കഥ & കവിത

ഹിജ്‌റക്ക് പശ്ചാത്തലമൊരുക്കിയ പ്രതിജ്ഞ

Spread the love

പ്രവാചകന്റെ ഹിജ്‌റയോടെ മദീനയായി മാറിയ യഥ്രിബില്‍ നിന്ന് ഹജ്ജിനെത്തിയവരുമായി നബി തിരുമേനി ബന്ധം സ്ഥാപിച്ചു. അവര്‍ രണടു സ്ത്രീകളടക്കം എഴുപത്തി അഞ്ച് പേരായിരുന്നു. ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി രണടാം ദിവസം പാതിരാവില്‍ പരമ രഹസ്യമായി ‘അഖബ’യില്‍ ഒരുമിച്ചുകൂടാന്‍ പ്രവാചകന്‍ അവരോടാവശ്യപ്പെട്ടു. ബന്ധപ്പെട്ട ആളുകളല്ലാതെ ആരും വിവരമറിയരുതെന്ന് പ്രത്യേകം നിഷ്‌കര്‍ഷിച്ചു.
നേരത്തെ നിശ്ചയിച്ച പ്രകാരം അവര്‍ അഖബയിലെത്തി. പിതൃവ്യന്‍ അബ്ബാസിനോടൊപ്പം പ്രവാചകനും അവിടെയെത്തി അവരുമായി സന്ധിച്ചു. അപ്പോഴും അബ്ബാസ് മുസ്ലിമായിരുന്നില്ല. കുശലാന്വേഷണങ്ങള്‍ക്കുശേഷം അബ്ബാസ് പറഞ്ഞു:
‘അല്ലയോ ഖസ്‌റജ് ഗോത്രമേ, ഞങ്ങള്‍ക്കിടയില്‍ മുഹമ്മദിന്റെ സ്ഥിതിയും സ്ഥാനവും നിങ്ങള്‍ക്കറിയാമല്ലോ. അവനെ സംബന്ധിച്ച് ഞങ്ങളുടെ അഭിപ്രായം തന്നെയുള്ള ജനതയുടെ അക്രമത്തില്‍നിന്ന് ഇത്രയും കാലം ഞങ്ങളവനെ സംരക്ഷിച്ചു. സ്വന്തം ആള്‍ക്കാര്‍ക്കിടയിലും സ്വന്തം നാട്ടിലും അവന്‍ തീര്‍ത്തും നിര്‍ഭയനാണ്. പൂര്‍ണ സുരക്ഷിതനും. എന്നാല്‍ അവനിപ്പോള്‍ നിങ്ങളുടെ കൂടെ വന്നുചേരണമെന്ന് നിര്‍ബന്ധം കാണിക്കുന്നു. അവനോട് ചെയ്ത കരാര്‍ പാലിക്കാനും അവനു സംരക്ഷണം നല്‍കാനും നിങ്ങള്‍ സന്നദ്ധരും കഴിവുള്ളവരുമാണെങ്കില്‍ മാത്രം നിങ്ങള്‍ക്കവനെ സ്വീകരിക്കാം. മറിച്ച്, നിങ്ങളുടെ കൂടെ ചേര്‍ന്നശേഷം അവനെ കൈവിടാനും എതിരാളികള്‍ക്ക് ഏല്‍പിച്ചുകൊടുക്കാനുമാണ് പരിപാടിയെങ്കില്‍ അതിപ്പോള്‍ തന്നെ വ്യക്തമാക്കുന്നതും അവനെ വിട്ടേക്കുന്നതുമാണുത്തമം.’
അബ്ബാസിന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വം ശ്രവിച്ച യഥ്രിബുകാര്‍ പറഞ്ഞു: ‘താങ്കള്‍ പറഞ്ഞതൊക്കെ ഞങ്ങള്‍ കേട്ടു. അതിനാല്‍ അല്ലാഹുവിന്റെ ദൂതരേ, ഇനി താങ്കള്‍ പറയൂ! താങ്കള്‍ക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കൂ.”
നബി തിരുമേനി അവരുടെ വിശ്വാസവര്‍ധനവിന് സഹായകമായ ഏതാനും ഖുര്‍ആന്‍ വാക്യങ്ങള്‍ പാരായണം ചെയ്തു. തുടര്‍ന്ന് അവരോട് പറഞ്ഞു: ‘നിങ്ങളുടെ ഭാര്യമാരെയും മക്കളെയും നിങ്ങള്‍ സംരക്ഷിക്കുന്നപോലുള്ള സംരക്ഷണം നിങ്ങളില്‍നിന്ന് എനിക്കുണടാകണമെന്നാണ് ഞാനാഗ്രഹിക്കുന്നത്.’
‘അല്ലാഹുവിന്റെ ദൂതരേ, സത്യസന്ദേശവുമായി അങ്ങയെ നിയോഗിച്ചവനാണ് സത്യം. ഞങ്ങള്‍ അങ്ങയെ സംരക്ഷിക്കുമെന്ന് ഇതാ പ്രതിജ്ഞ ചെയ്യുന്നു. വാളിന്റെയും യുദ്ധത്തിന്റെയും മക്കളാണ് ഞങ്ങള്‍. തലമുറകള്‍ തലമുറകളില്‍നിന്ന് അനന്തരമെടുത്തതാണത്.’ യഥ്രിബുകാരിലെ പ്രമുഖനായ ബര്‍റാഉബ്‌നു മഅ്‌റൂര്‍ പറഞ്ഞു.
