‘ആരാണത്?’ വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ട് ഖദീജ ചോദിച്ചു. തന്റെ പ്രിയതമന്‍ ‘ഹിറാ’ഗുഹയില്‍ പോയാല്‍ പതിവായി തിരിച്ചെത്താറുള്ള സമയമായിട്ടില്ല. അതിനാലാണ് അവര്‍ക്ക് അങ്ങനെ ചോദിക്കേണടിവന്നത്.
അടുത്ത കാലത്തായി ഭര്‍ത്താവിലുണടായ മാറ്റം ഖദീജ ശ്രദ്ധിച്ചിരുന്നു. മുമ്പെന്നത്തെക്കാളുമേറെ ഏകാന്തജീവിതത്തോട് ആഭിമുഖ്യം വര്‍ധിച്ചതും ആള്‍ക്കൂട്ടത്തില്‍നിന്ന് അകന്നുകഴിയാന്‍ തുടങ്ങിയതും അവരില്‍ താല്‍പര്യമുണര്‍ത്തിയിരുന്നു. വീട്ടില്‍നിന്ന് ഹിറാഗുഹയിലേക്ക് പോകുമ്പോള്‍ ഭക്ഷണപ്പൊതി തയ്യാറാക്കിക്കൊടുത്തിരുന്നതും അവര്‍ തന്നെയാണ്.
‘ഇതു ഞാനാണ്, ഖാസിമിന്റെ ഉപ്പ. വാതില്‍ തുറക്കൂ. വേഗമാകട്ടെ.’
പ്രിയതമന്റെ ശബ്ദത്തിലെ ഇടര്‍ച്ചയും പതര്‍ച്ചയും ഖദീജ ശ്രദ്ധിച്ചു. അതുകൊണടുതന്നെ അവര്‍ ഓടിച്ചെന്ന് വാതില്‍ തുറന്നുകൊടുത്തു. ഉടന്‍തന്നെ അദ്ദേഹം അകത്ത് പ്രവേശിച്ചു. മുഖത്ത് അമ്പരപ്പിന്റെ അടയാളം. കണ്ണുകളില്‍ തീക്ഷ്ണഭാവം.
പ്രിയതമനെ പരിഭ്രാന്തനാക്കിയതെന്തെന്നറിയാനുള്ള ഉല്‍ക്കടമായ തിടുക്കത്തോടെ അവര്‍ ചോദിച്ചു: ‘അബുല്‍ ഖാസിം, അങ്ങേക്ക് എന്തു പറ്റി?’
സഹധര്‍മിണിയുടെ സ്‌നേഹനിര്‍ഭരവും ഉദ്വേഗപൂര്‍ണവുമായ ചോദ്യത്തിന് പെട്ടെന്ന് ഉത്തരം പറയാന്‍ പ്രവാചകന് സാധിച്ചില്ല. ഹിറാഗുഹയില്‍നിന്നുണടായ അനുഭവത്തിന്റെ ഞെട്ടല്‍ പെട്ടെന്നൊന്നും വിട്ടുമാറുന്നതായിരുന്നില്ല. എങ്കിലും ഏറെ പണിപ്പെട്ട് സംഭവിച്ചതെല്ലാം വിശദീകരിച്ചു. ഗുഹയിലായിരിക്കെ മലക്ക് ജിബ്രീല്‍ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടതും തന്നോട് വായിക്കാന്‍ ആവശ്യപ്പെട്ടതും അതിനു താന്‍ നല്‍കിയ മറുപടിയും പ്രിയതമയെ കേള്‍പ്പിച്ചു. തുടര്‍ന്നു മലക്ക് വായിച്ചുകൊടുത്ത കാര്യവും അവരുടെ ശ്രദ്ധയില്‍ പെടുത്തി. എല്ലാം അതീവ ശ്രദ്ധയോടെ കേട്ടുകൊണടിരുന്ന ഖദീജ ശാന്തസ്വരത്തില്‍ പറഞ്ഞു:
‘പ്രിയപ്പെട്ടവനേ, സന്തോഷിച്ചു കൊള്ളുക. ദൃഢമാനസനാവുക. അങ്ങയുടെ ആത്മാവ് ആരുടെ കൈയിലാണോ അവന്‍ സാക്ഷി! അങ്ങ് ഈ ജനത്തിന്റെ പ്രവാചകനായിത്തീരുമെന്ന് തീര്‍ച്ചയായും ഞാന്‍ പ്രതീക്ഷിക്കുന്നു. അല്ലാഹു ഒരിക്കലും അങ്ങയെ അപമാനിക്കുകയില്ല. കഷ്ടപ്പെടുത്തുകയുമില്ല. അങ്ങ് കുടുംബബന്ധം ചേര്‍ക്കുന്നു. സത്യം മാത്രം പറയുന്നു; അശരണരെ സഹായിക്കുന്നു; അതിഥികളെ സല്‍ക്കരിക്കുന്നു; സത്യത്തിന്റെ വിജയത്തിനായി പണിയെടുക്കുന്നു. ഒരു തെറ്റും ചെയ്യുന്നില്ല. എല്ലാം നല്ലതിനായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്.’
കഥ & കവിത