കഥ & കവിത

വടികൊടുത്ത് അടിവാങ്ങിയ അബൂജഹ്ല്‍

Spread the love

അബൂജഹ്ല്! നബിതിരുമേനിയെ തല്ലി. ചീത്ത വിളിക്കുകയും കഠിനമായി പരിഹസിക്കുകയും ചെയ്തു. വാര്‍ത്ത അബ്ദുല്‍ മുത്ത്വലിബിന്റെ മകന്‍ ഹംസയുടെ കാതുകളിലുമെത്തി. അദ്ദേഹം പ്രവാചകന്റെ പിതൃവ്യനാണ്. മുലകുടിബന്ധത്തില്‍ സഹോദരനും. എങ്കിലും അന്നോളം ഇസ്ലാം സ്വീകരിച്ചിരുന്നില്ല. അദ്ദേഹത്തെ കൂടെ കിട്ടണമെന്ന് നബിതിരുമേനി അതിയായി ആഗ്രഹിച്ചിരുന്നു. ധൈര്യവും സ്ഥൈര്യവും കഴിവും കരുത്തും ഒത്തിണങ്ങിയ ഹംസയുടെ സാന്നിധ്യം തന്റെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏറെ സഹായകമാകുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു; എതിര്‍പ്പുകളുടെ രൂക്ഷത അല്‍പമെങ്കിലും കുറക്കുമെന്നും. അതുകൊണടുതന്നെ പ്രവാചകന്‍ അദ്ദേഹത്തിന് ദൈവികസന്മാര്‍ഗത്തെ വിശദമായി പരിചയപ്പെടുത്തി. പലതവണ സത്യപാത സ്വീകരിക്കാന്‍ പ്രേരിപ്പിച്ചു. എല്ലായ്‌പോഴും എന്തെങ്കിലും തടസ്സം പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. പക്ഷേ, മറ്റു അവിശ്വാസികളെപ്പോലെ ശത്രുപക്ഷം ചേര്‍ന്ന് അക്രമ മര്‍ദനങ്ങളിലേര്‍പ്പെട്ടിരുന്നില്ല.
മുഹമ്മദിനെ അബൂജഹ്ല്! ആക്രമിച്ച വിവരം ഹംസ അറിഞ്ഞത് വേട്ട കഴിഞ്ഞ് മടങ്ങിവരവെയാണ്. വേട്ടയാടുന്നതില്‍ അതീവതല്‍പരനായിരുന്ന അദ്ദേഹം അന്നും മക്കക്ക് പുറത്തുള്ള മലഞ്ചെരിവുകളില്‍ ഉരുക്കളെ തേടിപ്പോയതായിരുന്നു. അബൂജഹല്‍ ക്രൂരമായി പ്രഹരിക്കുകയും മോശമായി പെരുമാറുകയും ചെയ്തിട്ടും മുഹമ്മദ് നബി എന്തെങ്കിലും പ്രതികരിക്കുകയോ തീരെ പ്രതിരോധിക്കുകയോ ചെയ്യാതെ മൌനം പാലിച്ച് ശാന്തനായി നടന്നുപോവുകയാണുണടായതെന്ന കാര്യം കൂടി അറിഞ്ഞതോടെ ഹംസയുടെ മനസ്സില്‍ പ്രവാചകനോടുള്ള സഹതാപവും അബൂജഹ്ലിനോടുള്ള പ്രതികാരവാഞ്ഛയും ഉണര്‍ന്നു.
വേട്ട കഴിഞ്ഞെത്തിയാല്‍ വിശുദ്ധ കഅ്ബ പ്രദക്ഷിണം ചെയ്ത ശേഷമേ ഹംസ വീട്ടില്‍ പ്രവേശിക്കാറുണടായിരുന്നുള്ളൂ. അന്നും പതിവ് തെറ്റിച്ചില്ല. എങ്കിലും വഴിയില്‍ കാണുന്നവരെയൊക്കെ അഭിവാദ്യം ചെയ്യാറുണടായിരുന്ന അദ്ദേഹം അന്ന് ആരോടും ഒന്നും പറയാതെ കഅ്ബയുടെ നേരെ നടന്നടുക്കുകയായിരുന്നു. അവിടെ നില്‍ക്കുകയായിരുന്ന അബൂജഹ്ലിനെ തന്റെ വശമുള്ള വില്ലുകൊണട് പൊതിരെത്തല്ലി. മേലില്‍ മുഹമ്മദിനെ ദ്രോഹിച്ചാല്‍ വെറുതെവിടില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കഅ്ബയുടെ പരിസരത്തുണടായിരുന്ന മഖ്‌സൂം ഗോത്രത്തില്‍പെട്ട ചിലര്‍ അബൂജഹ്ലിനെ സഹായിക്കാനെത്തിയെങ്കിലും അദ്ദേഹം അതിനനുവദിച്ചില്ല. അങ്ങനെ ചെയ്താല്‍ അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്ന് അബൂജഹ്ലിന് നന്നായറിയാമായിരുന്നു.
തന്റെ മനസ്സില്‍ ഏറെക്കാലമായി കാത്തുസൂക്ഷിക്കുന്ന ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ ഏറ്റം പറ്റിയ അവസരം അതുതന്നെയാണെന്ന് ഹംസക്ക് തോന്നി. അങ്ങനെ താന്‍ ഇസ്ലാം സ്വീകരിക്കുന്നതായും മുഹമ്മദിന്റെ മാര്‍ഗം പിന്തുടരുന്നതായും അദ്ദേഹം പ്രഖ്യാപിച്ചു. അബൂജഹ്ലിനെ സംബന്ധിച്ചിടത്തോളം വില്ലുകൊണടുള്ള അടിയെക്കാള്‍ കടുത്ത പ്രഹരം അതായിരുന്നു. അയാള്‍ വടികൊടുത്ത് അടിവാങ്ങുകയായിരുന്നു.

You may also like