
ഹിജ്‌റ അഞ്ചാം വര്‍ഷം മക്കയില്‍ മഴയില്ലാതായി. വിളകള്‍ നശിച്ചു. പണക്കാര്‍പോലും പട്ടിണിയുടെ പിടിയിലമര്‍ന്നു. കടുത്ത ക്ഷാമം എല്ലാവരെയും ദുരിതത്തിലാഴ്ത്തി. ആഹാരസാധനങ്ങള്‍ തീരെ കിട്ടാനില്ലാതായി. ഖുറൈശികള്‍ മാറത്തടിച്ച് പൊട്ടിക്കരഞ്ഞു. വിവരമറിഞ്ഞ പ്രവാചകന്റെ മനസ്സലിഞ്ഞു. തന്നെയും അനുയായികളെയും പൂര്‍ണമായി ബഹിഷ്‌കരിക്കുകയും ‘ശിഅ്ബു അബീത്വാലിബി’ല്‍ ഒറ്റപ്പെടുത്തുകയും വിശപ്പ് സഹിക്കാനാവാതെ പച്ചില തിന്നാന്‍ നിര്‍ബന്ധിതരാക്കുകയും പിഞ്ചുപൈതങ്ങള്‍ പൈദാഹത്താല്‍ പൊട്ടിക്കരഞ്ഞപ്പോള്‍ പൈശാചികമായി പൊട്ടിച്ചിരിക്കുകയും ചെയ്ത പ്രതിയോഗികളുടെ പ്രയാസം പക്ഷേ പ്രവാചകനെ ഒട്ടും സന്തോഷിപ്പിച്ചില്ല. പ്രതികാരദാഹം തീര്‍ക്കുന്നതിനു പകരം അവരെ മനുഷ്യത്വം പഠിപ്പിക്കാനും മിത്രങ്ങളാക്കി മാറ്റാനുമാണ് അവിടുന്ന് ശ്രമിച്ചത്. മദീനയില്‍നിന്ന് കിട്ടാവുന്നേടത്തോളം ധാന്യം ശേഖരിച്ച് അതുമായി അംറുബ്‌നു ഉമയ്യയെ മക്കയിലേക്കയച്ചു. ശത്രുനേതാവ് അബൂസുഫ്യാന്‍ നബി തിരുമേനി കൊടുത്തയച്ച സഹായം സസന്തോഷം സ്വീകരിച്ച് ദരിദ്രര്‍ക്കിടയില്‍ വിതരണം ചെയ്തു. അംറുബ്‌നു ഉമയ്യയോട് നന്ദി പ്രകടിപ്പിക്കാതിരിക്കാന്‍ അബൂസുഫ്യാന് സാധിച്ചില്ല. പ്രവാചകന്റെ ഉദാരപൂര്‍ണമായ ഈ പ്രവൃത്തിയെക്കാള്‍ മാന്യമായ ‘പ്രതികാരം’ മനുഷ്യരാശിയുടെ ചരിത്രത്തില്‍ വേറെ കാണുക സാധ്യമല്ല.