ഇതൊരു മീന്‍കാരന്റെ കഥയാണ്.
കടല്‍ത്തീരത്തുനിന്ന് അഞ്ച് നാഴിക അകലെയാണ് മീന്‍കാരന്റെ വീട്. വീട്ടില്‍ ഉമ്മയും ഭാര്യയും അഞ്ച് മക്കളുമുണ്ട്.
കൊറ്റിയുദിക്കുന്നതിനുമുമ്പ് എഴുന്നേല്‍ക്കണമെന്നു ഉദ്ദേശിച്ചുകൊണ്ടാണ് മീന്‍കാരന്‍ ഉറങ്ങാന്‍ കിടക്കുക. പകലത്തെ ഓട്ടവും ചാട്ടവും നിമിത്തം ക്ഷീണിച്ചവശനായ മീന്‍കാരന്‍ ഉണരുമ്പോഴേക്കും നേരം പുലര്‍ന്നിരിക്കും. പച്ചവെള്ളം പോലും കുടിക്കാതെ തന്റെ കാവടിയുമായി മീന്‍കാരന്‍ കടപ്പുറത്തേക്കോടും. കാരണം അല്‍പം താമസിച്ചുപോയാല്‍ പിന്നെ മീന്‍ കിട്ടുകയില്ല. അഞ്ചുമണിയാവുമ്പോഴേക്കും തോണികള്‍ മുഴുവന്‍ കരയടുപ്പിച്ചിരിക്കും. അടുപ്പിച്ച ഉടനെ മീന്‍ വിറ്റഴിയുകയും ചെയ്യും.
മിക്ക ദിവസവും മീന്‍കാരന്‍ എത്തുമ്പോഴേക്കും നല്ല മീനെല്ലാം ആണുങ്ങള്‍ കൊണ്ടുപോയിരിക്കും. ബാക്കിവന്ന പരല്‍ മീനുകളായിരിക്കും അവന് കിട്ടുക. അതും കൊട്ടകളില്‍ നിറച്ചുകൊണ്ട് അവന്‍ ‘ഐല’ ‘ഐല’ ‘ഐല’ എന്ന് കൂവിക്കൊണ്ട് സന്ധ്യയാകുന്നതുവരെ ഊടുവഴികളിലൂടെ കാവുമേന്തി ഓടിനടക്കും. അവന്റെ ഇടപാടുകാരെല്ലാം അവന്റെ വരവും കാത്തിരിക്കും. കാരണം ഏറ്റവും ആദായവിലയ്ക്ക് മീന്‍ വില്‍ക്കുന്ന മീന്‍കാരനാണ് അവന്‍.
മീനെല്ലാം വിറ്റ് കണക്കു കൂട്ടിയാല്‍ വലിയ ലാഭമൊന്നും ഉണ്ടാവുകയില്ല. കുറെ കടമായും പോയിട്ടുണ്ടാകും. കടം മിക്കവാറും തിരിച്ചു കിട്ടാറുമില്ല. കടം തിരിച്ചു തരാത്തവരെല്ലാം നബി(സ)യുടെ ഉമ്മത്തികളായതുകൊണ്ടു അവന് അതില്‍ പരിഭവമോ പരാതിയോ ഇല്ല.
അരിയും ഉപ്പും മുളകും, ബാക്കിവന്ന പരല്‍മീനുമായി വീട്ടിലെത്തുമ്പോള്‍ വിശന്നുവലഞ്ഞ കുഞ്ഞുങ്ങള്‍ ഉറങ്ങിയിട്ടുണ്ടാവും. ഉണര്‍ന്നിരിക്കുന്ന ഭാര്യ തിരക്കിട്ട് അരണ്ട വെളിച്ചത്തില്‍ ചോറും മീന്‍കറിയും ഉണ്ടാക്കും. ഉറങ്ങിക്കിടക്കുന്ന കുട്ടികളെ വിളിച്ചുണര്‍ത്തി ഓരോ പിടി ചോറു തിന്നുമ്പോഴേക്കും മണി പത്തോ പതിനൊന്നോ ആയിക്കാണും. അതോടെ മീന്‍കാരന്‍ കട്ടിലില്‍ വീഴുകയും വീണ ഉടനെ ഉറക്കം അവനെ അനുഗ്രഹിക്കുകയും ചെയ്യും.
