അനുയായികള്‍ എത്തുമ്പോള്‍ പണ്ഡിതന്‍ പട്ടുമെത്തയില്‍ വിശ്രമിക്കുകയായിരുന്നു.
പരിചാരകന്‍ ഭക്ഷണത്തളികകളില്‍ വിശിഷ്ട ഭോജ്യങ്ങള്‍ വിളമ്പി അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടായിരുന്നു.
ആട്ടുകട്ടിലില്‍ വന്നിരുന്ന് അദ്ദേഹത്തിന്റെ സെക്രട്ടറി അനുയായികളോട് പതുക്കെ പറഞ്ഞു: ‘കാത്തിരിക്കുക’
അനുയായികള്‍ ഭവ്യതയോടെ ഒരു മൂലയിലേക്ക് മാറിനിന്നു.
പണ്ഡിതന്‍ തീന്‍ മുറിയിലേക്ക്.
ഇറക്കുമതി ചെയ്ത വെള്ളിപാത്രങ്ങളില്‍ ആടും കോഴിയും രുചിയേറിയ വിഭവങ്ങളായി മാറി പണ്ഡിതനെ കാത്തിരിക്കുന്നുണ്ടായിരുന്നു.
വയര്‍ നിറഞ്ഞു സംതൃപ്തിയുടെ ഒരു ഏമ്പക്കവുമായി പണ്ഡിതന്‍ അകത്തെ മുറിയിലേക്ക് പോയി ഉടയാടകള്‍ മാറ്റി.
നീണ്ട താടിയും പട്ടിനേക്കാള്‍ മൃദുലമായ വിലകൂടിയ വസ്ത്രങ്ങളുമായി ഇറങ്ങിവന്നു.
‘എന്തൊരു തേജസ്സ്!’
കൊട്ടാരത്തിന്റെ ഒരു മൂലയില്‍ ശ്വാസം പോലും അടക്കിപ്പിടിച്ചുനിന്ന ഒരനുയായി ആരും കേള്‍ക്കാതെ സ്വയം പറഞ്ഞു.
പുറത്ത് ചൂട് തിളച്ചു മറിയുന്നുണ്ടായിരുന്നു.
കൊട്ടാരത്തിനകത്ത് തണുപ്പ് തളം കെട്ടി നിന്നു.
പണ്ഡിതന്‍ അനുയായികളാല്‍ ചുറ്റപ്പെട്ട് പുറത്തേക്ക്
മുറ്റത്ത് നിര്‍ത്തിയ വിദേശകാറില്‍ പണ്ഡിതന്‍ കയറി. അനുയായികള്‍ മറ്റൊരു സാദാ വാഹനത്തിലും.
കാറൊഴുകി.
ഇപ്പോള്‍ പണ്ഡിതന്‍ കടപ്പുറത്ത് പ്രത്യേകം കെട്ടിയുണ്ടാക്കിയ അത്യാധുനിക സൌകര്യങ്ങളുള്ള സ്‌റേജില്‍.
കടല്‍ക്കരയില്‍ പൂഴി പോലെ ജനം.
പ്രവാചകനെക്കുറിച്ചുള്ള പ്രഭാഷണമാണ്.
പണ്ഡിതന്‍ മൈക്കിനോട് എന്തൊക്കെയോ പറഞ്ഞു.
മൈക്ക് അത് ഏറ്റുപിടിച്ചു കടപ്പുറത്തെ പുരുഷാരങ്ങളോടോതി.
പെട്ടെന്ന് കടലിലെ ഒരു തിര വിളിച്ചുപറഞ്ഞു.
‘പ്രവാചകന്‍ താമസിച്ചത് ചുമരുകള്‍ കട്ടകൊണ്ട് പണിത ഒരു കൊച്ചു കൂരയിലായിരുന്നു’
‘അതിന്റെ മേല്‍ക്കൂര പനയോല കൊണ്ടായിരുന്നു’ മറ്റൊരു തിര കൂട്ടിച്ചേര്‍ത്തു.
‘പ്രവാചകന്റെ മുറിയില്‍ ഒരു ചൂടിക്കട്ടില്‍ മാത്രം’ ഒരു തിര വീണ്ടും.
‘പനയോല നിറച്ച ഒരു തലയണയായിരുന്നു പ്രവാചകന്’ മറ്റൊരു തിര തുള്ളിച്ചാടി.
തിരകളുടെ ശബ്ദം പണ്ഡിതന്റെ കാതുകളെ മൂടി.
ഒടുവില്‍ ഒരു ചാട്ടവാറടി പോലെ വന്‍ തിരവന്നു പണ്ഡിതന്റെ മുഖത്തേക്ക്
തിര ഒരു കഥയോതുന്നുണ്ടായിരുന്നു.
പ്രവാചകന്റെ ദേഹത്തില്‍ പരുത്ത കോസടികളുടെ പാടുകള്‍ കണ്ട അനുയായികള്‍ പ്രവാചകനോട് ചോദിച്ചു:
‘ഒരു മൃദുലമായ മെത്ത തരട്ടേ?’
പ്രവാചകന്‍ പറഞ്ഞു:
‘ഈ ലൌകിക സുഖസൌകര്യങ്ങള്‍ എനിക്കെന്തിനാണ്?
ഒരു വൃക്ഷത്തണലില്‍ അല്‍പനേരം വിശ്രമിച്ചു യാത്ര തുടരുന്ന യാത്രക്കാരനുള്ളത് പോലെയാണ് ഈ ലോകവുമായി എനിക്കുള്ള ബന്ധം.”
തിരകള്‍ കടപ്പുറവും സ്‌റേജും കൈയേറുകയായിരുന്നു.
പിറ്റേന്നത്തെ പത്രങ്ങളിലും ചാനലുകളിലും സൂനാമിയുടെ വാര്‍ത്തകളായിരുന്നു.