കഥ & കവിത

വൃദ്ധനും ബാലനും

Spread the love

പള്ളിമണികളുടെ മുഴക്കം.
അത്രക്ക് ആഹ്ലാദകരമായ ഒരു ശബ്ദവും മുഹമ്മദ് ജീവിതത്തില്‍ അന്നേവരെ കേട്ടിട്ടില്ല!
 അബൂത്വാലിബിന്റെ കച്ചവട സംഘം സിറിയയിലെത്തിയതും നാലുപാടുനിന്നും പള്ളിമണികള്‍ മുഴങ്ങാന്‍ തുടങ്ങിയിരുന്നു. കിലുങ്ങുന്ന ആ മണിയൊച്ച കേട്ടപ്പോള്‍ തന്റെ ഇളം മനസ്സില്‍ തോന്നിയ കാര്യം, മുഹമ്മദ് പിതൃവ്യനോട് തുറന്നു ചോദിക്കുകയും ചെയ്തു.
‘അവര്‍ നമ്മളെ സ്വാഗതം ചെയ്യുകയാണോ?’
‘അല്ല കുഞ്ഞേ, അത് പള്ളിമണികളാണ്, ക്രിസ്ത്യാനികളെ പ്രാര്‍ഥനക്ക് ക്ഷണിക്കുന്ന പള്ളിമണികള്‍!’ അബൂത്വാലിബിന്റെ ഉത്തരം മുഹമ്മദ് ശ്രദ്ധയോടെ കേട്ടു. തികച്ചും പുതുമയുള്ള ഒരറിവായിരുന്നു അത്.
മരുഭൂമിയിലൂടെയുള്ള, ഏകസ്വരവും ഏകതാളവുമായ ദീര്‍ഘയാത്രയുടെ മുഷിച്ചിലിനുശേഷം വൃത്തിയുള്ള ഈ കൊച്ചു നഗരം യാത്രികര്‍ക്ക് ആനന്ദകരം തന്നെയായിരുന്നു. അടുത്തെന്നോ പെയ്ത ഒരു മഴയുടെ ഹരിതശകലങ്ങള്‍ അവിടവിടെ ചിതറിക്കിടന്നിരുന്നു. നനഞ്ഞ മണ്ണിന്റെയും കുതിര്‍ന്ന ഇഷ്ടികയുടെയും സുഗന്ധം വായുവില്‍ അപ്പോഴും തങ്ങിനിന്നിരുന്നു.
പെട്ടെന്ന് മണിയൊച്ച നിലച്ചു. അന്തരീക്ഷം ശാന്തവും മൂകവുമായി. എങ്ങുനിന്നോ ഓടിയെത്തിയ സ്വഛവും ശീതളവുമായ ഒരു കാറ്റ് മുഹമ്മദിനെ തഴുകി കടന്നുപോയി. എത്ര ചേതോഹരമായ സ്ഥലം! മുഹമ്മദിനു നല്ല ഉന്മേഷം തോന്നി. പൊടിയും ശബ്ദവും ഉഷ്ണവും നിറഞ്ഞ നമ്മുടെ മക്കയെവിടെ? സുന്ദരമായ ഈ സിറിയയെവിടെ? മുഹമ്മദ് ഈ ചിന്തയില്‍ മുഴുകിയിരിക്കെ ഏറെയൊന്നും അകലെയല്ലാത്ത ഒരു ക്രിസ്ത്യന്‍ പാതിരിയുടെ മഠത്തില്‍ അസാധാരണമായ ഒരു കാര്യം സംഭവിക്കുന്നുണ്ടായിരുന്നു.
പാതിരിയുടെ പേര് ബഹീറ. അയാള്‍ നീണ്ടു നരച്ച ഒരു റോമന്‍ ളോഹ ധരിച്ചിരുന്നു. തല മുണ്ഡനം ചെയ്യുകയും താടി നീട്ടി വളര്‍ത്തുകയും ചെയ്തിരുന്നു. ഭക്തനും വിശുദ്ധനുമായ ഒരു പാതിരിയായിരുന്നു ബഹീറ.
