കഥ & കവിത

യഹൂദനുവേണ്ടി വേദവാക്യങ്ങള്‍

Spread the love

പ്രവാചകന്റെ കാലത്ത് ബനൂസഫര്‍ ഗോത്രത്തിലെ ബശീറുബ്‌നു ഉബൈരിബ് എന്ന മുസ്ലിം പടയങ്കി മോഷ്ടിച്ചു. നഷ്ടപ്പെട്ട അങ്കിയെപ്പറ്റി ഉടമസ്ഥന്‍ അന്വേഷണമാരംഭിച്ചതോടെ മോഷ്ടാവ് അത് ഒരു യഹൂദന്റെ വശം പണയംവെച്ചു. അങ്കിയുടെ ഉടമസ്ഥന്‍ നബി തിരുമേനിയോട് പരാതി പറഞ്ഞു. ബശീറിനെ സംശയിക്കുന്നതായി അറിയിക്കുകയും ചെയ്തു. അതോടെ മോഷ്ടാവ് തന്റെ കൂട്ടുകാരെയും കുടുംബക്കാരെയും സമീപിച്ചു. കുറ്റം യഹൂദിയുടെ പേരില്‍ ചുമത്താന്‍ അവര്‍ യോജിച്ച് തീരുമാനമെടുത്തു. അങ്ങനെ നബി തിരുമേനി യഹൂദനെ വിളിച്ചുവരുത്തി വിചാരണ ചെയ്തു. അയാള്‍ കുറ്റം നിഷേധിച്ചു. സംഭവത്തിന്റെ നിജസ്ഥിതി തുറന്നുപറയുകയും ചെയ്തു. എങ്കിലും സാഹചര്യത്തെളിവുകള്‍ യഹൂദനെതിരായിരുന്നു. പടയങ്കി അയാളുടെ വശമാണല്ലോ ഉണടായിരുന്നത്. അതോടൊപ്പം ബശീറിന്റെ ബന്ധുക്കള്‍ പ്രവാചകനെ സമീപിച്ച് ഏകസ്വരത്തില്‍ പറഞ്ഞു: ‘ഇവന്‍ ഒരു യഹൂദി. സത്യത്തെയും ദൈവദൂതനെയും തള്ളിപ്പറയുന്ന ഇവന്റെ വാദം ഒരിക്കലും സ്വീകാര്യമല്ല. മുസ്ലിംകളായ ഞങ്ങള്‍ പറയുന്നതാണ് അംഗീകരിക്കേണടത്.’
ഈ വാദവും ബാഹ്യമായ തെളിവുകളും പ്രവാചകനെയും സ്വാധീനിച്ചു. അതിനാല്‍ യഹൂദനെതിരെ വിധിപറയാന്‍ തയ്യാറെടുക്കുകയായിരുന്നു നബി തിരുമേനി. അപ്പോഴേക്കും പ്രപഞ്ചനാഥനായ ദൈവം അതിലിടപെട്ടു. മുസ്ലിംകള്‍ക്കെതിരെ യഹൂദന് അനുകൂലമായി ഖുര്‍ആന്‍ അവതീര്‍ണമായി. ആരാധനാ കര്‍മങ്ങളുടെ വിശദാംശങ്ങള്‍ പോലുമില്ലാത്ത ഖുര്‍ആനില്‍, ഒരു യഹൂദന് നീതി ലഭിക്കാനായി ഒമ്പത് സൂക്തങ്ങളാണ് ഇറങ്ങിയത്. പ്രവാചകന് വീഴ്ച സംഭവിച്ചതായി സൂചിപ്പിക്കുന്നതും അതിനാല്‍ ദൈവത്തോട് മാപ്പ് ചോദിക്കാനാവശ്യപ്പെടുന്നതുമായ വചനവും അവയിലുണട്. അവയിങ്ങനെ വായിക്കാം:
‘നാം നിനക്ക് സത്യസന്ദേശവുമായി ഈ വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. അല്ലാഹു കാണിച്ചതനുസരിച്ച് ജനങ്ങള്‍ക്കിടയില്‍ വിധികല്‍പിക്കാന്‍ വേണടിയാണിത്. അതിനാല്‍, നീ വഞ്ചകര്‍ക്കുവേണടി വാദിക്കുന്നവനാകരുത്. അല്ലാഹുവോട് പാപമോചനം തേടുക. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ; തീര്‍ച്ച. ആത്മവഞ്ചന നടത്തുന്നവര്‍ക്ക്വേണടി നീ വാദിക്കരുത്. കൊടുംവഞ്ചകനും പെരുംപാപിയുമായ ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല. അവര്‍ ജനങ്ങളില്‍നിന്ന് മറച്ചുപിടിക്കുന്നു. എന്നാല്‍, അല്ലാഹുവില്‍നിന്ന് മറച്ചുവെക്കാനാവില്ല. അല്ലാഹുവിന് ഇഷ്ടപ്പെടാത്ത സംസാരത്തിലൂടെ രാത്രിയിലവര്‍ ഗൂഢാലോചന നടത്തിക്കൊണടിരുന്നപ്പോഴും അവന്‍ അവരോടൊപ്പമുണട്. അവര്‍ ചെയ്യുന്നതൊക്കെ സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു. ഐഹിക ജീവിതത്തില്‍ അവര്‍ക്കുവേണടി വാദിക്കാന്‍ നിങ്ങളുണട്. എന്നാല്‍, ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍ അവര്‍ക്കുവേണടി അല്ലാഹുവോട് തര്‍ക്കിക്കാന്‍ ആരാണുണടാവുക? ആരാണ് അവിടെ അവരുടെ വക്കാലത്ത് ഏറ്റെടുക്കുക? തെറ്റ് ചെയ്യുകയോ തന്നോടുതന്നെ അതിക്രമം കാണിക്കുകയോ ചെയ്തശേഷം അല്ലാഹുവോട് പാപമോചനം തേടുന്നവന്‍, ഏറെ പൊറുക്കുന്നവനും ദയാപരനുമായി അല്ലാഹുവെ കണെടത്തുന്നതാണ്. എന്നാല്‍, തെറ്റുകള്‍ ഒരുക്കൂട്ടിവെക്കുന്നവന്‍ സ്വന്തം നാശത്തിനിടവരുത്തുന്ന സംഗതികളാണ് ശേഖരിച്ചുവെക്കുന്നത്. അല്ലാഹു സര്‍വജ്ഞനും യുക്തിജ്ഞനുമാകുന്നു. ആരെങ്കിലും വല്ല തെറ്റോ കുറ്റമോ ചെയ്തശേഷം അത് നിരപരാധിയുടെ പേരില്‍ ചാര്‍ത്തുന്നുവെങ്കില്‍ ഉറപ്പായും കടുത്ത കള്ളാരോപണവും പ്രകടമായ പാപവുമാണവന്‍ പേറുന്നത്.’ (ഖുര്‍ആന്‍ 4:105112).

You may also like