‘അല്ലാഹുവിന്റെ ദൂതരേ, അങ്ങ് ഇവ്വിധം ദുരിതമനുഭവിച്ച് ദരിദ്രനായി കഴിയുമ്പോള്‍ കിസ്റമാരും ഖൈസര്‍മാരും ഭൂമിയിലെ സുഖ സൌകര്യങ്ങളാസ്വദിച്ച് ആര്‍ഭാട ജീവിതം നയിക്കുന്നത് ഒരു ഭാഗ്യവിപര്യയമല്ലേ?” ഉമറുല്‍ ഫാറൂഖ് ഈ ചോദ്യമുന്നയിച്ചത് പൊട്ടിക്കരഞ്ഞുകൊണടായിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകളെങ്ങനെ ഈറനണിയാതിരിക്കും? ഭൂമിയില്‍ താനേറ്റം സ്നേഹിക്കുന്ന പ്രവാചകപുംഗവന്റെ പൂമേനിയില്‍ പരുക്കന്‍ പായയുടെ പാടുകള്‍ പതിഞ്ഞിരിക്കുന്നു. അറേബ്യയുടെ പാതിയിലധികവും അപ്പോള്‍ അദ്ദേഹത്തിന്റെ അധീനതയിലായിരുന്നു. നബിതിരുമേനി ഇസ്ലാമിക സമൂഹത്തിന്റെ നേതാവുമാത്രമല്ല; മദീന ആസ്ഥാനമായുള്ള രാഷ്ട്രത്തിന്റെ ഭരണാധികാരി കൂടിയാണ്. എന്നിട്ടും അദ്ദേഹം അന്തിയുറങ്ങുന്നത് പരുപരുത്ത പനയോലപ്പായയിലാണ്. അവിടുത്തെ വീടുകളിലെ സാധനസാമഗ്രികളോ വളരെ പരിമിതവും.
അടുത്തും അകലെയുമുള്ള നാടുകളില്‍നിന്ന് വന്നുചേരുന്ന സമ്പത്തിന്റെ അവകാശിയായിരുന്നു നബിതിരുമേനി. പക്ഷേ, അദ്ദേഹം അതില്‍ നിന്നൊന്നും എടുത്തില്ല. എല്ലാം പൊതുഖജനാവില്‍ ലയിപ്പിച്ചു. വളരെ ദരിദ്രനായി ജീവിതം നയിച്ചു. അറേബ്യയിലെ ഏറ്റം ദരിദ്രന്റേതിനു സമാനമായിരുന്നു അദ്ദേഹത്തിന്റെ അവസ്ഥ. ഇതാണ് ഉമറിനെ കരയിപ്പിച്ചത്.
‘ഉമറേ, കിസ്റമാരും ഖൈസര്‍മാരും ഈ ലോകം തെരഞ്ഞെടുക്കുമ്പോള്‍, ഞാന്‍ പരലോകം തെരഞ്ഞെടുക്കുന്നത് താങ്കള്‍ക്കിഷ്ടമല്ലേ?” പ്രവാചകന്റെ ഈ ചോദ്യം ഉമറുല്‍ ഫാറൂഖിനെ ഉത്തരംമുട്ടിച്ചു. അദ്ദേഹത്തിന് പ്രത്യേകിച്ചൊന്നും പറയാനുണടായിരുന്നില്ല.
കഥ & കവിത