
അബൂജഹ്ലും അബൂസുഫ്യാനും അഖ്‌നസും പ്രവാചകനോട് കടുത്ത ശത്രുത പുലര്‍ത്തുന്നവരായിരുന്നു. ഇസ്ലാമിന്റെ ശക്തരായ വിമര്‍ശകരും. അതിനാല്‍, ഖുര്‍ആന്‍ കേള്‍ക്കരുതെന്ന് മൂവരും ജനങ്ങളോട് നിരന്തരം ആവശ്യപ്പെട്ടുകൊണടിരുന്നു. എന്നിട്ടും ജനം അതില്‍ ആകൃഷ്ടരായി പ്രവാചകന്റെ പാത പിന്തുടര്‍ന്നു കൊണടിരുന്നു. അതിന്റെ രഹസ്യമറിയാന്‍ മൂവര്‍ക്കും ഏറെ താല്‍പര്യം തോന്നി. അതിനാല്‍, ഖുര്‍ആന്‍ കേള്‍ക്കാന്‍ അവരോരോരുത്തരും തീരുമാനിച്ചു. പരസ്പരം അക്കാര്യം അറിയിച്ചതുമില്ല. രാത്രിയുടെ അവസാനയാമങ്ങളില്‍ മുഹമ്മദ് ഖുര്‍ആന്‍ പാരായണം ചെയ്ത് പ്രാര്‍ഥിക്കാറുണെടന്ന് അവര്‍ക്കറിയാമായിരുന്നു. അങ്ങനെ നിലാവില്ലാത്ത ഒരു രാവില്‍ അബൂജഹ്ല്! നബിതിരുമേനിയുടെ വീടിന്റെ അടുത്ത് പതുങ്ങിനിന്ന് അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പാരായണം ശ്രവിക്കാന്‍ തുടങ്ങി. അതേ രാത്രിയില്‍ വീടിന്റെ മറ്റൊരിടത്ത് അബൂസുഫ്യാന്‍ ഒളിച്ചിരിക്കുന്നുണടായിരുന്നു. വേറൊരിടത്ത് അഖ്‌നസും. ഖുര്‍ആന്‍ പാരായണത്തിന്റെ വശ്യതയില്‍ ആകൃഷ്ടരായി അതില്‍ ലയിച്ചുചേര്‍ന്ന മൂവരും അന്യോന്യം കണടിരുന്നില്ല. പ്രഭാതോദയത്തിന് അല്‍പം മുമ്പ് പ്രവാചകന്‍ പ്രാര്‍ഥനയില്‍നിന്ന് വിരമിച്ചു. അപ്പോള്‍ പിരിഞ്ഞുപോകവെയാണ് അവര്‍ പരസ്പരം കണടുമുട്ടിയത്. അതോടെ, രഹസ്യം പരസ്യമായി. അവരന്യോന്യം കുറ്റപ്പെടുത്തി. എന്നാല്‍, അതിലൊട്ടും അര്‍ഥമുണടായിരുന്നില്ല. മൂന്നുപേരും അതില്‍ പങ്കാളികളായിരുന്നുവല്ലോ. ഈ തിരിച്ചറിവു നേടിയ അവരിങ്ങനെ പറഞ്ഞു: ‘മുഹമ്മദിന്റെ വാക്കുകള്‍ കേള്‍ക്കരുതെന്ന് ജനങ്ങളോട് പറയുന്ന നാം തന്നെ അതു കേള്‍ക്കുകയോ? ആളുകളിതറിഞ്ഞാല്‍ അപകടമാണ്. അവര്‍ മുഹമ്മദിന്റെ കൂടെ കൂടും. അതോടെ നാം ദുര്‍ബലരാകും. അതിനാല്‍, ഇനിയൊരിക്കലും ഇതാവര്‍ത്തിക്കരുത്.’
എന്നാല്‍, രാത്രി തലേന്നാളത്തെ സമയമായതോടെ അവരിലാര്‍ക്കും സ്വയം നിയന്ത്രിക്കാനായില്ല. ഖുര്‍ആന്‍ കേള്‍ക്കാന്‍ അവരുടെ കാതുകള്‍ കൊതിപൂണടു. ഹൃദയങ്ങള്‍ തുടികൊട്ടി. ഇന്നുതാന്‍ മാത്രമേ ഉണടാവുകയുള്ളൂവെന്ന ധാരണയോടെ ഓരോരുത്തരും നബി തിരുമേനിയുടെ വീടിനരികിലെത്തി ഖുര്‍ആന്‍ കേള്‍ക്കാന്‍ തുടങ്ങി. ഇരുള്‍ നീങ്ങിത്തുടങ്ങിയതോടെ പരസ്പരം കണടുമുട്ടുകയും ചെയ്തു. അന്നും അവര്‍ തലേന്നാളത്തെ പ്രതിജ്ഞ ആവര്‍ത്തിച്ചു. എങ്കിലും മൂന്നാംനാളും അതാവര്‍ത്തിച്ചു. അവസാനം തങ്ങള്‍ നിരന്തരം തോല്‍ക്കുകയാണെന്ന തോന്നല്‍ അവരുടെ അഹങ്കാരത്തെ തട്ടിയുണര്‍ത്തി. അങ്ങനെയാണ് അവര്‍ തങ്ങളുടെ ഖുര്‍ആന്‍ കേള്‍ക്കല്‍ അവസാനിപ്പിച്ചത്.
ഏതാനും നാളുകള്‍ക്കുശേഷം അഖ്‌നസ് അബൂജഹ്ലിനോടു ചോദിച്ചു: ‘അന്ന് നാം മുഹമ്മദില്‍നിന്ന് കേട്ട വചനങ്ങളെപ്പറ്റി എന്തുപറയുന്നു?’ ‘എന്തു പറയാനാണ്? ഞങ്ങളും അബ്ദുമനാഫ് വംശവും കഴിഞ്ഞ കുറേ കാലമായി കിടമല്‍സരത്തിലായിരുന്നു. അവര്‍ ജനങ്ങള്‍ക്ക് അന്നം നല്‍കി. ഞങ്ങളും അതു തന്നെ ചെയ്തു. അവര്‍ ആളുകളുടെ ഭാരം ചുമന്നു. അവരെപ്പോലെ ഞങ്ങളും ഏറെ ത്യാഗം സഹിച്ചു. ദാനധര്‍മങ്ങളില്‍ വ്യാപൃതരായി. അവരും ഞങ്ങളും വാഹനപ്പുറത്ത് യാത്ര ചെയ്യുന്നതുപോലും ഒരുതരം മല്‍സരം പോലെയാണ്. അങ്ങനെ ഞങ്ങള്‍ ഇരുകൂട്ടരും വിജയം വരിക്കാനായി പാടുപെട്ടുകൊണടിരിക്കുകയായിരുന്നു. പന്തയത്തിലേര്‍പ്പെട്ട കുതിരകളെ പോലെ. എന്നാല്‍, ഇപ്പോള്‍ അവരിതാ അവകാശപ്പെടുന്നു: ഞങ്ങളുടെ കൂട്ടത്തില്‍ ഒരു നബിയുണട്. അദ്ദേഹത്തിന് ഉന്നതങ്ങളില്‍ നിന്ന് ദിവ്യസന്ദേശം ലഭിക്കുന്നു. ഞങ്ങള്‍ ഇതെങ്ങനെ സഹിക്കും? ഇല്ല, ഒരിക്കലും ഞാനിത് അംഗീകരിക്കുകയില്ല. അതില്‍ വിശ്വസിക്കുകയുമില്ല.’