‘അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ യഹൂദരുമായി ചില കരാറുകള്‍ ചെയ്തിട്ടുണട്. ഞങ്ങളവയൊക്കെ ദുര്‍ബലമാക്കിയശേഷം അല്ലാഹു താങ്കള്‍ക്ക് വിജയം നല്‍കുകയും സ്വന്തം ജനത താങ്കളുടെ ദൌത്യം അംഗീകരിക്കുകയും ചെയ്താല്‍ അങ്ങ് ഞങ്ങളെ ഉപേക്ഷിച്ച് അവരിലേക്ക് തിരിച്ചുപോകുമോ?’ ബര്‍റാഇന്റെ സംസാരം അവസാനിക്കും മുമ്പെ അബുല്‍ഹൈഥം ചോദിച്ചു. ‘ഇല്ല, ഒരിക്കലുമില്ല. നിങ്ങളുടെ രക്തം എന്റെ രക്തമാണ്; നിങ്ങളുടെ നാശം എന്റെ നാശവും; നിങ്ങള്‍ എന്റേതും ഞാന്‍ നിങ്ങളുടേതുമാണ്. നിങ്ങള്‍ യുദ്ധം ചെയ്യുന്നവരോട് ഞാനും യുദ്ധം ചെയ്യും. സന്ധി ചെയ്യുന്നവരോട് സന്ധി ചെയ്യും.”
പ്രവാചകന്റെ ഈ വാക്കുകള്‍ യഥ്രിബുകാരെ ഹര്‍ഷപുളകിതരാക്കി. അവര്‍ പ്രതിജ്ഞക്കുസന്നദ്ധരായി മുന്നോട്ടുവന്നു. അപ്പോള്‍ അബ്ബാസുബ്‌നു ഉബാദ ഇടക്കുകയറി പറഞ്ഞു: ‘ഖസ്‌റജുകാരേ, ഈ മനുഷ്യനുമായി നിങ്ങള്‍ ചെയ്യാന്‍പോകുന്ന പ്രതിജ്ഞ ഏതുതരമാണെന്ന് ആലോചിച്ചിട്ടുണേടാ? ചുവന്നവരും കറുത്തവരുമായ എല്ലാ കരുത്തന്മാരോടും എതിരിടുമെന്ന കരാറാണ് നിങ്ങള്‍ ചെയ്യുന്നത്. നിങ്ങളുടെ സ്വത്തിന് നാശവും നേതാക്കള്‍ക്ക് ജീവഹാനിയും സംഭവിക്കുമ്പോള്‍ ഇദ്ദേഹത്തെ കയ്യൊഴിക്കാമെന്നാണ് കരുതുന്നതെങ്കില്‍ അതിപ്പോള്‍ തന്നെ തുറന്നുപറയുന്നതാണ് നല്ലത്. എന്നാല്‍ അറിയുക; അത് ഈ ലോകത്തും പരലോകത്തും നിന്ദ്യവും നീചവുമാണ്. സമ്പത്ത് നശിക്കുകയും നേതാക്കള്‍ വധിക്കപ്പെടുകയും ചെയ്താലും നിങ്ങള്‍ ചെയ്ത പ്രതിജ്ഞ പാലിക്കുമെന്ന് ഉറപ്പുണെടങ്കില്‍ മാത്രം അദ്ദേഹത്തെ സ്വീകരിച്ചുകൊള്ളുക.അല്ലാഹുവാണ് സാക്ഷി; ഇഹത്തിലും പരത്തിലും അതാണുത്തമം.’
‘സമ്പത്തിന്റെ നഷ്ടവും നേതാക്കളുടെ മരണവും ഞങ്ങള്‍ക്കു പ്രശ്‌നമല്ല. തീര്‍ച്ചയായും ഞങ്ങള്‍ അദ്ദേഹത്തെ സ്വീകരിക്കും. അല്ലാഹുവിന്റെ ദൂതരേ, ഈ പ്രതിജ്ഞ പാലിച്ചാല്‍ ഞങ്ങള്‍ക്കെന്താണ് കിട്ടുക?” അവര്‍ ഏകസ്വരത്തില്‍ അന്വേഷിച്ചു.
‘സ്വര്‍ഗം!’ പ്രവാചകന്‍ പ്രതിവചിച്ചു.
ഇതു കേട്ടതോടെ അവര്‍ കൈകള്‍ നീട്ടി. നബി തിരുമേനിയും. അങ്ങനെ പ്രതിജ്ഞ പൂര്‍ത്തിയായതോടെ പ്രവാചകന്‍ പറഞ്ഞു: ‘സ്വന്തം ജനതയുടെ കര്‍മങ്ങള്‍ക്കുത്തരവാദികള്‍ നിങ്ങള്‍ തന്നെയായിരിക്കും. മര്‍യമിന്റെ മകന്‍ ഈസായുടെ ശിഷ്യന്മാര്‍ ഉത്തരവാദികളായതുപോലെത്തന്നെ. എന്റെ ജനതയുടെ ഉത്തരവാദിത്വം ഞാനേറ്റെടുക്കുന്നു.’
‘സുഖത്തിലും ദുഃഖത്തിലും സൌഭാഗ്യത്തിലും നിര്‍ഭാഗ്യത്തിലും കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുമെന്ന് ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു. ഞങ്ങള്‍ എവിടെയായിരുന്നാലും സത്യം മാത്രമേ പറയൂ എന്നും അല്ലാഹുവിന്റെ കാര്യത്തില്‍ ഒരാക്ഷേപകന്റെയും ആക്ഷേപത്തെ പേടിക്കുകയില്ലെന്നും ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു”അവര്‍ ഒന്നടങ്കം പ്രത്യുത്തരം നല്‍കി.
ഇതോടെ പ്രവാചകന്റെയും അനുയായികളുടെയും ഹിജ്‌റക്ക് പശ്ചാത്തലമൊരുക്കിയ രണടാം അഖബാ ഉടമ്പടി നിലവില്‍ വന്നു.

You may also like