
‘ഈ മലയുടെ മറുഭാഗത്ത് നിങ്ങളെ ആക്രമിക്കാന്‍ സൈന്യം താവളമടിച്ചിട്ടുണെടന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങളത് വിശ്വസിക്കുമോ?” മക്കയിലെ സ്വഫാമലയുടെ മുകളില്‍ കയറിനിന്ന് നബി തിരുമേനി ചോദിച്ചു. അദ്ദേഹത്തിന്റെ മുമ്പില്‍ തന്റെ ഗോത്രക്കാരായ ഖുറൈശികള്‍ കൂടിനില്‍ക്കുന്നുണടായിരുന്നു. അദ്ദേഹം അവരെ വിളിച്ചുവരുത്തിയതായിരുന്നു.
‘തീര്‍ച്ചയായും നിന്നെ വിശ്വസിക്കാതിരിക്കാന്‍ ഞങ്ങളൊരുകാരണവും കാണുന്നില്ല. നീ ഇന്നോളം കള്ളം പറഞ്ഞതായി ഞങ്ങള്‍ക്ക് അനുഭവമില്ല.” അവിടെക്കൂടിയവര്‍ ഏകസ്വരത്തില്‍ പറഞ്ഞു. മറിച്ചൊരു നിലപാടെടുക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. സത്യവിരുദ്ധമോ വിശ്വസ്തതക്ക് ചേരാത്തതോ ആയി ഒന്നും അദ്ദേഹം ചെയ്തതോ പറഞ്ഞതോ ആയി, അദ്ദേഹത്തെ അടുത്തറിയുന്ന ആര്‍ക്കും ആരോപിക്കാനാവില്ല. ‘വിശ്വസ്തന്‍’ എന്നര്‍ഥം വരുന്ന ‘അല്‍അമീന്‍’ എന്ന അപരനാമത്തിലാണല്ലോ അദ്ദേഹം അറിയപ്പെട്ടിരുന്നത്.
തന്റെ വിശ്വസ്തത കേള്‍വിക്കാരെക്കൊണട് അംഗീകരിപ്പിച്ച ശേഷം പ്രവാചകന്‍ പറഞ്ഞു: ‘കൊടിയ ശിക്ഷയെക്കുറിച്ച് താക്കീത് നല്‍കുന്നവനാണ് ഞാന്‍. എന്റെ അടുത്ത ബന്ധുക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുവാന്‍ അല്ലാഹു എന്നോട് കല്‍പിച്ചിരിക്കുന്നു. അതിനാല്‍, അല്ലാഹുവല്ലാതെ ദൈവമില്ലെന്ന് നിങ്ങള്‍ പ്രഖ്യാപിക്കുക. നിങ്ങളങ്ങനെ ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ഈ ലോകത്ത് എന്തെങ്കിലും നേട്ടമോ പരലോകവിജയമോ ഉറപ്പു നല്‍കാന്‍ എനിക്കു സാധ്യമല്ല.’
ഇതു കേട്ടപ്പോഴേക്കും പ്രവാചകന്റെ പിതൃവ്യന്‍ അബൂലഹബ് അത്യധികം പ്രകോപിതനായി. കോപാധിക്യത്താല്‍ അയാള്‍ അലറി:” നിനക്കു നാശം! ഇതു പറയാനാണോ നീ ഞങ്ങളെ ഇവിടെ ഒരുമിച്ചുകൂട്ടിയത്!”
അങ്ങനെ പരസ്യപ്രബോധനത്തിനുളള പ്രവാചകന്റെ പ്രഥമശ്രമം പിതൃവ്യന്‍ തന്നെ പരാജയപ്പെടുത്തി. എങ്കിലും ഒട്ടും നിരാശനാവാതെ നബി തിരുമേനി തന്റെ നിയോഗം തുടര്‍ന്നും നിര്‍വഹിച്ചുകൊണടിരുന്നു.