അന്ന്, ആ വിശേഷദിവസം ബഹീറ തന്റെ ദൈവശുശ്രൂഷാ കര്‍മങ്ങള്‍ക്കൊരുങ്ങുമ്പോഴാണ് ഒട്ടും  അകലെയല്ലാതെ ആ യാത്രാസംഘത്തിന്റെ ആരവം കേട്ടത്. ഇത് ഒരു പുതുമയുള്ള കാര്യമൊന്നും ആയിരുന്നില്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എത്രയോ യാത്രാസംഘങ്ങളുടെ സന്തോഷാരവങ്ങള്‍ തന്റെ കണ്ണിലൂടെയും കാതിലൂടെയും കടന്നുപോയിരിക്കുന്നു. പക്ഷേ എന്തോ ഒരസാധാരണത്വം… എന്തോ ഒരു സവിശേഷത ഇത്തവണ അദ്ദേഹത്തെ സ്തബ്ധനാക്കി. യഥാര്‍ഥത്തില്‍ ആ പുരോഹിതന്‍ തന്റെ അടഞ്ഞ കണ്ണുകള്‍ക്കു മുമ്പില്‍ വ്യക്തമായി കാണുകയായിരുന്നു: ഒട്ടകങ്ങള്‍, കച്ചവടച്ചരക്കുകള്‍, മനുഷ്യര്‍-മരുഭൂമിയിലൂടെ ചക്രവാളത്തിലേക്ക് നീളുന്ന ചങ്ങല. ജ്വലിക്കുന്ന സൂര്യനു ചുവട്ടിലൂടെയുള്ളനീണ്ട യാത്രഅവരെ വല്ലാതെ തളര്‍ത്തിയിട്ടുണ്ട്. അതാ… അവരുടെ മധ്യത്തില്‍ ഒരു കുട്ടിയുമുണ്ടല്ലോ- ബഹീറ കണ്ടു- കോമളനായ ഒരു ബാലന്‍! വിചിത്രമായ സംഗതി അതല്ല, ആ കുട്ടിക്കു കുട ചൂടിക്കൊണ്ട് ഒരു മേഘം ആകാശത്തുകൂടെ അവനെ അനുയാത്ര ചെയ്യുന്നുണ്ട്. സൂര്യതാപത്തില്‍നിന്ന് അവനെ കാക്കുന്ന അവന്റെ സ്വന്തം മേഘം!
ബഹീറ കണ്ണുകള്‍ നല്ലവണ്ണം ചിമ്മിത്തുറന്നു സൂക്ഷിച്ചു നോക്കി. പക്ഷേ, എല്ലാ ചിത്രങ്ങളും അപ്പോഴേക്കും മാഞ്ഞുപോയിരുന്നു. ആ പാതിരിയുടെ തുറന്ന മിഴികള്‍ക്കു മുമ്പില്‍ മഠത്തിന്റെ വെളുത്ത ചുമരുകള്‍ മാത്രം!
ബഹീറ വേഗം തന്റെ മുട്ടുകളില്‍നിന്ന് എഴുന്നേറ്റു. യാത്രാസംഘത്തെ ഒന്നു നേരില്‍ കാണാനായി അദ്ദേഹം പുറത്തേക്കിറങ്ങി. അടുത്തൊരു വൃക്ഷക്കൂട്ടത്തിനു നടുവില്‍ അവര്‍ വിശ്രമിക്കാനൊരുങ്ങുകയാണ്. ഒരു കൊച്ചു വൃക്ഷം സുന്ദരനായ ആ ബാലന്റെ മൂര്‍ധാവിലേക്ക് അതിന്റെ ചില്ലകള്‍ താഴ്ത്തി തണല്‍ വീഴ്ത്തുന്നതും ബഹീറ പ്രത്യേകം സൂക്ഷിച്ചു. അതേ, പ്രാര്‍ഥനക്കിടയില്‍ താന്‍ കണ്ട ആ ബാലന്‍ തന്നെ!
ഇത് അസാധാരണമായിരിക്കുന്നല്ലോ-ബഹീറ ഓര്‍ത്തു- ഈ കുട്ടി ദൈവത്തിന്റെ ഒരു ദൃഷ്ടാന്തമാവാം. അദ്ദേഹം സ്വയം പറഞ്ഞു: ‘എന്തോ ഒരു ദിവ്യപരിവേഷം അവനെ ചൂഴ്ന്നു നില്‍ക്കുന്നുണ്ട്.’
അദ്ദേഹം തന്നെത്തന്നെ മറന്ന് വേഗം മുന്നോട്ട് നടന്ന് യാത്രാസംഘത്തെ സമീപിച്ചു:
”ഖുറൈശികളേ, നിങ്ങള്‍ക്കു ഞാനൊരു വിരുന്നൊരുക്കാം. വലിയവരും ചെറിയവരുമെല്ലാം കൂടി എന്റെ കൂടെ വരാമോ?”
കൂട്ടത്തിലൊരാള്‍ പൊട്ടിച്ചിരിച്ചുകൊണ്ടാണ് ഇതിനു മറുപടി പറഞ്ഞത്: ‘ഇതു വല്ലാത്ത അത്ഭുതമായിരിക്കുന്നല്ലോ! ബഹീറാ, താങ്കള്‍ക്കെന്തു പറ്റി? ഇന്നാദ്യമായിട്ടൊന്നുമല്ലല്ലോ ഞങ്ങള്‍ ഈ സിറിയയില്‍ വരുന്നത്?’