അങ്ങനെ പതിവുപോലെ ഇന്നലെ അവന്‍ ഉറങ്ങിക്കൊണ്ടിരുന്നപ്പോള്‍ ഒരു സ്വപ്നം കണ്ടു.
അവന്റെ കട്ടിലിന്നരികില്‍ ഒരു വെളിച്ചം. വെളിച്ചത്തില്‍ അവന്‍ ഒരു മലക്കിനെ കണ്ടു. ആദ്യം അവന്‍ ഒന്നു ഞെട്ടി. മലക്കാണല്ലോ എന്നു മനസ്സിലായപ്പോള്‍ ആശ്വാസമായി.
മലക്ക് തടിച്ച പുസ്തകത്തില്‍ എന്തോ എഴുതിക്കൊണ്ടിരിക്കുകയാണ്. എഴുതിത്തീര്‍ന്നു പുസ്തകം അടച്ചുവെച്ചപ്പോള്‍ മീന്‍കാരന്‍ ചോദിച്ചു:
”അല്ലയോ മലക്കേ, താങ്കള്‍ ഇതുവരെ എന്താണ് എഴുതിക്കൊണ്ടിരുന്നത്?”
”നബിതിരുമേനിയെ സ്‌നേഹിക്കുന്നവരുടെ പേരുകള്‍”- മലക്ക് പറഞ്ഞു.
”അതില്‍ എന്റെ പേരുണ്ടോ?” മീന്‍കാരന്‍ ഉത്കണ്ഠയോടെ ചോദിച്ചു.
ദൈവദൂതന്‍ പുസ്തകം ഒരാവര്‍ത്തി വായിച്ചു. എന്നിട്ട് പറഞ്ഞു:
”ഇല്ല, താങ്കളുടെ പേര് ഇതിലില്ല.”
മീന്‍കാരന് ജീവിതത്തില്‍ ഇത്രയും നിരാശ തോന്നിയ ഒരു അവസരമുണ്ടായിട്ടില്ല. ‘യാ റസൂല്‍’, ‘യാ റസൂല്‍’ എന്നതാണ് മീന്‍കാരന്റെ വചനം. റസൂലിനെയും റസൂലിന്റെ വിശ്വാസികളെയും ഇത്രയും സ്‌നേഹിക്കുന്ന തന്റെ പേര് ആ ഗ്രന്ഥത്തിലില്ലെന്നറിഞ്ഞപ്പോള്‍ മീന്‍കാരന്‍ മനംനൊന്തു കരഞ്ഞു.
പിറ്റേ ദിവസത്തെ ഉറക്കത്തിലും മീന്‍കാരന്‍ അതേ സ്വപ്നം കണ്ടു. അതേ പ്രകാശം. അതേ ദൈവദൂതന്‍. അദ്ദേഹം എന്തോ എഴുതിക്കൊണ്ടിരിക്കുന്നു. അന്നത്തെ പുസ്തകം പച്ച നിറത്തിലുള്ളതാണ്. എഴുതിത്തീര്‍ന്ന് പുസ്തകം അടച്ചുവെച്ചപ്പോള്‍ മീന്‍കാരന്‍ ചോദിച്ചു:
”അങ്ങ് എന്താണ് ഇത്രയും നേരം എഴുതിക്കൊണ്ടിരുന്നത്?”
”റസൂല്‍ അമീന്‍ സ്‌നേഹിക്കുന്നവരുടെ പേരുകള്‍,” ദൈവദൂതന്‍ പറഞ്ഞു.
”എന്റെ പേര് അതിലുണ്ടോ?” വലിയ പ്രതീക്ഷയൊന്നും കൂടാതെ മീന്‍കാരന്‍ ചോദിച്ചു.
ദൈവദൂതന്‍ ഗ്രന്ഥം അവന്റെ കൈയില്‍ കൊടുത്തു.
മീന്‍കാരന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.
ഒന്നാമത്തെ പേര്‍ അവന്റേതാണ്.
(ചെറുപ്പത്തില്‍ വായിച്ച ഒരു ഇംഗ്ലീഷ് കഥയോ കവിതയോ ആണ് ഈ കഥക്ക് അവലംബം. കൃതിയുടെ പേരോ ഗ്രന്ഥകര്‍ത്താവിന്റെ പേരോ ഓര്‍മയില്ല.)
കഥ & കവിത