ഇസ്ലാമിലെ വ്രതകാലം. പ്രവാചക ശിഷ്യനില്‍നിന്ന് ഒരബദ്ധം സംഭവിച്ചു: ഒരനുഷ്ഠാനലംഘനം. വ്രതവേളയില്‍ ഭാര്യയുമായി ശാരീരിക ബന്ധം പുലര്‍ത്തി. പശ്ചാത്താപവിവശനായ അയാള്‍ പ്രവാചകനെ സമീപിച്ച് വിവരം ധരിപ്പിച്ചു. തുടര്‍ന്ന് പ്രായശ്ചിത്തത്തിന് സ്വീകരിക്കേണട പ്രതിവിധി ആരാഞ്ഞു. നബി തിരുമേനി അദ്ദേഹത്തോടിങ്ങനെ നിര്‍ദേശിച്ചു: ‘ബന്ധിതനായ ഒരടിമയെ മോചിപ്പിക്കുക; അതാണ് താങ്കളുടെ തെറ്റുതിരുത്താനുള്ള കുറ്റമറ്റ മാര്‍ഗം. അതിമഹത്തായ പുണ്യകര്‍മം കൂടിയാണത്. താങ്കളുടെ പാപത്തെ അത് പൂര്‍ണമായും മായ്ച്ചുകളയും.’
‘അല്ലാഹുവിന്റെ ദൂതരേ, അതെനിക്ക് അസാധ്യമാണല്ലോ. ഒരടിമയെ മോചിപ്പിക്കാനുള്ള സാമ്പത്തികശേഷി എനിക്കില്ലല്ലോ.’ യുവാവ് തന്റെ പ്രയാസം അറിയിച്ചു.
‘എങ്കില്‍ രണടുമാസം തുടര്‍ച്ചയായി നോമ്പെടുക്കുക. അത് നല്ലൊരു പരിശീലനം തന്നെ. പാപനിവൃത്തിക്ക് ഏറ്റം പറ്റിയതും.’ നബി തിരുമേനി നിര്‍ദേശിച്ചു.
‘ഒരുമാസത്തെ നോമ്പുതന്നെ നിബന്ധനകള്‍ പാലിച്ച് നിര്‍വഹിക്കാനാവാത്ത ഞാനെങ്ങനെ രണടുമാസം തുടര്‍ച്ചയായി വ്രതമാചരിക്കും?!’ യുവാവ് തന്റെ നിസ്സഹായത പ്രകടിപ്പിച്ചു.
‘എങ്കില്‍ അറുപത് അഗതികള്‍ക്ക് അന്നം നല്‍കുക. അതല്ലാത്ത പരിഹാരമൊന്നുമില്ല’ പ്രവാചകന്‍ അവസാനത്തെ പരിഹാരമാര്‍ഗവും സമര്‍പ്പിച്ചു.
‘തിരുദൂതരേ, ഞാന്‍ പറ്റെ പാവപ്പെട്ടവനാണ്. മാനമായി ജീവിക്കാന്‍പോലും പ്രയാസപ്പെടുന്ന പരമ ദരിദ്രന്‍. അതിനാല്‍ അറുപത് അഗതികള്‍ക്ക് അന്നം നല്‍കാനെനിക്ക് കഴിയില്ലല്ലോ.’
യുവാവിന്റെ വാക്കുകള്‍കേട്ട് പ്രവാചകന്‍ പുഞ്ചിരിച്ചു. അയാളുടെ കളങ്കമേശാത്ത കുറ്റബോധവും കടുത്ത നിസ്സഹായതയും നബി തിരുമേനിയില്‍ സഹതാപമുണര്‍ത്തി. അപ്പോഴാണ് അദ്ദേഹത്തിന് സമര്‍പ്പിക്കാനായി ഒരു കുട്ട നിറയെ കാരക്കയുമായി ഒരു കൂട്ടുകാരന്‍ അവിടെ എത്തിയത്. നബി തിരുമേനി ആ സമ്മാനം സ്വീകരിച്ച് യുവാവിന് നല്‍കി. എന്നിട്ട് ഇങ്ങനെ പറഞ്ഞു: ‘ഈ ഈത്തപ്പഴം കൊണടുപോയി ദരിദ്രര്‍ക്ക് ദാനം ചെയ്യുക.’
‘അല്ലാഹുവിന്റെ ദൂതരേ, അങ്ങക്ക് എന്നെക്കുറിച്ച് അറിയുകയില്ല. എന്നെപ്പോലെ ദരിദ്രരും അഗതികളുമായി ഈ പ്രദേശത്ത് മറ്റാരുമില്ല’ യുവാവ് അറിയിച്ചു.
‘അങ്ങനെയാണോ? എങ്കില്‍ ഇത് കൊണടുപോയി നീ സ്വയം അനുഭവിക്കുക’നബി തിരുമേനി നിര്‍ദേശിച്ചു.
കാരുണ്യത്തിന്റെ നിറകുടമായ പ്രവാചകന്റെ വാക്കുകള്‍ ആ യുവാവിന്റെ കണ്ണുകളെ ഈറനണിയിച്ചു. ഈ ശിക്ഷാവിധി അവിടെയുണടായിരുന്നവരെയൊക്കെ ആശ്ചര്യഭരിതരാക്കുകയും ചെയ്തു. എന്നാല്‍, മനുഷ്യനെ പീഡിപ്പിക്കലോ പ്രയാസപ്പെടുത്തലോ ദൈവത്തിന്റെ ലക്ഷ്യമല്ലെന്നും അവനെ സംസ്‌കരിക്കലും ശുദ്ധീകരിക്കലുമാണ് ഉദ്ദേശ്യമെന്നും ഇതിലൂടെ നബി തിരുമേനി അവരെ പഠിപ്പിക്കുകയായിരുന്നു. ലോകരാരുമറിയാതെ പരമരഹസ്യമായി ചെയ്യുന്ന തെറ്റുപോലും ഉത്തരവാദപ്പെട്ടവരെ അറിയിച്ച് ശിക്ഷ ഏറ്റുവാങ്ങാന്‍ സന്നദ്ധമാവുംവിധം മനസ്സിനെ വണക്കവും ജീവിതത്തെ വഴക്കവുമുള്ളതാക്കലാണ് പ്രധാനം. പിന്നെ, നല്‍കപ്പെടുന്ന ശിക്ഷയുടെ സ്വഭാവത്തിന് രണടാംസ്ഥാനമേയുള്ളൂ.
കഥ & കവിത