കഥ & കവിത

ഷാസിന്റെ കുതന്ത്രവും പ്രവാചകന്റെ പ്രതിരോധവും

Spread the love

പ്രവാചകന്റെ ആഗമനത്തിനു മുമ്പുള്ള യഥ്രിബ് പകക്കും പോരിനും പേരുകേട്ട പ്രദേശമായിരുന്നു. അവിടത്തെ പ്രബല ഗോത്രങ്ങളായ ഔസും ഖസ്‌റജും തമ്മിലേറ്റുമുട്ടാത്ത നാളുകള്‍ വളരെ വിരളമായിരുന്നു. തലമുറകളിലൂടെ തുടര്‍ന്നുവരുന്നതായിരുന്നു അവര്‍ക്കിടയിലെ വൈരം. അവിടത്തെ സ്ത്രീകള്‍ മക്കളെ ഗര്‍ഭം ചുമന്നിരുന്നതും പ്രസവിച്ചിരുന്നതും പോറ്റി വളര്‍ത്തിയിരുന്നതും പരസ്പരം പൊരുതി മരിക്കാനായിരുന്നു. അവര്‍ ഓരോ പോര്‍ക്കളത്തോടും വിടപറഞ്ഞിരുന്നത്, പുതിയ പടക്കളത്തില്‍ പടവെട്ടാനുള്ള പ്രതിജ്ഞയോടെയായിരുന്നു.
യഥ്രിബിലെ കിടമത്സരത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും ഈ ഊഷരഭൂമിയിലേക്കാണ് പ്രവാചക സന്ദേശത്തിന്റെ കനിവ് കിനിഞ്ഞിറങ്ങിയത്. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും വിനയത്തിന്റെയും വിട്ടുവീഴ്ചയുടെയും സന്ദേശം അവിടമെങ്ങും പ്രസരിച്ചു. അത് അന്നാട്ടുകാരെ അഗാധമായി സ്വാധീനിച്ചു. യഥ്രിബ് മദീനത്തുന്നബിയായതോടെ ഔസ്ഖസ്‌റജ് ഗോത്രങ്ങള്‍ ആത്മമിത്രങ്ങളായി. ഇസ്ലാമിക സാഹോദര്യത്തിന്റെ പാശം അവരെ കൂട്ടിയിണക്കി.
ഔസ്ഖസ്‌റജ് സംഘട്ടനങ്ങളില്‍നിന്ന് നേട്ടം കൊയ്തിരുന്ന ജൂത നേതാവ് ഷാസുബ്‌നു ഖൈസിന് ഇതൊട്ടും ഇഷ്ടപ്പെട്ടില്ല. പ്രവാചകന്റെ സാന്നിധ്യം അയാളുടെ നേതൃതാല്‍പര്യത്തിനെന്നപോലെ സാമ്പത്തിക ചൂഷണങ്ങള്‍ക്കും തടസ്സം സൃഷ്ടിച്ചു. അതിനാല്‍ ഔസ്ഖസ്‌റജ് ഗോത്രങ്ങളെ പരസ്പരം പിണക്കാന്‍ പരമാവധി ശ്രമിച്ചു. അതിനിടെ അയാള്‍ക്ക് ഒരു ജൂത കവിയെ കൂട്ടിന് കിട്ടുകയും ചെയ്തു. ഷാസ് അയാളുടെ കാതുകളില്‍ മന്ത്രിച്ചു: ‘നോക്കൂ, അന്യോന്യം അരിഞ്ഞു വീഴ്ത്തിയിരുന്ന ഈ ജനത അവിശ്വസനീയമാംവിധം ഐക്യപ്പെട്ടിരിക്കുന്നു. നമ്മുടെ എല്ലാ നാശനഷ്ടങ്ങള്‍ക്കും കാരണം ഇതാണ്. അവരുടെ ഐക്യം നമ്മുടെ സ്വൈരം കെടുത്തും. ജീവിതസുഖം ഇല്ലാതാക്കും. അതിനാല്‍ ഈ ഐക്യം തകര്‍ക്കണം. താങ്കള്‍ ഖസ്‌റജുകാരെ സമീപിക്കൂ… ബുആസ് യുദ്ധത്തെക്കുറിച്ച് അവരെ ഓര്‍മിപ്പിക്കൂ. ഔസുകാര്‍ അന്ന് നടത്തിയ കൂട്ടക്കുരുതിയെ സംബന്ധിച്ചും. അന്ന് കൊല്ലപ്പെട്ടവരുടെ അപദാനങ്ങള്‍ ആലപിച്ച് അവരുടെ വികാരം ഉണര്‍ത്തൂ.’