ഇതു കേട്ട് അല്‍പമൊന്നു പരുങ്ങിയെങ്കിലും ആ പുരോഹിതന്‍ പറഞ്ഞു: ‘ങാ.. നിങ്ങള്‍ പറഞ്ഞതു ശരി തന്നെ, എന്നാലും ഇന്ന് നിങ്ങള്‍ എന്റെ അതിഥികളാണ് ഈ കിഴവന്റെ മോഹം നിങ്ങള്‍ സാധിച്ചുതരുമോ?’
അവര്‍ വഴങ്ങി. ബഹീറ സന്തോഷത്തോടെ ഭക്ഷണമൊരുക്കാന്‍ പോയി.
എല്ലാവരും ബഹീറയുടെ സല്‍ക്കാരത്തിനു പുറപ്പെട്ടു നില്‍ക്കെ അബൂത്വാലിബ് മുഹമ്മദിനെ അടുത്തു വിളിച്ചു:
”കുഞ്ഞേ, നീ നല്ല കുട്ടിയല്ലേ- എനിക്കതറിയാം- നിനക്കുള്ള ഭക്ഷണമിതാ ഇവിടെയുണ്ട്. നമ്മുടെ ഒട്ടകങ്ങളെയും സാധനങ്ങളെയും കാത്ത് നീ ഇവിടെത്തന്നെ ഇരിക്ക്.”
മുഹമ്മദിന് അതൊന്നും പ്രശ്‌നമായിരുന്നില്ല. ഒറ്റക്കിരിക്കുന്നതില്‍ എന്നും ആനന്ദം കണ്ടെത്തിയിരുന്ന ആ ബാലന്‍ പിതൃവ്യന്റെ നിര്‍ദേശം സന്തോഷത്തോടെത്തന്നെ അംഗീകരിച്ചു.
പക്ഷേ, ബഹീറയുടെ കാര്യം കുഴഞ്ഞല്ലോ. എല്ലാവരും അടുത്തെത്തിയപ്പോള്‍ അദ്ദേഹം അത് കണ്ടെത്തി. എവിടെ ആ കുട്ടി? അവനു വേണ്ടിയാണല്ലോ സത്യത്തില്‍ താനീ പാടെല്ലാം പെട്ടത്.
പക്ഷേ, ആള്‍ക്കൂട്ടത്തില്‍ അവന്റെ പൊടിപോലുമുണ്ടായിരുന്നില്ല. ഒരു നിമിഷം ബഹീറക്ക് തന്നെത്തന്നെ വിശ്വാസമില്ലാതായി. ഇതെല്ലാം തന്റെ തോന്നലായിരുന്നുവോ? ആ കുട്ടി…. കുടപിടിക്കുന്ന മേഘം….  ചില്ല താഴ്ത്തുന്ന കൊച്ചു വൃക്ഷം… എല്ലാം?! ഏയ്.. അങ്ങനെയാവാന്‍ വഴിയില്ല. വൃദ്ധനാണെങ്കിലും താന്‍ പകല്‍ക്കിനാവ് കാണുന്ന ഒരു വിഡ്ഢിയല്ല!
ഓരോരുത്തരെയും ഹസ്തദാനം ചെയ്ത് സ്വീകരിക്കുന്നതിനിടയില്‍ അദ്ദേഹം അക്ഷമയോടെ ചോദിക്കുന്നുണ്ടായിരുന്നു: ”സംഘത്തിലുള്ള ആരും വരാതിരുന്നിട്ടില്ലല്ലോ?”
”ലാത്തയാണ, ഉസ്സയാണ, കൂട്ടത്തില്‍ ചെറിയവനായ മുഹമ്മദ് മാത്രമേ വരാതിരുന്നിട്ടുള്ളൂ. അവന്‍ അതാ.. അവിടെ കാവലാണ്.” അതു പറഞ്ഞയാളിനെ ബഹീറ അമര്‍ത്തി ആലിംഗനം ചെയ്യുകയും പ്രത്യേകം സല്‍ക്കരിക്കുകയും ചെയ്തു.
ഭക്ഷണ സമയത്തും ബഹീറ, അകലെ മരച്ചുവട്ടില്‍ ഏകാഗ്രചിത്തനായി ഇരിക്കുന്ന ആ ബാലനെ ഇമവെട്ടാതെ നോക്കുകയായിരുന്നു. എന്തൊരു കുലീനത! എന്തൊരു ലാളിത്യം! എന്തൊരു ഗാംഭീര്യം.
