തമീം ഗോത്രക്കാര്‍ പ്രവാചകനോട് സംവാദം നടത്താന്‍ ഒരു സംഘത്തെ മദീനയിലേക്കയച്ചു. തര്‍ക്കിച്ചു തോല്‍പിക്കാമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍. പട്ടണത്തിലെത്തിയ സംഘം പള്ളിയില്‍ പ്രവേശിച്ചു. അപ്പോള്‍ നബി തിരുമേനി തന്റെ വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. അതിനാലവര്‍ വീട്ടിന്റെ അടുത്തുചെന്ന് വിളിച്ചുപറഞ്ഞു: ‘മുഹമ്മദ്; ഇങ്ങിറങ്ങിവരൂ.’
മര്യാദയില്ലാത്ത ഈ പെരുമാറ്റം പ്രവാചകന് ഇഷ്ടപ്പെട്ടില്ല. എന്നിട്ടും അവിടുന്ന് വീട്ടില്‍നിന്ന് പുറത്തിറങ്ങി അവരുടെ അടുത്തേക്കുചെന്നു. അതോടെ അവര്‍ മുസ്ലിംകളെ സംബന്ധിച്ച് കുറെ പരാതി പറഞ്ഞു. അതോടൊപ്പം മുസ്ലിംകള്‍ക്ക് പലപ്പോഴും പലവിധ സഹായവും ചെയ്തുകൊടുത്തതായി അവകാശപ്പെടുകയും ചെയ്തു. തുടര്‍ന്നിങ്ങനെ പറഞ്ഞു: ‘സംവാദത്തിനാണ് ഞങ്ങള്‍ വന്നിരിക്കുന്നത്. അതിനാല്‍ ഞങ്ങള്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കുക.’
പ്രവാചകന്‍ അവര്‍ക്ക് അനുമതി നല്‍കി. അതോടെ അവരിലെ പ്രഗത്ഭ വാഗ്മി ഉത്വാരിദുബ്‌നു ഹാജിബ് എഴുന്നേറ്റുനിന്നു. അയാള്‍ തന്റെ കഴിവ് പരമാവധി ഉപയോഗപ്പെടുത്തി പ്രസംഗിച്ചു. അതവസാനിച്ചപ്പോള്‍ നബി തിരുമേനി സാബിതുബ്‌നു ഖൈസിനോട് അയാള്‍ക്ക് മറുപടി നല്‍കാനാവശ്യപ്പെട്ടു. അദ്ദേഹം ഖുര്‍ആന്‍ വാക്യങ്ങളുദ്ധരിച്ച് സമര്‍ഥമായി സംസാരിച്ചു.
പിന്നീട് തമീം ഗോത്രത്തിലെ കവി സിബ്രിഖാന്‍ ഇബ്‌നുബദര്‍ എഴുന്നേറ്റുനിന്നു കവിത ചൊല്ലി. പ്രവാചക നിര്‍ദേശമനുസരിച്ച് ഹസ്സാനുബ്‌നു സാബിത് അതിന് കവിതയിലൂടെതന്നെ മറുപടി നല്‍കി. ഇത് ശ്രോതാക്കളെ ആശ്ചര്യഭരിതരാക്കി. അതോടെ തമീം ഗോത്രക്കാരുടെ പ്രതിനിധിസംഘത്തിലെ പ്രമുഖനായ അഖ്‌റതുബ്‌നുഹാബിസ് എഴുന്നേറ്റുനിന്ന് പറഞ്ഞു: ‘എന്റെ പിതാവാണ് സത്യം. ഈ മനുഷ്യന്റെ വശമുള്ളത് അപാരംതന്നെ; അത്യന്തം അത്ഭുതമുളവാക്കുന്നതും. അദ്ദേഹത്തിന്റെ വാഗ്മി നമ്മുടെ വാഗ്മിയെക്കാള്‍ വളരെ മികച്ചവനാണ്. അദ്ദേഹത്തിന്റെ കവി നമ്മുടെ കവിയെ കടത്തിവെട്ടുന്നവനും. അവരുടെ സ്വരം നമ്മുടെ സ്വരത്തെക്കാള്‍ ഉജ്ജ്വലം തന്നെ.’
അങ്ങനെ അദ്ദേഹം പരാജയം സമ്മതിച്ച് പ്രവാചകന്റെ പാത പിന്തുടര്‍ന്നു. അതോടെ സംഘാംഗങ്ങളെല്ലാം അതേ മാര്‍ഗമവലംബിച്ചു. സംവാദത്തിനു വന്നവര്‍ സന്മാര്‍ഗം സ്വീകരിച്ച് സംതൃപ്തരായി മടങ്ങി.
കഥ & കവിത