കഥ & കവിത

ശത്രുവായി വന്ന് മിത്രമായി മടങ്ങിയ ഉമൈര്‍

Spread the love

ബദ്ര്!യുദ്ധത്തിലെ പരാജയം പ്രവാചകന്റെ പ്രതിയോഗികളെ അത്യധികം പ്രകോപിതരാക്കി. തങ്ങളുടെ പ്രമുഖ നേതാക്കള്‍ക്കുണടായ ദുരന്തം അവരെ ദുഃഖിതരാക്കുകയും ചെയ്തു. അതിനാലവരില്‍ പ്രതികാരവാഞ്ഛ ആളിക്കത്തി. അങ്ങനെ പ്രവാചകനോട് പകരം വീട്ടാന്‍ ഒത്തുകൂടിയതായിരുന്നു ഉമൈറുബ്‌നു വഹബും, സ്വഫ്വാനുബ്‌നു ഉമയ്യയും. നബി തിരുമേനിയും അനുയായികളും മക്കയോട് വിടപറയുംവരെ അവരെ ക്രൂരമായി പീഡിപ്പിക്കുന്നത് പതിവാക്കിയിരുന്നു ഇരുവരും.
ബദ്‌റില്‍ തങ്ങള്‍ക്കുണടായ കൊടിയ നഷ്ടത്തെക്കുറിച്ച് സംസാരിച്ചുകൊണടിരിക്കെ, ഉമൈര്‍ പറഞ്ഞു: ‘കൊടുത്തുവീട്ടാനാവാത്ത ഭാരിച്ച കടവും കുട്ടികള്‍ പട്ടിണി കിടക്കേണടിവരുമെന്ന ഭയവുമില്ലായിരുന്നെങ്കില്‍ ഞാന്‍ മദീനയിലെത്തി മുഹമ്മദിന്റെ കഥ കഴിക്കുമായിരുന്നു. മുഹമ്മദിനെ സമീപിക്കാന്‍ എനിക്കൊരു ന്യായവുമുണട്; എന്റെ മകന്‍ അവരുടെ ബന്ദിയാണല്ലോ.’
ഉമൈറിന്റെ ഈ വാക്കുകള്‍ സ്വഫ്വാന് ഹരം പകരുന്നവയായിരുന്നു. അയാള്‍ അവ നെഞ്ചേറ്റുവാങ്ങി. സ്വഫ്വാന്‍ പറഞ്ഞു: ‘താങ്കളുടെ കടമൊക്കെ ഞാനേറ്റു. കുട്ടികളുടെ സംരക്ഷണവും ഞാന്‍ നിര്‍വഹിക്കും. എനിക്ക് സമ്പത്തും ആരോഗ്യവുമുള്ളേടത്തോളം എന്റെ മക്കളെപ്പോലെ അവരുടെ കാര്യം ഞാന്‍ നോക്കിക്കൊള്ളാം.’
ഇരുവരും തങ്ങളുടെ സംസാരവും തീരുമാനവും രഹസ്യമാക്കിവെക്കുമെന്ന് പ്രതിജ്ഞയെടുത്തു. തുടര്‍ന്ന് ഉമൈര്‍ തന്റെ വാള്‍ വിഷം പുരട്ടി ഉറയിലിട്ടു. സമയമൊട്ടും പാഴാക്കാതെ മദീനയിലേക്ക് പുറപ്പെട്ടു.
പ്രവാചകന്റെ പള്ളിയുടെ പരിസരത്ത് സംസാരിച്ചുകൊണടിരുന്ന ഉമറുല്‍ ഫാറൂഖിന്റെയും കൂട്ടുകാരുടെയും കണ്ണുകള്‍ ഉമൈറില്‍ പതിഞ്ഞു. ഉമറുല്‍ ഫാറൂഖ് വിളിച്ചുപറഞ്ഞു: ‘ദൈവത്തിന്റെ ശത്രു ഉമൈര്‍ ഇതാ. ദുരുദ്ദേശ്യത്തോടെയാണ് ഇയാളിവിടെ വന്നത്. ബദ്‌റിലുണടായ നഷ്ടത്തിന് പകരം വീട്ടലാണ് ലക്ഷ്യം. അതിനാലാണ് വാളുമായി വന്നത്.’
