
പ്രവാചകനിയോഗത്തിനുമുമ്പ് അറേബ്യന്‍ സമൂഹം സ്ത്രീകള്‍ക്ക് ഒട്ടും പരിഗണന നല്‍കിയിരുന്നില്ല. പ്രധാന പ്രശ്‌നങ്ങളിലൊന്നും അവരുമായി കൂടിയാലോചിച്ചിരുന്നില്ല. അവരുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്നതും അനുസരിക്കുന്നതും അപകടം വരുത്തിവെക്കുമെന്ന് വിശ്വസിക്കുകയും ചെയ്തിരുന്നു.
ഇസ്ലാം ഈ അവസ്ഥക്ക് പൂര്‍ണമായ മാറ്റം വരുത്തി. അത് സ്ത്രീകള്‍ക്ക് ഉയര്‍ന്ന പദവിയും മാന്യമായ സ്ഥാനവും നല്‍കി. കുടുംബിനികളുമായി കൂടിയാലോചിക്കുന്ന സമ്പ്രദായം നടപ്പാക്കി. പ്രഥമഘട്ടത്തില്‍ പ്രവാചകന്‍ തന്നെയാണ് ഇതൊക്കെയും പ്രയോഗവത്കരിച്ചത്. അപ്പോള്‍ ഈ സദ്ഗുണം സമൂഹത്തില്‍ സാര്‍വത്രികമായിരുന്നില്ല.
അതിനാല്‍ ഉമറുല്‍ഫാറൂഖിന്റെ ഭാര്യ അദ്ദേഹത്തോട് ‘താങ്കള്‍ക്ക് ഇങ്ങനെ ചെയ്തുകൂടേ’ എന്ന് ചോദിച്ചപ്പോള്‍ കോപത്തോടെ അദ്ദേഹം പറഞ്ഞു: ‘ഞാന്‍ എന്തു ചെയ്യണമെന്ന് നീ തീരുമാനിക്കേണട. എന്റെ പ്രവര്‍ത്തനങ്ങളിലിടപെടുകയും വേണട.’
ഇതുകേട്ട ഉമറുല്‍ഫാറൂഖിന്റെ ഭാര്യ പറഞ്ഞു: ‘ഇബ്‌നുല്‍ ഖത്താബ്, താങ്കളുടെ കാര്യം അദ്ഭുതംതന്നെ. താങ്കളെ വിമര്‍ശിക്കാന്‍ എന്നെ തീരേ അനുവദിക്കുന്നേയില്ല. എന്നാല്‍ താങ്കളുടെ മകള്‍ ഹഫ്‌സ അവളുടെ ഭര്‍ത്താവായ നബി തിരുമേനിയെ കുറ്റപ്പെടുത്താറുണട്.’
ഇതുകേട്ട ഉമറുല്‍ഫാറൂഖ് നേരെ മകളുടെ അടുത്തേക്ക് പോയി. എന്നിട്ട് അവളോടു ചോദിച്ചു. ‘മോളേ, നബി തിരുമേനിക്ക് കോപം വരുമാറ് നീ അദ്ദേഹത്തെ കുറ്റപ്പെടുത്താറുണേടാ?’
‘സത്യമായും ഞങ്ങള്‍ അദ്ദേഹത്തെ വിമര്‍ശിക്കാറുണട്’ ഹഫ്‌സ അറിയിച്ചു.
‘എന്നാല്‍ അല്ലാഹുവിന്റെ ശിക്ഷയും പ്രവാചകന്റെ കോപവും സൂക്ഷിച്ചുകൊള്ളുക’ ഉമറുല്‍ഫാറൂഖ് മകളെ ശാസിച്ചു.
തുടര്‍ന്ന് അദ്ദേഹത്തിന്റെ ബന്ധുവും പ്രവാചക പത്‌നിയുമായ ഉമ്മുസലമയുടെ അടുത്തുചെന്നു. നബി തിരുമേനിയോടുള്ള സമീപനത്തെ സംബന്ധിച്ച് അവരോടും സംസാരിച്ചു. അപ്പോള്‍ ഉമ്മുസലമ പറഞ്ഞു: ‘ഖത്താബിന്റെ മകനേ, താങ്കളുടെ കാര്യം വളരെ വിചിത്രം തന്നെ. എല്ലാ കാര്യത്തിലും ഇടപെട്ടു. ഇപ്പോള്‍ പ്രവാചകനും അദ്ദേഹത്തിന്റെ പത്‌നിമാരും തമ്മിലുള്ള കാര്യത്തിലും ഇടപെടാനാണോ ഭാവം?’
ഉമറുല്‍ഫാറൂഖിന് തന്റെ അബദ്ധം ബോധ്യമായി. ഒരക്ഷരം ഉരിയാടാതെ അദ്ദേഹം സ്ഥലംവിട്ടു.