കഥ & കവിത

ശത്രുക്കള്‍ക്കും സഹായം

Spread the love

മക്കാനിവാസികള്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് മുഖ്യമായി ആശ്രയിച്ചിരുന്നത് യമാമ ദേശക്കാരെയാണ്. അവരുടെ നേതാവായ ഥുമാമതുബ്‌നു അഥാല്‍ ഇസ്ലാം ആശ്‌ളേഷിച്ചു. അതോടെ അദ്ദേഹം, പ്രവാചകനെയും അനുചരന്മാരെയും അത്യധികം പ്രയാസപ്പെടുത്തിക്കൊണടിരിക്കുന്ന മക്കാനിവാസികള്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. അതിനാല്‍, തന്റെ നാട്ടുകാരോടിങ്ങനെ നിര്‍ദേശിച്ചു: ‘മക്കയിലേക്കിനി ഒരുമണി ധാന്യവും കൊടുത്തയക്കരുത്.’
ആഹാരപദാര്‍ഥങ്ങളുടെ അഭാവം മക്കാനിവാസികളെ നന്നായി ബാധിച്ചു. അവര്‍ പട്ടിണികൊണട് പൊറുതിമുട്ടി. ആയിടെയാണ് ഥുമാമ തീര്‍ഥാടനാര്‍ഥം മക്കയില്‍ ചെന്നത്. ഈയവസരമുപയോഗിച്ച് ഖുറൈശിപ്രമുഖര്‍ അദ്ദേഹത്തെ ചെന്നുകണടു. ധാന്യം നല്‍കുകയില്ല എന്ന നിലപാട് മാറ്റാന്‍ ആവശ്യപ്പെട്ടു. ഒപ്പമിങ്ങനെ പരിതപിക്കുകയും ചെയ്തു: ‘താങ്കള്‍ ഞങ്ങളുടെ മതമുപേക്ഷിച്ചുവല്ലോ.’
‘അതെ, അതിലെന്താണിത്ര സംശയം! ലോകത്തിലെ ഏറ്റം ഉത്കൃഷ്ട മതമാണിസ്ലാം. ഞാന്‍ അതംഗീകരിച്ചിരിക്കുന്നു. ഇനി സത്യത്തില്‍നിന്ന് അസത്യത്തിലേക്ക് തിരിച്ചുപോകില്ല. നിങ്ങള്‍ക്കൊരു മണി ധാന്യം തരുകയുമില്ല’  ഥുമാമ തറപ്പിച്ചുപറഞ്ഞു.
മുഹമ്മദിന്റെ നിര്‍ദേശമില്ലാതെ ഥുമാമ തീരുമാനം മാറ്റുകയില്ലെന്ന് ഖുറൈശി പ്രമുഖര്‍ക്ക് ബോധ്യമായി. പക്ഷേ, മുഹമ്മദ് തങ്ങളോട് കരുണ കാണിക്കുമോ? പച്ചവെള്ളംപോലും കൊടുക്കാതെ മൂന്ന് കൊല്ലം അദ്ദേഹത്തെയും അനുയായികളെയും പട്ടിണിക്കിട്ടവരല്ലേ നമ്മള്‍? സാമൂഹിക ബഹിഷ്‌കരണമേര്‍പ്പെടുത്തി, അവരെ പച്ചില തിന്ന് ജീവിക്കാന്‍ നിര്‍ബന്ധിതരാക്കിയവര്‍. ഇപ്പോള്‍ തങ്ങള്‍ ആഹാരപദാര്‍ഥങ്ങള്‍ കിട്ടാതെ കഷ്ടപ്പെടുന്നുവെന്നറിയുമ്പോള്‍ മുഹമ്മദ് പൊട്ടിച്ചിരിക്കുകയല്ലേ ചെയ്യുക? അവ്വിധമൊക്കെയാണവര്‍ ആലോചിച്ചതെങ്കിലും ഒന്നു പരീക്ഷിച്ചുനോക്കാന്‍ തന്നെ തീരുമാനിച്ചു. അതിനാലവര്‍ നബി തിരുമേനിക്കെഴുതി: ‘ഞങ്ങള്‍ക്ക് ഭക്ഷ്യധാന്യം നല്‍കുന്നത് നിരോധിച്ചുകൊണട് യമാമക്കാരോട് ഥുമാമ നല്‍കിയ നിര്‍ദേശം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടാലും. ഈ പ്രയാസത്തില്‍നിന്ന് ഞങ്ങളെയൊന്ന് രക്ഷിക്കണം. രക്തബന്ധത്തിന്റെ പേരിലെങ്കിലും.’
കത്തുവായിച്ച നബി തിരുമേനി ഥുമാമക്ക് ഒരു സന്ദേശമയച്ചു. അതിലെ പ്രസക്തഭാഗമിങ്ങനെയായിരുന്നു: ദൈവം തന്നെ തള്ളിപ്പറയുന്നവരോടും തന്നില്‍ പങ്ക് ചേര്‍ക്കുന്നവരോടും കരുണ കാണിക്കുന്നവനാണ്. നാമും ഉള്‍ക്കൊള്ളേണടത് അതാണ്. അതിനാല്‍ ‘മക്കയിലേക്കുള്ള ധാന്യക്കടത്ത് നിര്‍ത്തരുത്.’
 

You may also like