കഥ & കവിത

രണ്ടു സംഭവം; രണ്ടു വിധി

Spread the love

ആറാം നൂറ്റാണടിലെ അറേബ്യന്‍ സമൂഹത്തില്‍ സ്ത്രീകള്‍ അടിമകളെപ്പോലെയായിരുന്നു. അങ്ങാടിയില്‍ കൈമാറ്റം ചെയ്യപ്പെടുന്ന ചരക്കുപോലെയോ ചന്തയില്‍ വില്‍ക്കപ്പെടുന്ന കന്നുകാലികളെപ്പോലെയോ ഒരുപഭോഗവസ്തു മാത്രമായിരുന്നു അവള്‍. വിവാഹത്തിലോ കുടുംബജീവിതത്തിലോ അവളുടെ അഭിപ്രായങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും ഒട്ടും പരിഗണന ലഭിച്ചിരുന്നില്ല. തലമുറകളായി തുടര്‍ന്നുവരുന്ന ഈ രീതിയനുസരിച്ച് ഒരാള്‍ തന്റെ മകളെ അദ്ദേഹത്തിന്റെ സഹോദരപുത്രന് കല്യാണം കഴിച്ചുകൊടുത്തു. സഹോദരപുത്രനുണടായിരുന്ന ചില ന്യൂനതകള്‍ അവളിലൂടെ പരിഹരിക്കാമെന്നാണ് പിതാവ് പ്രതീക്ഷിച്ചത്. എന്നാല്‍ മകള്‍ക്ക് അയാളെ ഇഷ്ടമായില്ല. എന്നല്ല; തന്റെ സമ്മതമോ അഭിപ്രായമോ ആരായാതെ പിതാവ് തന്നെ വിവാഹം ചെയ്തുകൊടുത്തത് ശരിയല്ലെന്ന് വിശ്വസിക്കുകയും ചെയ്തു. ഇസ്ലാം സമ്മാനിച്ച സ്വാതന്ത്യ്ര ബോധമായിരുന്നു അതിനവളെ പ്രേരിപ്പിച്ചത്. അതുകൊണടുതന്നെ അവള്‍ പ്രവാചകനെ സമീപിച്ച് പിതാവിനെതിരെ പരാതി പറഞ്ഞു. നബി തിരുമേനി തീരുമാനാധികാരം അവള്‍ക്കുതന്നെ നല്‍കിഇഷ്ടമുണെടങ്കില്‍ പിതാവ് തെരഞ്ഞെടുത്ത വരനെ സ്വീകരിക്കാം. അല്ലെങ്കില്‍ ഒഴിവാക്കാം. തന്റെയും അതുവഴി സ്ത്രീ സമൂഹത്തിന്റെയും സ്വാതന്ത്യ്രം സ്ഥാപിച്ചെടുത്ത മകള്‍ പറഞ്ഞു: ‘പിതാവ് ചെയ്തത് ഞാന്‍ അംഗീകരിക്കുന്നു. ഇക്കാര്യത്തില്‍ പിതാക്കന്മാരുടെ അധികാരം എത്രത്തോളമാണെന്ന് പഠിപ്പിച്ചുകൊടുക്കലാണ് എന്റെ ലക്ഷ്യം.’ തന്റെ നിലപാടിന് പ്രവാചകാംഗീകാരം നേടി സ്ത്രീസമൂഹത്തിന്റെ മഹത്ത്വം ഉയര്‍ത്തിക്കാണിച്ച ആ പെണ്‍കുട്ടി അഭിമാനത്തോടെ തിരിച്ചുപോയി.
പ്രവാചക ശിഷ്യരില്‍ പ്രമുഖനായ സാബിതുബ്‌നു ഖൈസിന്റെ ശരീരപ്രകൃതം ഒട്ടും ആകര്‍ഷണീയമായിരുന്നില്ല. നിറം കറുപ്പും മുഖം വിരൂപവും. അതോടൊപ്പം ഭാര്യ ജമീല അതീവ സുന്ദരിയും. അതിനാല്‍ അദ്ദേഹം അവളെ അതിയായി സ്‌നേഹിച്ചു. എന്നാല്‍, ജമീലക്ക് അദ്ദേഹത്തെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. അതിനാല്‍ അവള്‍ ദാമ്പത്യബന്ധം വേര്‍പെടുത്താനാഗ്രഹിച്ചു. സാബിതിന് അത് ചിന്തിക്കാന്‍പോലും സാധ്യമായിരുന്നില്ല. അദ്ദേഹത്തിന് ഭാര്യയെ അത്രയേറെ ഇഷ്ടമായിരുന്നു. അതിനാല്‍ ജമീല പ്രവാചകനെ സമീപിച്ച് തന്റെ പ്രയാസം ധരിപ്പിച്ചു. അവര്‍ പറഞ്ഞു: ‘ദൈവദൂതരേ, ഞാന്‍ സാബിതുബ്‌നു ഖൈസില്‍ മതപരമോ സ്വഭാവപരമോ ആയ പോരായ്മകളൊന്നും കാണുന്നില്ല. എന്നിട്ടും എനിക്ക് അദ്ദേഹത്തോട് ഒട്ടും ഇഷ്ടം തോന്നുന്നില്ല. മനസ്സില്‍ വല്ലാത്ത വെറുപ്പ്. അതിനാല്‍ ഞാന്‍ വിവാഹമോചനം ആഗ്രഹിക്കുന്നു.’
ഇതുകേട്ട പ്രവാചകന്‍ ചോദിച്ചു: ‘വിവാഹമൂല്യമായി നിങ്ങള്‍ എന്താണ് അദ്ദേഹത്തില്‍നിന്ന് വാങ്ങിയത്?’
‘ഒരു തോട്ടം’അവര്‍ പറഞ്ഞു.
‘അത് തിരിച്ചുനല്‍കി വിവാഹമോചനം നേടിക്കൂടേ?’
‘തീര്‍ച്ചയായും’ജമീല അറിയിച്ചു.
അതനുസരിച്ച് നബി തിരുമേനി സാബിതിനോട് പറഞ്ഞു: ‘തോട്ടം സ്വീകരിച്ചുകൊള്ളുക. അവളെ ഒരു തവണ വിവാഹമോചനം നടത്തുകയും ചെയ്യുക.’
പ്രവാചകന്റെ ഈ തീരുമാനം സ്ത്രീക്ക് വിവാഹമോചനം നേടാനുള്ള വഴി തുറന്നുകൊടുക്കുകയായിരുന്നു.1

1. ഇതാണ് ശരീഅത്തിലെ ഖുല്‍അ് സമ്പ്രദായം.

You may also like