പ്രവാചകനും പ്രിയപത്നി ഖദീജയും നമസ്കരിക്കുകയായിരുന്നു. നബി തിരുമേനി അടുത്തുള്ളവര്‍ കേള്‍ക്കത്തക്കവിധമാണ് നമസ്കാരത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്തുകൊണടിരുന്നത്. അല്പം മാറിനിന്ന് ഇരുവരെയും ശ്രദ്ധിച്ചുകൊണടിരുന്ന അബൂത്വാലിബിന്റെ മകന് അലി ഇത് ശ്രദ്ധാപൂര്‍വം കേട്ടുകൊണടിരുന്നു. അവര്‍ തലകുനിക്കുന്നതും നെറ്റി നിലത്തുവെച്ച് സാഷ്ടാംഗം ചെയ്യുന്നതുമെല്ലാം അങ്ങേയറ്റത്തെ അദ്ഭുതത്തോടെയും താല്പര്യത്തോടെയുമാണ് ആ ബാലന് നോക്കിനിന്നത്.
അലിക്ക് ഭൂമിയിലേറ്റം പ്രിയപ്പെട്ടവന് പിതൃവ്യപുത്രനായ മുഹമ്മദ് ആയിരുന്നു. കഴിഞ്ഞ കുറേകാലമായി അവരൊന്നിച്ചാണ് താമസം. അതിന് അവസരമൊരുക്കിയത് നബി തിരുമേനി തന്നെയാണ്. അലിക്ക് കുറേയേറെ സഹോദരങ്ങളുണടായിരുന്നു. അതിനാല്‍ മക്ക കൊടിയ പട്ടിണിയുടെ പിടിയിലമര്‍ന്ന ഘട്ടത്തില്‍ മുഹമ്മദ് പിതൃവ്യന് അബ്ബാസിനെ സമീപിച്ച് ഇങ്ങനെ പറഞ്ഞു: ‘നിങ്ങളുടെ സഹോദരന് അബൂത്വാലിബിന് കുറേ കുട്ടികളുണടല്ലോ. അവര്‍ ദാരിദ്യ്രം കാരണം കഷ്ടപ്പെടുകയാണ്. അബൂത്വാലിബിന്റെ പ്രയാസം കുറേയൊക്കെ പരിഹരിക്കാന്‍ നമുക്കു കഴിയും. അദ്ദേഹത്തിന്റെ മക്കളിലൊരാളെ താങ്കള്‍ സംരക്ഷിക്കുക. മറ്റൊരാളെ ഞാനും ഏറ്റെടുക്കാം.’ അങ്ങനെയാണ് അലി പിതൃവ്യപുത്രന്‍ മുഹമ്മദിന്റെ അടുത്തെത്തിയത്. ഒന്നിച്ചുള്ള ജീവിതത്തില്‍ അലി അദ്ദേഹത്തിന്റെ അകവും പുറവും നന്നായി പഠിച്ചറിഞ്ഞിരുന്നു. ജീവിതത്തില്‍ ഒരൊറ്റ കളവും പറയാത്തവനാണ് മുഹമ്മദ്. അദ്ദേഹം അന്നോളം ആരെയും ആക്രമിച്ചിട്ടില്ല; വഞ്ചിച്ചിട്ടില്ല; ആരോടും അനീതി കാണിച്ചിട്ടുമില്ല. ഇതൊക്കെയും സൂക്ഷ്മമായി മനസ്സിലാക്കിയ ആ ബാലന് മുഹമ്മദ് എന്താണ് ചെയ്തുകൊണടിരിക്കുന്നതെന്ന് അറിയാന്‍ അതിയായ ആകാംക്ഷയുണടായി. അതോടൊപ്പം അദ്ദേഹം ഉരുവിട്ടുകൊണടിരുന്ന വചനങ്ങള്‍ അലിയെ വല്ലാതെ ആകര്‍ഷിക്കുകയും ചെയ്തു. അതിനാല്‍ മുഹമ്മദ് തന്റെ കര്മത്തില്നിന്ന് വിരമിക്കുന്നത് ആ ബാലന് ആകാംക്ഷയോടെ കാത്തിരുന്നു. നമസ്കാരം കഴിഞ്ഞ ഉടനെ നബി തിരുമേനിയെ സമീപിച്ച് ചോദിച്ചു: ‘നിങ്ങള്‍ എന്താണ് ചെയ്തുകൊണടിരുന്നത്?’
മുഹമ്മദ് നബി താന്‍ ദൈവദൂതനായി നിയോഗിക്കപ്പെട്ടകാര്യവും നിര്വഹിച്ചുകൊണടിരുന്ന കര്‍മവും ചുരുക്കിവിവരിച്ചു. ഇസ്ലാമിനെ മൊത്തത്തില്‍ പരിചയപ്പെടുത്തുകയും ചെയ്തു. എല്ലാം ശ്രദ്ധിച്ചുകേട്ട ശേഷമാണ് ആ ബാലന് ഉറങ്ങാന്‍ പോയത്. എന്നാല്‍ ആ രാത്രി അലിക്ക് ഉറക്കം വന്നതേയില്ല. അടുത്ത പുലരിക്ക് വേണടി കണ്ണടക്കാതെ കാത്തിരുന്നു അവന്. നേരം പുലര്‍ന്നയുടനെ നബി തിരുമേനിയെ സമീപിച്ചു. താന്‍ സന്മാര്ഗം സ്വീകരിച്ചതായി പ്രഖ്യാപിച്ചു. അന്ന് അലിയുടെ പ്രായം കേവലം പതിനൊന്നു വയസ്സായിരുന്നു. എന്നിട്ടും പിതാവിനോടുപോലും അനുവാദം ചോദിക്കാതെയാണ് പ്രവാചകന്റെ പാത പിന്തുടര്ന്നത്. അദ്ദേഹത്തെ ആ ബാലന് അത്രയേറെ വിശ്വാസമായിരുന്നു. പിതാവ് അബൂത്വാലിബിനോട് സമ്മതം ആരായുന്നതിനെ സംബന്ധിച്ച് അന്വേഷിച്ചപ്പോള്‍ അലിയുടെ പ്രതികരണമിതായിരുന്നു: ‘അദ്ദേഹത്തോട് ചോദിച്ചല്ലല്ലോ അല്ലാഹു എന്നെ സൃഷ്ടിച്ചത്! അതിനാല്‍ അല്ലാഹുവിന് വഴിപ്പെടാനും അദ്ദേഹത്തോട് ചോദിക്കേണടതില്ല.’
ഇസ്ലാം സ്വീകരിച്ച ആദ്യത്തെ ബാലനാണ് അലി. എന്നാല്‍ അദ്ദേഹത്തിന്റെ പിതാവ് ജീവിതാന്ത്യംവരെ തന്റെ പഴയ ആചാരങ്ങളില്‍ ഉറച്ചുനില്ക്കുകയാണുണടായത്. ആദര്ശവിശ്വാസങ്ങളിലെ ഈ ഭിന്നത അവര്‍ക്കിടയിലെ ഊഷ്മള ബന്ധത്തെ ഒട്ടും ബാധിച്ചിരുന്നില്ല. പിതൃപുത്ര ബന്ധം സുദൃഢമായിത്തന്നെ തുടര്‍ന്നു.
കഥ & കവിത