
അറേബ്യന്‍ അതിര്‍ത്തികള്‍ ആക്രമിക്കാന്‍ ബൈസാന്റിയന്‍ സൈന്യം സജ്ജമാകുന്ന വിവരം പ്രവാചകനറിഞ്ഞു. അതിനെ പ്രതിരോധിക്കണമെങ്കില്‍ സിറിയയുടെ അതിര്‍ത്തി ഭദ്രമാക്കേണടതുണട്. അതു സാധ്യമാകാന്‍ കരുത്തുറ്റ സൈന്യത്തെ തയ്യാറാക്കണം. നബി തിരുമേനി തന്റെ അനുചരന്മാരെ ഒരുമിച്ചുകൂട്ടി വിവരം അറിയിച്ചു. സൈനിക സേവനത്തിന് സന്നദ്ധമാകാന്‍ അവരോടാവശ്യപ്പെട്ടു.
സൈന്യം സംഘടിച്ചു. അവര്‍ യാത്രക്ക് സജ്ജമായി. അബൂബക്ര്! സിദ്ദീഖും ഉമറുല്‍ ഫാറൂഖും ഉള്‍പ്പെടെ വളരെ പ്രഗത്ഭരും പ്രശസ്തരും അക്കൂട്ടത്തിലുണടായിരുന്നു. എന്നിട്ടും നബി തിരുമേനി ആ സൈന്യത്തിന്റെ നേതൃത്വം ഏല്‍പിച്ചത് ഇരുപത് വയസ്സുപോലും പ്രായമാകാത്ത ചെറുപ്പക്കാരനെയാണ്. സൈദുബ്‌നു ഹാരിഥയുടെ മകന്‍ ഉസാമയെ. അദ്ദേഹത്തിന്റെ പിതാവ് അതിനുമുമ്പു ബൈസാന്തിയന്‍ പടയുമായി നടന്ന യുദ്ധത്തില്‍ രക്തസാക്ഷിയായിരുന്നു.
പ്രായം അറുപതുകളോടടുത്തവരും ഏറെ പാരമ്പര്യമുള്ളവരും ഉള്‍പ്പെട്ട സൈന്യത്തിന് നേതൃത്വംനല്‍കാന്‍ ഒരു ചെറുപ്പക്കാരനെ ചുമതലപ്പെടുത്തിയത് എല്ലാവരെയും അത്ഭുതപ്പെടുത്തി. അത് സ്വാഭാവികവുമാണല്ലോ. ചിലരെങ്കിലും മനസാ അലോസരപ്പെടുകയും ചെയ്തു. എങ്കിലും ആരും ഒന്നും തുറന്നുപറഞ്ഞില്ല. പ്രതിഷേധം പ്രകടിപ്പിച്ചതുമില്ല. എന്നിട്ടും പ്രവാചകന്‍ അവരുടെ മനോഗതം വായിച്ചറിഞ്ഞു. അദ്ദേഹം നേരത്തെ തന്നെ അത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചതുമായിരുന്നു.
യുവത്വത്തിന് അര്‍ഹമായ പരിഗണന നല്‍കണമെന്ന് പ്രവാചകന് നിര്‍ബന്ധമുണടായിരുന്നു. അവരെ പരമാവധി പ്രോത്സാഹിപ്പിക്കണമെന്നും. അങ്ങനെ തനിക്കു പിന്നാലെ വരുന്നവര്‍ യുവത്വത്തിന്റെ കരുത്ത് പരിഗണിച്ച് ചെറുപ്പക്കാര്‍ക്ക് ഉയര്‍ന്ന അംഗീകാരം നല്‍കണമെന്നും അവിടുന്ന് ആഗ്രഹിച്ചു.
സൈന്യം പുറപ്പെടുന്നതിനുമുമ്പുതന്നെ പ്രവാചകന്‍ രോഗബാധിതനായി. എന്നിട്ടും തന്റെ അനുചരന്മാരുടെ ആശങ്ക അകറ്റാന്‍ തിടുക്കം കാണിച്ചു. പള്ളിയില്‍ ഒരുമിച്ചുകൂട്ടിയശേഷം പ്രവാചകന്‍ അവരെ അഭിമുഖീകരിച്ചു: ‘ജനങ്ങളേ, ഉസാമയുടെ നേതൃത്വം സ്വീകരിച്ച് സൈനികച്ചുമതല പൂര്‍ത്തീകരിക്കുക. അദ്ദേഹത്തിന്റെ നേതൃത്വത്തെപ്പറ്റി പരാതിയുളളവര്‍ അറിയുക; അദ്ദേഹത്തിന്റെ പിതാവിന്റെ നേതൃത്വത്തെ സംബന്ധിച്ചും പരാതികളുണടായിരുന്നു. പിതാവിനെപ്പോലെത്തന്നെ ഉസാമയും നേതൃത്വത്തിന് അര്‍ഹനാണ്.’
പ്രവാചകന്റെ രോഗം മൂര്‍ഛിച്ചു. അവിടുന്ന് ഇഹലോകവാസം വെടിയുകയും ചെയ്തു. അതിനാല്‍ അബൂബക്കര്‍ സിദ്ധീഖ് ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ടശേഷമാണ് സൈന്യം യാത്ര തിരിച്ചത്. ഒന്നാം ഖലീഫയും നേതൃത്വം ഏല്‍പിച്ചത് ഉസാമയെത്തന്നെയാണ്. പ്രവാചക മാതൃക പിന്തുടരാന്‍ പ്രതിജ്ഞാബദ്ധനായിരുന്നു അദ്ദേഹം. തന്റെ മൂന്നിലൊന്നുപോലും പ്രായമില്ലാത്ത സര്‍വസൈന്യാധിപന്‍ ഉസാമ വാഹനപ്പുറത്തായിരിക്കെ ഭരണാധികാരിയായ അബൂബക്ര്! സിദ്ദീഖ് കാല്‍നടയായി ഏറെ ദൂരം നടന്നുചെന്ന് അദ്ദേഹത്തെ യാത്രയയയ്ക്കുകയുണടായി. യുവത്വം ചരിത്രത്തിലൊരിക്കലും ഇവ്വിധം അംഗീകരിക്കപ്പെട്ടിരിക്കില്ലെന്നുറപ്പ്. പ്രവാചകന്റെ സവിശേഷമായ സമീപനമാണ് ഇതിനു വഴിയൊരുക്കിയത്.