ജൂത യുവാവ് ഖസ്‌റജുകാരെ സമീപിച്ച് അവരുടെ ഓര്‍മകളെ പിറകോട്ടു കൂട്ടിക്കൊണടുപോയി. ഇതേ കാര്യം ഔസുകാരിലും ആവര്‍ത്തിച്ചു. അതോടെ ഇരു വിഭാഗത്തിന്റെയും സ്മൃതിപഥത്തില്‍ പഴയ ഇരുണട നാളുകള്‍ പുനര്‍ജനിച്ചു. ഗോത്ര ചിന്തകള്‍ മനസ്സുകളെ മഥിച്ചു. അതോടെ അന്യോന്യം തര്‍ക്കമായി. പിന്നെ പോര്‍വിളിയും. മദീനക്കു പുറത്തുള്ള ഹുര്‍റയില്‍ വെച്ച് ഏറ്റുമുട്ടാമെന്ന ധാരണയോളം അവരെത്തി.
വിവരമറിഞ്ഞ നബി തിരുമേനി അവരെ സമീപിച്ചു. ഷാസിന്റെ കുതന്ത്രത്തെക്കുറിച്ച് അവരെ ഓര്‍മപ്പെടുത്തിയ പ്രവാചകന്‍ അവരോടു പറഞ്ഞു: ‘ഞാന്‍ ജീവിച്ചിരിക്കെ തന്നെ നിങ്ങള്‍ അനിസ്ലാമികതയുടെ അന്ധകാരത്തിലേക്ക് തിരിച്ചുപോവുകയോ? ഇസ്ലാം വഴി അല്ലാഹു നിങ്ങളെ അന്യോന്യം അടുപ്പിച്ചു. പരസ്പരം ഇണക്കി. അതുവഴി നിങ്ങളെ ആദരണീയരാക്കുകയും ചെയ്തു. നിങ്ങള്‍ നരകത്തില്‍നിന്ന് രക്ഷപ്പെട്ടശേഷം അതിലേക്കുതന്നെ തിരിച്ചുപോവുകയോ?’
പ്രവാചകന്റെ ചോദ്യം അവരുടെ ബോധമണ്ഡലത്തെ തട്ടിയുണര്‍ത്തി. പറ്റിപ്പോയ തെറ്റില്‍ പശ്ചാത്തപിച്ച് കണ്ണീര്‍ വാര്‍ക്കാന്‍ തുടങ്ങി. അവരന്യോന്യം മാപ്പിരക്കുകയും ആലിംഗനബദ്ധരാവുകയും ചെയ്തു. അങ്ങനെ അവര്‍ക്കിടയിലെ സ്‌നേഹവും സാഹോദര്യവും പൂര്‍വാധികം ഗാഢവും ഭദ്രവുമായി.
ശത്രുക്കളുടെ ഇത്തരം തന്ത്രങ്ങളെക്കുറിച്ച് ഉണര്‍ത്തിയ വിശുദ്ധ ഖുര്‍ആന്‍ വിശ്വാസികളോട് നിര്‍ദേശിച്ചു: ‘നിങ്ങളൊന്നായി അല്ലാഹുവിന്റെ പാശം മുറുകെ പിടിക്കുക. അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ അനുഗ്രങ്ങളോര്‍ക്കുക. നിങ്ങളന്യോന്യം ശത്രുക്കളായിരുന്നു. പിന്നെ അവന്‍ നിങ്ങളുടെ മനസ്സുകളെ പരസ്പരം കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. നിങ്ങള്‍ തീക്കുണ്ഡത്തിന്റെ വക്കിലായിരുന്നു. അതില്‍നിന്ന് അവന്‍ നിങ്ങളെ രക്ഷിച്ചു. ഇവ്വിധം അല്ലാഹു അവന്റെ സൂക്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ സന്മാര്‍ഗം പ്രാപിച്ചവരാവാന്‍.’ (3: 103)
 

You may also like