തുടര്‍ന്ന് നബി തിരുമേനിയെ സമീപിച്ച് വിവരമറിയിച്ചു. അപ്പോള്‍ അയാള്‍ക്ക് തന്റെ അടുത്ത് വരാന്‍ അനുവാദം നല്‍കാന്‍ അവിടുന്ന് നിര്‍ദേശിച്ചു. പിന്നില്‍ ഊരിപ്പിടിച്ച വാളുമേന്തി ഉമറുല്‍ ഫാറൂഖ് അയാളെ പ്രവാചകന്റെ അടുത്തേക്ക് കൂട്ടിക്കൊണടുവന്നു. കൂടെയുള്ളവരോട് അയാളുടെ കാര്യത്തില്‍ ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍, നബി തിരുമേനിക്ക് തന്റെ കാര്യത്തില്‍ ഒട്ടും ഭയമുണടായിരുന്നില്ല. അതിനാല്‍ ഉമൈറിനെ സ്വതന്ത്രമായി വിട്ടേക്കാന്‍ കല്‍പിച്ചു. തുടര്‍ന്ന് ഉമൈറിനോട് തന്റെ അടുത്തിരിക്കാനാവശ്യപ്പെട്ടു. കുശലാന്വേഷണങ്ങള്‍ക്കു ശേഷം അവിടുന്ന് ചോദിച്ചു: ‘താങ്കളുടെ വരവിന്റെ ഉദ്ദേശ്യം?’
‘ഇവിടെ തടവില്‍ കഴിയുന്ന മകന്റെ മോചനക്കാര്യം സംസാരിക്കാന്‍ വന്നതാണ്’ ഉമൈര്‍ സത്യം മറച്ചുവെക്കാന്‍ ശ്രമിച്ചു.
‘എങ്കില്‍ എന്തിനാണ് ഈ വാള്‍?’
‘അത് ഞാന്‍ അഴിച്ചുവെക്കാന്‍ മറന്നതാണ്’ഉമൈര്‍ കള്ളം പറയുകയായിരുന്നു.
‘താങ്കളും സ്വഫ്വാനുബ്‌നു ഉമയ്യയും കരാറിലെത്തിയ ശേഷം വിഷം പുരട്ടിയ വാളുമായല്ലേ താങ്കള്‍ വന്നത്? താങ്കളുടെ കടം വീട്ടുന്ന കാര്യവും കുട്ടികളുടെ സംരക്ഷണവും സ്വഫ്വാന്‍ ഏറ്റെടുത്ത് താങ്കളെ ഇങ്ങോട്ടയച്ചതല്ലേ?’
പ്രവാചകന്റെ ചോദ്യം ഉമൈറിനെ അദ്ഭുതസ്തബ്ധനാക്കി. പരമരഹസ്യമായി ചെയ്ത കാര്യം എങ്ങനെ മുഹമ്മദ് ഇത്ര സൂക്ഷ്മമായി അറിഞ്ഞുവെന്നതായിരുന്നു അയാളുടെ വിസ്മയം. അതോടൊപ്പംതന്നെ, അല്ലാഹു അറിയിച്ചുകൊടുത്തതായിരിക്കുമെന്ന് അയാള്‍ക്ക് ബോധ്യമാവുകയും ചെയ്തു. അതിനാല്‍ അല്‍പനേരത്തെ മൌനത്തിനുശേഷം പറഞ്ഞു: ‘താങ്കള്‍ ദൈവദൂതനാണെന്ന് ഞാനിതാ സാക്ഷ്യപ്പെടുത്തുന്നു. താങ്കള്‍ക്ക് ദിവ്യബോധനം ലഭിക്കുന്നുണെടന്ന സത്യം ഞങ്ങളിതുവരെ നിഷേധിക്കുകയായിരുന്നു. ഇപ്പോള്‍ എനിക്കുറപ്പ്; ഞാനും സ്വഫ്വാനും തമ്മില്‍ നടന്ന സംഭാഷണം അല്ലാഹു അറിയിക്കാതെ അങ്ങ് അറിയുകയില്ല. അതിനാല്‍, അല്ലാഹുവിന് സ്തുതി. അവനെന്നെ നേര്‍വഴിയിലെത്തിച്ചിരിക്കുന്നു. ഞാനിതാ സന്മാര്‍ഗം സ്വീകരിക്കുന്നു.’