സദ്യ കഴിഞ്ഞ് ആളുകളകന്നപ്പോള്‍ ബഹീറ മുഹമ്മദിനെ വിളിച്ചു: ‘ഇങ്ങോട്ടുവരൂ കുഞ്ഞേ, വന്ന് എന്റെ അടുത്തിരിക്കൂ. എന്നിട്ട്, ലാത്തയാണ, ഉസ്സയാണ, നിന്നെക്കുറിച്ച് എല്ലാം എന്നോടു പറയൂ.’ ഖുറൈശികളുടെ ദൈവങ്ങളുടെ പേരുകള്‍ താനുച്ചരിച്ചത് ശരി തന്നെയല്ലേ എന്ന മട്ടില്‍ ബഹീറ മുഹമ്മദിനെ നോക്കി.
പക്ഷേ, സുന്ദരമായ ആ മുഖത്ത് ഒരു കാളിമ പരന്നിരുന്നു.
‘ദയവു ചെയ്ത് ലാത്തയുടെയും ഉസ്സയുടെയും കാര്യം എന്നോട് പറയാതിരിക്കൂ. ഞാനവറ്റയെ വെറുക്കുന്നു. എന്റെ ദൈവം അല്ലാഹുവാണ്.’
അപ്പോള്‍ ബഹീറ മറ്റൊരു രീതിയില്‍ തന്റെ ചോദ്യം ആവര്‍ത്തിച്ചു: ‘എങ്കില്‍ അല്ലാഹുവിന്റെ പേരില്‍ എന്റെ ചോദ്യത്തിന് ഉത്തരം പറയൂ.’
മുഹമ്മദ് തന്നെ സംബന്ധിച്ച എല്ലാ കാര്യങ്ങളും ആ വൃദ്ധ പുരോഹിതനോട് പറഞ്ഞു. മുഴുവന്‍ കേട്ടു കഴിഞ്ഞപ്പോള്‍ ബഹീറ വളരെ സന്തുഷ്ടനായി. ഈ കുട്ടി ദൈവാനുഗ്രഹം സിദ്ധിച്ചവന്‍തന്നെ-അദ്ദേഹത്തിന്റെ തോന്നല്‍ ബലപ്പെടുകയും ചെയ്തു.
മുഹമ്മദിന്റെ കൈ പിടിച്ചു നടക്കവെ അബൂത്വാലിബിനെ സമീപിച്ച്അദ്ദേഹം പറഞ്ഞു: ”ഈ കുഞ്ഞിനെ ശ്രദ്ധയോടെ കാത്തുകൊള്‍ക. നിങ്ങളുടെ ഈ ഭാഗിനേയന് നല്ലൊരു ഭാവി വരാനിരിക്കുന്നു.” അബൂത്വാലിബ് വെറുതെ ചിരിച്ചതേയുള്ളൂ. കുറേ കഴിഞ്ഞ് മുഹമ്മദിനെ കൂട്ടിക്കൊണ്ടുപോകാന്‍ അബൂത്വാലിബ് വരുമ്പോഴും വൃദ്ധനും ബാലനും തമ്മില്‍ കാര്യമായ വര്‍ത്തമാനത്തിലാണ്. അവര്‍ ഇതിനകം നല്ല സുഹൃത്തുക്കളായിക്കഴിഞ്ഞിരുന്നു.
വ്യാപാരം കഴിഞ്ഞ് മക്കയിലേക്ക് മടങ്ങവെ മുഹമ്മദ് പിതൃവ്യനോട് ചോദിച്ചു: ”ഇനിയുമൊരിക്കല്‍ സിറിയയിലേക്ക് വരുമ്പോള്‍ അങ്ങ് എന്നെയും കൂടെ കൊണ്ടുപോരുമോ?’
‘ഉം…? എന്താ ചോദിക്കാന്‍?’
‘അല്ല… എനിക്കതു വളരെ സന്തോഷകരമായിരിക്കും’.
‘ങാ, അടുത്ത തവണ സിറിയയിലേക്ക് വരുമ്പോള്‍ നിനക്ക് ധാരാളം ജോലിയുണ്ടാകും.’ ചെറിയൊരു ചിരിയോടെ അബൂത്വാലിബ് തുടര്‍ന്നു: ‘പക്ഷേ കച്ചവടത്തിനിടയില്‍ ഇത്തരം വിഡ്ഢിവര്‍ത്തമാനങ്ങള്‍ക്കു വേണ്ടി പാഴാക്കാന്‍ സമയം കാണില്ലെന്നു മാത്രം.’
അപ്പോള്‍ മുഹമ്മദും മൃദുവായി പുഞ്ചിരിച്ചു.
(പുനരാഖ്യാനം)

You may also like