കഥ & കവിത

അദ്ദാസിന്റെ സന്മാര്‍ഗസ്വീകരണം

Spread the love

പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം ത്വാഇഫില്‍ അഭയം ലഭിക്കാതെ ആട്ടിയോടിക്കപ്പെട്ട പ്രവാചകന്‍ ഉത്ബയുടെയും ശൈബയുടെയും തോട്ടത്തില്‍ അഭയം തേടി. മനസ്സിനും ശരീരത്തിനും ഒരുപോലെ മുറിവേറ്റ പ്രവാചകന്‍ ഏറെ ക്ഷീണിതനായിരുന്നു. എങ്കിലും ഒട്ടും നിരാശനായിരുന്നില്ല. അവിടുന്ന് അല്ലാഹുവോടിങ്ങനെ പ്രാര്‍ഥിച്ചു: ‘നാഥാ, എന്റെ ദൌര്‍ബല്യത്തെയും കഴിവുകേടിനെയും ജനങ്ങള്‍ക്കിടയിലെ വിലക്കുറവിനെയും സംബന്ധിച്ച് എനിക്ക് നിന്നോടുമാത്രമേ പരാതിപ്പെടാനുള്ളൂ. നീ ദുര്‍ബലരുടെ രക്ഷകനാണ്. എന്റെ നാഥനും നീ തന്നെ. എന്നെ നീ ആര്‍ക്കാണ് ഏല്‍പിച്ചുകൊടുക്കുന്നത്? എന്നെ പരാജയപ്പെടുത്തുന്ന എതിരാളികള്‍ക്കോ; അതേപരിഹസിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്ന അപരിചിതര്‍ക്കോ? നിനക്ക് എന്നോട് വെറുപ്പില്ലെങ്കില്‍ മറ്റൊന്നും എനിക്ക് പ്രശ്‌നമല്ല. നിന്റെ പ്രീതിയാണെനിക്കാവശ്യം. നിന്റെ വെറുപ്പും കോപവും എന്നില്‍ വന്നുഭവിക്കുന്നതില്‍നിന്ന് ഞാനിതാ നിന്നിലഭയം തേടുന്നു. ഇരുളകറ്റി ഇഹപര ലോകങ്ങളെ പ്രശോഭിതമാക്കുന്ന നിന്റെ വദനശോഭയില്‍ ഞാനിതാ രക്ഷതേടുന്നു. നീ സംതൃപ്തനാകുംവരെ ആക്ഷേപിക്കാനും ശാസിക്കാനുമുള്ള അവകാശം നിനക്കുണടല്ലോ. സര്‍വ്വസ്തുതിയും സര്‍വ കഴിവുകളും നിനക്കു മാത്രം.’
പ്രവാചകന്റെ മുഖത്ത് വിശപ്പിന്റെയും ക്ഷീണത്തിന്റെയും അടയാളങ്ങള്‍ പ്രകടമായിരുന്നു. ഇതു കണട ഉത്ബക്കും ശൈബക്കും അലിവും അനുകമ്പയും തോന്നി. അവര്‍ ഇസ്ലാമിന്റെ കഠിന ശത്രുക്കളായിരുന്നുവെങ്കിലും പ്രവാചകനുമായുള്ള വ്യക്തിബന്ധം അറുത്തുമാറ്റിയിരുന്നില്ല. അതിനാലവര്‍ തങ്ങളുടെ ഭൃത്യന്‍ അദ്ദാസ് വശം തോട്ടത്തിലെ മുന്തിരി പറിച്ച് കൊടുത്തയച്ചു. നബി തിരുമേനി അതു വാങ്ങി തിന്നാനൊരുങ്ങവെ, ‘പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍’ എന്നര്‍ഥം വരുന്ന ‘ബിസ്മി’ ചൊല്ലി. ഇതുകേട്ട് അദ്ദാസ് ചോദിച്ചു: ‘ഇന്നാട്ടുകാരാരും പറയാത്ത വചനമാണല്ലോ ഇത്?’
അപ്പോള്‍ പ്രവാചകന്‍ ചോദിച്ചു: ‘നീ ഏതു നാട്ടുകാരനാണ്.’
‘നീനവൈഹിക്കാരന്‍’അദ്ദാസ് അറിയിച്ചു.
‘അപ്പോള്‍ എന്റെ സഹോദരന്‍ യൂനുസ് പുണ്യവാളന്റെ നാട്ടുകാരനാണല്ലോ?’ പ്രവാചകന്റെ ഈ ചോദ്യം കേട്ട് അമ്പരന്ന അദ്ദാസ് അന്വേഷിച്ചു: ‘താങ്കളെങ്ങനെയാണ് യൂനുസിനെ അറിയുന്നത്?!’
‘യൂനുസ് ദൈവദൂതനായിരുന്നുവല്ലോ. ഞാനും ദൈവദൂതനാണ്.’ പ്രവാചകന്‍ പ്രതിവചിച്ചു. അദ്ദാസിന്റെ സന്മാര്‍ഗ സ്വീകരണത്തോടെയാണ് ഈ സംഭാഷണത്തിന് വിരാമമുണടായത്.
 

You may also like