കഥ & കവിത

സാമ്പത്തിക വിശുദ്ധി

Spread the love

പ്രവാചകന്റെ കാലത്ത് സകാത്ത് ശേഖരിക്കാന്‍ ഏല്‍പിക്കപ്പെട്ടവരിലൊരാളാണ് ഉബയ്യുബ്‌നു കഅ്ബ്. സകാത്ത് കണക്കാക്കാനും ശേഖരിക്കാനുമായി പുറപ്പെട്ട അദ്ദേഹം കന്നുകാലികളെ വളര്‍ത്തി ജീവിതംനയിക്കുന്ന ഒരു ഗ്രാമീണനെ സമീപിച്ചു. അയാള്‍ തന്റെ ഒട്ടകങ്ങളെയും ആടുകളെയും ഉബയ്യിന് കാണിച്ചുകൊടുത്തു. എല്ലാം പരിശോധിച്ച് കണക്കുനോക്കിയ ഉബയ്യ് അയാളോടു പറഞ്ഞു: ‘ഒരൊട്ടകക്കുട്ടിയെ മാത്രമേ താങ്കള്‍ സകാത്തായി നല്‍കേണടതുള്ളൂ.’
‘താങ്കള്‍ കാണിച്ചുതന്ന ഒട്ടകം ചരക്കുകയറ്റാനോ യാത്ര ചെയ്യാനോ പറ്റുകയില്ല. അതിനാല്‍ ഇതാ, തടിച്ചുകൊഴുത്ത മുന്തിയ ഒട്ടകം. താങ്കളിത് സ്വീകരിച്ചുകൊള്ളുക’അയാള്‍ ആവശ്യപ്പെട്ടു.
‘ഇല്ല. ഞാനത് എടുക്കുകയില്ല. എന്നോട് നബി തിരുമേനി കല്‍പിച്ചതിനപ്പുറം ഞാന്‍ ചെയ്യുകയില്ല’ഉബയ്യ് അറിയിച്ചു.
ഇത് അയാളെ വളരെയേറെ പ്രയാസപ്പെടുത്തി. താന്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത ഒട്ടകവുമായി അയാള്‍ പ്രവാചകനെ സമീപിച്ചു. നബി തിരുമേനിയെ കണടയുടനെ അഭിവാദ്യം ചെയ്തു. തുടര്‍ന്നിങ്ങനെ പറഞ്ഞു: ‘ദൈവദൂതരേ, സകാത്ത് ശേഖരിക്കാന്‍ താങ്കളുടെ പ്രതിനിധി എന്റെ അടുത്ത് വന്നിരുന്നു. ഇതിനുമുമ്പ് അങ്ങയുടെ പ്രതിനിധികളാരും എന്നെ സമീപിക്കുകയോ സകാത്ത് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. അതിനാല്‍, ഞാനെന്റെ സ്വത്തൊക്കെയും അയാള്‍ക്ക് കാണിച്ചുകൊടുത്തു. എല്ലാം പരിശോധിച്ചു നോക്കിയശേഷം ഒരൊട്ടകക്കുട്ടിയെ മാത്രമേ ഞാന്‍ സകാത്തായി നല്‍കേണടതുളളൂ എന്നാണ് അദ്ദേഹം പറയുന്നത്. അതാണെങ്കില്‍ നന്നേ ചെറുതാണ്. ഭാരം ചുമക്കാന്‍ അതിന് കഴിയില്ല. യാത്രചെയ്യാനും അത് പറ്റുകയില്ല. ഞാന്‍ തടിച്ചുകൊഴുത്ത നല്ല ഒരൊട്ടകത്തെ കാണിച്ചുകൊടുത്ത്, അത് എടുക്കാനാവശ്യപ്പെട്ടെങ്കിലും അദ്ദേഹമത് അംഗീകരിച്ചില്ല. അതിനാലാണ് ഞാന്‍ ഒട്ടകവുമായി ഇങ്ങോട്ട് വന്നത്. അങ്ങ് എന്നില്‍നിന്നിത് സ്വീകരിച്ചാലും.’
തീര്‍ത്തും അസാധാരണമായ ഈ സമീപനത്തിലെ ഉദാരതയും ദൈവഭക്തിയും പ്രവാചകനെ ആഹ്‌ളാദഭരിതനാക്കി. അദ്ദേഹം പറഞ്ഞു: ‘താങ്കള്‍ക്ക് ഇഷ്ടംപോലെ ചെയ്യാം. നിര്‍ബന്ധമായി നല്‍കേണടത് എന്റെ പ്രതിനിധി താങ്കളില്‍നിന്ന് സ്വീകരിച്ചിരിക്കുന്നു. എന്നാല്‍, കൂടുതല്‍ നന്മചെയ്യാന്‍ താങ്കളുദ്ദേശിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അല്ലാഹു കൂടുതല്‍ പ്രതിഫലം നല്‍കും.’
ആ ഗ്രാമീണന്‍ താന്‍ കൊണടുവന്ന വിലപിടിപ്പുള്ള ഒട്ടകത്തെ പ്രവാചകനെ ഏല്‍പിച്ചു. അവിടുന്ന് അത് ഏറ്റുവാങ്ങി പൊതുമുതലില്‍ ചേര്‍ത്തു. തുടര്‍ന്ന് അദ്ദേഹത്തിന്റെ വിജയത്തിനും നന്മക്കുമായി അല്ലാഹുവോട് പ്രാര്‍ഥിക്കുകയും ചെയ്തു.
 

You may also like