കഥ & കവിത

യഥ് രിബ് മദീനയായിമാറുന്നു

Spread the love

ഖൈലക്കാരേ, നിങ്ങളുടെ കൂട്ടുകാരന്‍ ഇതാ എത്തിക്കഴിഞ്ഞു.” ഇത് വിളിച്ചുപറഞ്ഞത് ഒരു ജൂതനായിരുന്നു. പ്രവാചകന്റെ ആഗമനം പ്രതീക്ഷിച്ചിരിക്കുന്നവരില്‍ അദ്ദേഹവുമുണടായിരുന്നു.
കത്തിക്കാളുന്ന വെയിലില്‍ ചുട്ടുപൊള്ളുന്ന മണല്‍ക്കാടുകളിലൂടെ കുന്നും കുഴിയും താണടി, തിഹാമ മരുഭൂമി മുറിച്ചുകടന്ന് നബി തിരുമേനിയും കൂട്ടുകാരും യഥ്രിബിനെ ലക്ഷ്യംവെച്ചു യാത്ര തുടര്‍ന്നു. സൂര്യതാപത്തില്‍നിന്ന് രക്ഷനല്‍കുന്ന തണലോ യാത്രാക്‌ളേശം തീര്‍ക്കാനുള്ള വിശ്രമകേന്ദ്രമോ ഉണടായിരുന്നില്ല. എല്ലാം അല്ലാഹുവിലര്‍പ്പിച്ച് ക്ഷമയോടെ രാപകല്‍ ഭേദമില്ലാതെ അവര്‍ തങ്ങളുടെ പ്രയാണം തുടര്‍ന്നു. ഏഴുനാളത്തെ ഒട്ടകയാത്രക്കുശേഷം ‘സഹം’ ഗോത്രത്തിന്റെ വാസസ്ഥലത്തെത്തിയപ്പോള്‍ ഗോത്രത്തലവന്‍ ബുറൈദ അവരെ ഹാര്‍ദമായി സ്വീകരിച്ചു.
യഥ്രിബില്‍നിന്ന് അല്‍പമകലെ ഖുബാഇല്‍ എത്തിയ പ്രവാചകന്‍ നാലു ദിവസം അവിടെ താമസിച്ചു. ഖുബാഇല്‍ ഒരു പള്ളി പണിയുകയും ചെയ്തു. ഇതിനിടെ പ്രവാചകന്‍ മക്കയില്‍ നിര്‍ത്തിയിരുന്ന അലി സൂക്ഷിപ്പുസ്വത്തുക്കളെല്ലാം അവകാശികളെ ഏല്‍പിച്ചശേഷം അവിടെയെത്തി.
ഖുബാഇലെ താമസമവസാനിപ്പിച്ച് യഥ്രിബിലേക്ക് പുറപ്പെട്ടനബി തിരുമേനിയുടെ ആഗമന വിവരമറിഞ്ഞ നാട്ടുകാര്‍ ആഹ്‌ളാദഭരിതരായി അദ്ദേഹത്തെ സ്വീകരിക്കാനൊരുങ്ങി. അവര്‍ വീടു വിട്ടിറങ്ങി പ്രവാചകന്‍ വരുന്ന ഭാഗത്തേക്കു നീങ്ങി. ദൈവത്തിന് സ്തുതികീര്‍ത്തനങ്ങളര്‍പ്പിച്ചും സന്തോഷം പ്രകടിപ്പിച്ചും തദ്ദേശീയരെല്ലാം ഒത്തുകൂടി. പല ഗോത്രനേതാക്കളും തങ്ങളുടെ അതിഥിയാകാന്‍ നബി തിരുമേനിയോടാവശ്യപ്പെട്ടു. സ്‌നേഹപ്രകടനത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണട് പുഞ്ചിരിയോടെ പ്രവാചകന്‍ പറഞ്ഞു: ‘ഒട്ടകത്തെ വിട്ടേക്കുക. അത് അല്ലാഹുവിന്റെ ആജ്ഞ അനുസരിച്ച് നീങ്ങിക്കൊള്ളും.’
ഒട്ടകം മെല്ലെ മുന്നോട്ടു നീങ്ങി. പ്രവാചകനെ സ്വാഗതം ചെയ്തുകൊണട് വീടുകളുടെ മട്ടുപ്പാവില്‍നിന്ന് സ്ത്രീകള്‍ പാടിക്കൊണടിരുന്നു:
‘വിദാഅ് മല വിടവിലൂടെ പൂര്‍ണചന്ദ്രനിതാ ഞങ്ങള്‍ക്കിടയില്‍ ഉദിച്ചുയര്‍ന്നിരിക്കുന്നു.
കൊച്ചു ബാലികമാര്‍ ദഫ് മുട്ടിപ്പാടി:
‘ബനുന്നജ്ജാര്‍ വംശത്തിലെ പെണ്‍കുട്ടികളാണ് ഞങ്ങള്‍. മുഹമ്മദ് എത്ര നല്ല അയല്‍ക്കാരന്‍!”
ഒട്ടകം തങ്ങളുടെ വീടിനടുത്ത് മുട്ടുകുത്തണമെന്ന് ഓരോരുത്തരും അതിയായാഗ്രഹിച്ചു. അവസാനം അത് രണട് അനാഥ ബാലന്മാരുടെ സ്ഥലത്താണ് ചെന്നുനിന്നത്. മആദുബ്‌നു അഫ്‌റാഇന്റെ സംരക്ഷണത്തിലുള്ള സഹ്ലിന്റെതും സുഹൈലിന്റേതുമായിരുന്നു പ്രസ്തുത സ്ഥലം. പ്രവാചകന്‍ മതിയായ വില നല്‍കി ആ സ്ഥലം വാങ്ങി. അവിടെ ഒരു പള്ളിയുണടാക്കാനും അതിന്റെ പരിസരത്ത് പരിമിത സൌകര്യത്തോടെ തനിക്കും കുടുംബത്തിനും താമസിക്കാന്‍ ഇടമുണടാക്കാനും തീരുമാനിച്ചു.
പ്രവാചകന്റെ വരവോടെ യഥ്രിബ് ‘മദീനതുന്നബി’1യായി മാറി. പിന്നീട് ഇന്നോളം അവിടം അറിയപ്പെടുന്നത് ‘മദീന’ എന്ന പേരിലാണ്.
 

You may also like