വല്ലാതെ വിതുമ്പുന്നുണടായിരുന്നു. കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.
ഉമ്മുകുല്‍സൂം ഇടിവെട്ടേറ്റപോലെ തരിച്ചുനിന്നു. അവരുടെ മനസ്സ് തളര്‍ന്നു. കൈകാലുകള്‍ കുഴഞ്ഞു. കാട്ടാളരുടെ കോട്ടകളില്‍നിന്ന് കാരുണ്യം തേടി കഷ്ടപ്പെട്ടെത്തിയ തന്നെ ആ രാക്ഷസന്മാര്‍ക്കുതന്നെ തിരിച്ചേല്‍പിക്കുകയോ? അതോര്‍ക്കാന്‍പോലും അവര്‍ക്ക് സാധ്യമായിരുന്നില്ല. അതുകൊണടുതന്നെ കണ്ണുകളില്‍ ഇരുട്ട് ഇരച്ചുകയറി. എങ്കിലും അല്ലാഹു തന്നെ രക്ഷിക്കുമെന്ന് അപ്പോഴും അവരുടെ മനസ്സ് മന്ത്രിച്ചുകൊണടിരുന്നു. അതിനാല്‍ നബി തിരുമേനിയോടു പറഞ്ഞു: ‘ദൈവദൂതരേ, കരുത്തരായ പുരുഷന്മാരും അബലകളായ ഞങ്ങളും ഒരുപോലെയല്ലല്ലോ. പുരുഷന്മാര്‍ക്ക് അവരുടെ ജീവനല്ലേ നഷ്ടപ്പെടാനുള്ളൂ. ഞങ്ങള്‍ സ്ത്രീകളുടെ സ്ഥിതി അതല്ലല്ലോ. അതിനാല്‍ ഞങ്ങളുടെ കാര്യത്തില്‍ അല്ലാഹു ഒരു പരിഹാരം കാണിച്ചുതരാതിരിക്കില്ല.’
ഉമ്മു കുല്‍സൂമിന്റെ പ്രത്യാശ അല്ലാഹു പൂര്‍ത്തീകരിച്ചു. നീറുന്ന മനസ്സിന് സമാധാനം സമ്മാനിച്ചു. പിടഞ്ഞുകൊണടിരുന്ന പ്രവാചക ഹൃദയം ശാന്തമായി. അല്ലാഹു അറിയിച്ചു: ‘സത്യവിശ്വാസികളേ, വിശ്വാസിനികളായ സ്ത്രീകള്‍ സ്വദേശം വെടിഞ്ഞ് പലായനം ചെയ്ത് നിങ്ങളുടെ അടുത്തെത്തിയാല്‍ അവര്‍ സത്യവതികളാണോയെന്ന് പരിശോധിച്ചു നോക്കുക. അവരുടെ വിശ്വാസത്തെക്കുറിച്ച് നന്നായറിയുന്നവന്‍ അല്ലാഹുവാണ്. അങ്ങനെ അവര്‍ വിശ്വാസിനികള്‍ തന്നെയാണെന്ന് ബോധ്യമായാല്‍ അവിശ്വാസികളുടെ അടുത്തേക്ക് നിങ്ങളവരെ തിരിച്ചയക്കരുത്. കാരണം സത്യവിശ്വാസിനികള്‍ നിഷേധികള്‍ക്ക് അനുവദനീയമല്ല. അവര്‍ ഇവര്‍ക്കും അനുവദനീയരല്ല.” (ഖുര്‍ആന്‍: 60:10)
 

You may also like