കഥ & കവിത

വേദവാക്യത്തിന് വഴിയൊരുക്കിയ കണ്ണീര്‍

Spread the love

നബി തിരുമേനി ഒരിടത്ത് വിശ്രമിക്കുകയായിരുന്നു. കൂടെ ഉമറുല്‍ഫാറൂഖ് ഉള്‍പ്പെടെയുള്ള അനുചരന്മാരുമുണട്. അപ്പോള്‍ ഒരു ഗ്രാമീണന്‍ അവിടെ കടന്നുവന്നു. പ്രവാചകനുമായി സംസാരിച്ചുകൊണടിരിക്കെ അയാള്‍ തന്റെ പഴയകാല ജീവിതാനുഭവങ്ങളിലൊന്ന് വിവരിക്കാന്‍ തുടങ്ങി. പെണ്‍കുഞ്ഞുങ്ങള്‍ പിറക്കുന്നത് അപമാനമായി കരുതുന്ന ഗോത്രങ്ങളിലൊന്നായിരുന്നു അയാളുടേത്. അതിനാല്‍ അവരില്‍ ചിലര്‍ തങ്ങളുടെ പെണ്‍മക്കളെ ജീവനോടെ കുഴിച്ചുമൂടാറുണടായിരുന്നു. അത്തരമൊരു ക്രൂരകൃത്യം കാണിച്ച ആളായിരുന്നു ആ ഗ്രാമീണനും. ആ സംഭവമാണ് അയാള്‍ പ്രവാചകനോട് വിവരിച്ചത്. അയാള്‍ക്ക് ഒരു മകളുണടായിരുന്നു. അയാള്‍ അവളെ അതിയായി സ്‌നേഹിച്ചിരുന്നു. എങ്കിലും സമൂഹത്തിന്റെ പരിഹാസം സഹിക്കാവുന്നതിലപ്പുറമായിരുന്നു. അതോടൊപ്പം വേണടപ്പെട്ടവരെല്ലാം അവളുടെ ശല്യം ഒഴിവാക്കാന്‍ പ്രേരിപ്പിച്ചുകൊണടിരുന്നു. ക്രമേണ അയാളുടെ മനസ്സും അതിനനുകൂലമായി. അങ്ങനെയാണ് ആ ഗ്രാമീണന്‍ സ്വന്തം മകളെ ജീവനോടെ കുഴിച്ചുമൂടാന്‍ തീരുമാനിച്ചത്.
ഒരു ദിവസം അയാള്‍ മകളെ കുളിപ്പിച്ച് വസ്ത്രമണിയിച്ചു. ആവശ്യമായ ആഹാരവും നല്‍കി. അപ്പോഴൊന്നും ഇത് തന്റെ അവസാനത്തെ ഭക്ഷണമാണെന്ന് ആ കുഞ്ഞ് അറിഞ്ഞിരുന്നില്ല. അവള്‍ പിതാവിന്റെ കൈ പിടിച്ച് പടിയിറങ്ങി. അയാള്‍ അവളെ വീട്ടില്‍ നിന്ന് ഏറെ ദൂരെ ആളൊഴിഞ്ഞ ഒരിടത്തേക്ക് കൂട്ടിക്കൊണടുപോയി. ആ ഗ്രാമീണന്‍ മകളെ തന്റെ അടുത്തുനിര്‍ത്തി കുഴിവെട്ടാന്‍ തുടങ്ങി. കുനിഞ്ഞുനിന്ന് കുഴിവെട്ടവെ നെറ്റിയിലും താടിരോമങ്ങളിലും പറ്റിപ്പിടിച്ച മണല്‍ത്തരികള്‍ ആ കൊച്ചു കുട്ടി തന്റെ ഇളം കൈകള്‍കൊണട് തടവിമാറ്റിക്കൊണടിരുന്നു. എന്നാല്‍, അതൊന്നും അയാളുടെ തീരുമാനത്തെ ഒട്ടും സ്വാധീനിച്ചില്ല.
കുഴി പൂര്‍ത്തിയായപ്പോള്‍ ആ ഗ്രാമീണന്‍ മകളെ അതിലേക്ക് പിടിച്ചുതള്ളി. ആ കുട്ടി വാവിട്ട് കരയാന്‍ തുടങ്ങി. അപ്പോഴും അവള്‍ വിളിച്ചിരുന്നത് പിതാവിനെത്തന്നെയാണ്. എന്നിട്ടും അയാള്‍ പതറിയില്ല. തന്റെ തീരുമാനം തിരുത്തിയതുമില്ല. അയാള്‍ മണല്‍വാരി അവളുടെ വായിലിട്ടു. അവളെ നിശ്ശബ്ദയാക്കി. തുടര്‍ന്ന് മണ്ണിട്ട് മൂടുകയും ചെയ്തു.
ആ ഗ്രാമീണന്‍ പ്രവാചകനോട് ഇക്കഥ വിവരിച്ചത് തികഞ്ഞ നിസ്സംഗതയോടെയാണ്. അയാളെ സംബന്ധിച്ചിടത്തോളം പുതുമയുള്ള കാര്യമായിരുന്നില്ല അത്. അസ്വാഭാവികവുമായിരുന്നില്ല. തന്റെ ഗോത്രത്തിലത് സാധാരണമായിരുന്നുവല്ലോ.
എന്നാല്‍, ഗ്രാമീണന്റെ വിവരണം കേട്ട് പ്രവാചകന്റെ കരളലിഞ്ഞു. കണ്ണുകള്‍ നിറഞ്ഞു. കവിളുകളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീര്‍ത്തുള്ളികള്‍ താടിരോമങ്ങളെ നനച്ച് നിലത്ത് ഇറ്റിവീണു. ഏറെക്കഴിയും മുമ്പെ പ്രവാചകന്റെ ദുഃഖം ദൈവികസിംഹാസനം ഏറ്റുവാങ്ങി. എന്നും എവിടെയും ക്രൂരമായി കൊലചെയ്യപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കു വേണടിയുള്ള നബി തിരുമേനിയുടെ കണ്ണീര്‍ത്തുള്ളികള്‍ക്ക് അറുതിവരുത്തിക്കൊണട് ദൈവിക ശാസനയുണടായി. വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു താക്കീത് ചെയ്തു: ‘കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടിയോട് ചോദിക്കുന്ന ദിനം വരികതന്നെ ചെയ്യും; താന്‍ ഏതൊരു പാപത്തിന്റെ പേരിലാണ് കുഴിച്ചുമൂടപ്പെട്ടതെന്ന്.’ (ഖുര്‍ആന്‍ 81: 8,9)

You may also like