
പ്രവാചകനും അനുചരന്മാരുമിരിക്കുന്ന സദസ്സിലേക്ക് ഒരാള്‍ കടന്നുവന്നു. വികൃതമായ മുഖഭാവം. പരുക്കന്‍ പ്രകൃതം. ഉപചാരവാക്കുകളൊന്നുമില്ലാതെ അയാള്‍ നബി തിരുമേനിയോടാവശ്യപ്പെട്ടു: ‘എനിക്ക് വ്യഭിചരിക്കാന്‍ അനുവാദം തരണം.’
പ്രവാചകന്റെ പള്ളിയില്‍ വെച്ച് പ്രവാചകനോട് ഇവ്വിധം സംസാരിച്ചത് അവിടുത്തെ അനുചരന്മാര്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. അവരദ്ദേഹത്തെ തടഞ്ഞു. അവര്‍ പറഞ്ഞു: ‘മിണടാതിരി.’
അപ്പോള്‍ അവിടുന്ന് അദ്ദേഹത്തെ ആലിംഗനം ചെയ്തു, അടുത്തിരുത്തി. കുശലാന്വേഷണങ്ങള്‍ക്കു ശേഷം ചോദിച്ചു: ‘താങ്കളുടെ മാതാവിനെ വ്യഭിചരിക്കുന്നത് താങ്കള്‍ക്കിഷ്ടമാണോ?
‘ഇല്ല. അല്ലാഹുവാണ് സത്യം. ഞാനിതംഗീകരിക്കില്ല. എന്നല്ല, ആരും തന്റെ മാതാവിനെ വ്യഭിചരിക്കുന്നത് ഇഷ്ടപ്പെടില്ല.’
‘താങ്കളുടെ മകളെ വ്യഭിചരിക്കുന്നതോ?’
‘അതും ഞാന്‍ അനുവദിക്കില്ല.’
‘താങ്കളുടെ സഹോദരിയെ വ്യഭിചരിക്കുന്നതോ?’
‘അതും ഞാന്‍ ഇഷ്ടപ്പെടില്ല. ആരും തന്റെ സഹോദരിയെ വ്യഭിചരിക്കാന്‍ അനുവദിക്കില്ല.’
‘താങ്കളുടെ പിതൃസഹോദരിയെ വ്യഭിചരിച്ചാലോ?’
‘അതും ഞാനംഗീകരിക്കില്ല.’
‘മാതൃ സഹോദരിയെ?’
‘ഇല്ല. ഒരിക്കലും ഇതൊന്നും ഞാനിഷ്ടപ്പെടുന്നില്ല. ആരും ഇഷ്ടപ്പെടുമെന്ന് തോന്നുന്നുമില്ല.’
ഇതിലൂടെ ഫലത്തില്‍ നബി തിരുമേനി അയാളെ വ്യഭിചാരത്തിന്റെ ഗൌരവം ബോധ്യപ്പെടുത്തുകയായിരുന്നു. ആരും സ്വന്തം മാതാവിനെയോ മക്കളെയോ സഹോദരിയെയോ മാതൃസഹോദരിയെയോ പിതൃസഹോദരിയെയോ വ്യഭിചരിക്കാന്‍ ഇഷ്ടപ്പെടില്ലല്ലോ. ഏതൊരു സ്ത്രീയും ഇതില്‍ ആരെങ്കിലുമായിരിക്കുമെന്നതും തീര്‍ച്ച. നബിതിരുമേനി അയാളുടെ നെഞ്ച് തടവുകയും അയാള്‍ക്കുവേണടി അല്ലാഹുവോട് പ്രാര്‍ഥിക്കുകയും ചെയ്തു. അതോടെ വ്യഭിചാരം അയാള്‍ക്ക് ഏറ്റവും വെറുക്കപ്പെട്ട നീചകൃത്യമായി മാറി.
മടങ്ങിപ്പോകവേ അയാള്‍ പറഞ്ഞു: ‘ഇങ്ങോട്ട് കടന്നുവരുമ്പോള്‍ എനിക്കെന്റെ ജീവിതത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം വ്യഭിചാരമായിരുന്നു. ഇപ്പോള്‍ ഏറ്റവും വെറുക്കപ്പെട്ടതും അതുതന്നെ.’