കഥ & കവിത

സ്വര്‍ഗം മാതാവിന്റെ കാല്‍ക്കീഴില്‍

Spread the love

അല്‍ഖമ അറിയപ്പെടുന്ന പ്രവാചക ശിഷ്യന്‍. ഭക്തനും വിശുദ്ധനുമാണ്. ദയാലുവും ധീരനുമാണ്. അദ്ദേഹം രോഗത്തിനടിപ്പെട്ട് കിടപ്പിലായി. രോഗം മാരകമായി മാറിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രിയതമ പ്രവാചകന്റെയടുത്തുവന്ന് അദ്ദേഹത്തെ അനുഗ്രഹിക്കാന്‍ അല്ലാഹുവോട് പ്രാര്‍ഥിക്കണമെന്നാവശ്യപ്പെട്ടു. ബിലാലുബ്‌നു റബാഹ്, അലിയ്യുബ്‌നു അബീത്വാലിബ്, ഉമറുല്‍ഫാറൂഖ് എന്നിവരെ നബിതിരുമേനി അല്‍ഖമയുടെ വിവരങ്ങളന്വേഷിച്ചുവരാന്‍ അദ്ദേഹത്തിന്റെ അടുത്തേക്കയച്ചു. അവര്‍ അല്‍ഖമയെ ശുശ്രൂഷിക്കുകയും വേണടവിധം പരിചരിക്കുകയും ചെയ്തു. ആസന്നമരണനായ അദ്ദേഹത്തിന് അവര്‍ വിശുദ്ധ വചനം ചൊല്ലിക്കൊടുത്തു. പക്ഷേ, അതേറ്റുപറയാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഈ വിവരം ബിലാല്‍ പ്രവാചകനെ ധരിപ്പിച്ചു.
അല്‍ഖമയെക്കുറിച്ച് അറിയാമായിരുന്ന പ്രവാചകന്‍ ചോദിച്ചു: ‘അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണേടാ?’
‘പിതാവ് നേരത്തെ പരലോകം പ്രാപിച്ചിട്ടുണട്. വൃദ്ധയായ മാതാവ് അദ്ദേഹത്തോടൊപ്പമുണട്’ ബിലാല്‍ അറിയിച്ചു.
‘അദ്ദേഹത്തിന്റെ മാതാവിനെ സമീപിച്ച് എന്റെ അഭിവാദ്യങ്ങളറിയിക്കുക. കഴിയുമെങ്കില്‍ ഇവിടെ എന്റെ അടുത്ത് വരാനും പറയുക. അല്ലെങ്കില്‍ ഞാന്‍ അങ്ങോട്ടു ചെല്ലാം’ പ്രവാചകന്‍ ബിലാലിനോടു പറഞ്ഞു.
അങ്ങനെ ആ വൃദ്ധ നബി തിരുമേനിയുടെ സന്നിധിയിലെത്തി. അപ്പോള്‍ അവിടുന്ന് അവരെ ആദരപൂര്‍വം സ്വീകരിച്ചു. പിന്നീട് അല്‍ഖമയുടെ പെരുമാറ്റത്തെപ്പറ്റി അന്വേഷിച്ചു. അപ്പോള്‍ ആ വൃദ്ധമാതാവ് പറഞ്ഞു: ‘എന്റെ മകന്‍ അല്‍ഖമ അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുന്നവനാണ്. അവന്റെ കല്‍പനകള്‍ ധിക്കരിക്കാറില്ല. നല്ല ഭക്തനാണ്. എന്നാല്‍, എന്നോടുള്ള സ്വഭാവവും പെരുമാറ്റവും വളരെ മോശമാണ്. അതിലെനിക്ക് അവനോട് വെറുപ്പുണട്. പലപ്പോഴും അവന്‍ എന്നെ അവന്റെ ഭാര്യയുടെ മുമ്പില്‍വെച്ച് അവഹേളിക്കുന്നു. അങ്ങനെ എനിക്ക് അവളുടെ ആജ്ഞകളനുസരിച്ച് കഴിയേണടിവരുന്നു.’
ഇതുകേട്ട് പ്രവാചകന്‍ പറഞ്ഞു: ‘അതുതന്നെയാണ് അല്‍ഖമയുടെ നാവ് വിശുദ്ധ വചനമുരുവിടാന്‍ വഴങ്ങാത്തത്.’ തുടര്‍ന്ന് അവിടുന്ന് അല്‍ഖമയെ അഗ്‌നികുണ്ഡത്തിലെറിയാന്‍ വിറകു കൊണടുവരാന്‍ ബിലാലിനോടാവശ്യപ്പെട്ടു.
ഇതുകേട്ട് ആ വൃദ്ധ ഉറക്കെ വിളിച്ചുചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, എന്റെ മുമ്പില്‍വെച്ച് അങ്ങ് എങ്ങനെയാണ് എന്റെ മകനെ തീയിലിട്ട് കരിക്കുക? എനിക്കതെങ്ങനെ സഹിക്കാനാവും?’
‘അല്ലാഹുവിന്റെ ശിക്ഷ ഇതിലും കഠിനമല്ലേ? സാധ്യമെങ്കില്‍ അവന് മാപ്പുനല്‍കുക. അല്ലെങ്കില്‍ അവന്റെ ആരാധനകളുള്‍പ്പെടെ എല്ലാ സല്‍ക്കര്‍മങ്ങളും പാഴായിപ്പോകും. അവയൊന്നും ശിക്ഷയില്‍നിന്ന് രക്ഷപ്പെടാന്‍ ഉപകരിക്കുകയില്ല.’
ഇതുകേട്ട് ആ മാതാവ് മകന് മാപ്പുനല്‍കി. നബി തിരുമേനി ബിലാലിനെ വീണടും അല്‍ഖമയുടെ അടുത്തേക്കയച്ചു. അപ്പോള്‍ അല്‍ഖമ വളരെ വ്യക്തമായി വിശുദ്ധ വചനം ഉരുവിടുന്നുണടായിരുന്നു. അങ്ങനെ പ്രാര്‍ഥനയിലായിരിക്കെത്തന്നെ അദ്ദേഹം പരലോകം പ്രാപിച്ചു. പ്രവാചകന്‍ തന്നെ അദ്ദേഹത്തിന്റെ മരണാനന്തര കര്‍മങ്ങള്‍ക്കും പ്രാര്‍ഥനക്കും നേതൃത്വം നല്‍കി.
മാതാവിന്റെ കാല്‍ക്കീഴിലാണ് സ്വര്‍ഗമെന്ന പ്രവാചകവചനത്തെ സാക്ഷ്യപ്പെടുത്തുന്നതായിരുന്നു അല്‍ഖമയുടെ ഈ അനുഭവം.

You may also like