ഉമൈറിന്റെ മനംമാറ്റത്തില്‍ സന്തോഷഭരിതനായ നബി തിരുമേനി അദ്ദേഹം ജീവിതത്തില്‍ വരുത്തേണട മാറ്റങ്ങള്‍ പഠിപ്പിച്ചു കൊടുക്കാന്‍ അനുചരന്മാരോടാവശ്യപ്പെട്ടു.
ഉമൈര്‍ തനിക്ക് ലഭിച്ച സത്യത്തിന്റെ വെളിച്ചം തന്റെ കൂട്ടുകാര്‍ക്കുകൂടി പകര്‍ന്നുകൊടുക്കാന്‍ മക്കയിലേക്കുതന്നെ മടങ്ങാനാഗ്രഹിച്ചു. നബി തിരുമേനി അതനുവദിക്കുകയും ചെയ്തു.
സ്വഫ്വാന്‍ അദ്ദേഹത്തിന്റെ ആഗമനം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. പ്രവാചകന്‍ വധിക്കപ്പെട്ട വാര്‍ത്തക്കായി കാതോര്‍ത്തിരുന്ന അയാള്‍ കാണുന്നവരോടെല്ലാം ഉമൈറിനെക്കുറിച്ച് അന്വേഷിച്ചുകൊണടിരുന്നു. പ്രവാചകന്റെ കടുത്ത എതിരാളിയായി യാത്രതിരിച്ച ഉമൈര്‍ ഉറ്റ അനുയായിയായാണ് മടങ്ങിയതെന്ന വിവരം അയാളറിഞ്ഞിരുന്നില്ല. സത്യത്തിന്റെ പ്രകാശം ഊതിക്കെടുത്താന്‍ പോയ ആള്‍ അത് കത്തിച്ചു കൊണടുവരുമെന്ന് സ്വഫ്വാന്‍ സ്വപ്നത്തില്‍ പോലും സങ്കല്‍പിച്ചിരുന്നില്ല. അതുകൊണടുതന്നെ ഉമൈറിന്റെ ഇസ്ലാം സ്വീകരണകഥ അയാളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. കോപാധിക്യത്താല്‍ ശരീരം വിറച്ചു. ഉമൈറുമായി താനിനി സംസാരിക്കില്ലെന്ന് പ്രതിജ്ഞയെടുത്തു.
മക്കയിലെത്തിയ ഉമൈര്‍ താനുള്‍ക്കൊണട സത്യത്തിലേക്ക് മറ്റുള്ളവരെ ക്ഷണിക്കാന്‍ തുടങ്ങി. അതോടെ അവിടത്തുകാര്‍ അദ്ദേഹത്തിന്റെ എതിര്‍ചേരിയില്‍ അണിനിരന്നു. അവര്‍ അയാളെ ആവുംവിധം ദ്രോഹിക്കാന്‍ തുടങ്ങി. തന്റെ മര്‍ദനങ്ങള്‍ വിശ്വാസികള്‍ സഹിച്ചിരുന്നപോലെ ശത്രുക്കളുടെ പീഡനങ്ങള്‍ ഉമൈര്‍ ക്ഷമാപൂര്‍വം ഏറ്റുവാങ്ങി. ഈ സമീപനം പലരെയും സത്യപാതയിലെത്തിക്കാന്‍ അദ്ദേഹത്തിന് അവസരമൊരുക്കുകയും ചെയ്തു.

You may also like