കഥ & കവിത

മാന്യമായ പ്രതികാരം

Spread the love

പ്രവാചക ഹൃദയം വികാരനിര്‍ഭരമായിരുന്നു. അരനൂറ്റാണടുകാലം തന്റെ കാലടിപ്പാടുകള്‍ പതിഞ്ഞ മണ്ണില്‍ വീണടും മടങ്ങിയെത്തിയിരിക്കുന്നു! ആടുമേച്ചു നടന്ന ബാല്യം; കച്ചവടക്കാരനായി കാലംകഴിച്ച യൌവനം; അല്‍അമീനെന്ന അപരനാമത്തിനുടമയായി ആദരിക്കപ്പെട്ട സന്തോഷത്തിന്റെ നാളുകള്‍; ഹിറാ ഗുഹയില്‍നിന്ന് വേദവാക്യങ്ങളുമായി തിരിച്ചെത്തിയത്; ഉറ്റവരുടെയും ഉടയവരുടെയും കൊടിയ പീഡനങ്ങള്‍ക്കിരയായത്; അനുയായികള്‍ മര്‍ദനമേറ്റ് പുളയുന്നതു കണട് അകം പുകഞ്ഞത്; അവരുടെ കൊടിയ കഷ്ടതകള്‍ക്ക് സാക്ഷ്യം വഹിച്ചത്; അവസാനം മൂന്നുവര്‍ഷം സാമൂഹിക ബഹിഷ്‌കരണത്തിനിരയായത്; ഗതകാലസ്മരണകള്‍ ആര്‍ദ്രമായ ആ മനസ്സില്‍ ആന്ദോളനങ്ങള്‍ സൃഷ്ടിച്ചു.
വിശുദ്ധ കഅ്ബയിതാ വീണടും കണ്‍മുമ്പില്‍! പ്രവാചകന്‍ ‘ഖസ്വാ’ എന്ന തന്റെ ഒട്ടകപ്പുറത്തിരുന്ന് ആ ആദരണീയ മന്ദിരത്തെ ഏഴുതവണ ചുറ്റി. തുടര്‍ന്ന് കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പുകാരന്‍ ഉസ്മാനുബ്‌നു ത്വല്‍ഹയെ വിളിച്ചുവരുത്തി. കഅ്ബയുടെ വാതില്‍ തുറക്കാന്‍ അദ്ദേഹത്തോടാജ്ഞാപിച്ചു. തലമുറകളായി ആ ദൈവികഭവനത്തിന്റെ താക്കോല്‍ സൂക്ഷിക്കുകയെന്ന മഹദ് പദവി ഉസ്മാന്റെ ഗോത്രത്തില്‍ നിക്ഷിപ്തമായിരുന്നു.
ഹിജ്‌റക്കുമുമ്പ് പ്രവാചകന്‍ മക്കയില്‍ പീഡിതനായി കഴിഞ്ഞ കാലത്ത് കഅ്ബയുടെ അകത്തു കടന്ന് പ്രാര്‍ഥിക്കാന്‍ അതിയായാഗ്രഹിച്ചു. അതിനാല്‍ ഉസ്മാനുബ്‌നു ത്വല്‍ഹയോട് അതിന്റെ താക്കോല്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. ഉസ്മാന്‍ അതുകൊടുത്തില്ലെന്നു മാത്രമല്ല; കടുത്ത ഭാഷയില്‍ ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തു. വ്രണിതഹൃദയനായ പ്രവാചകന്‍ അന്ന് പറഞ്ഞു: ‘ഉസ്മാന്‍, ഈ താക്കോല്‍ എന്റെ വശം വന്നുചേരുന്ന ഒരു ദിനമുണടാകും. അന്ന് അത് ആര്‍ക്ക് നല്‍കണമെന്ന് ഞാനായിരിക്കും തീരുമാനിക്കുക.’
ഇതു കേട്ട ഉസ്മാന് ചിരിയടക്കാന്‍ കഴിഞ്ഞില്ല. അയാള്‍ പരിഹാസപൂര്‍വം പറഞ്ഞു: ‘എങ്കിലത് ഖുറൈശികളുടെ നാശത്തിന്റെയും നിന്ദ്യതയുടെയും ദിനമായിരിക്കും.’
‘അല്ല; അവരന്ന് ജീവിക്കുന്നവരും അന്തസ്സുള്ളവരുമായിരിക്കും.’ നബി തിരുമേനി തിരുത്തി.
ആ പ്രവചനം ഇതാ പുലര്‍ന്നിരിക്കുന്നു. നബി തിരുമേനി വിശുദ്ധ കഅ്ബയില്‍ പ്രവേശിച്ചു. അവിടം എല്ലാവിധ മാലിന്യങ്ങളില്‍നിന്നും വൃത്തിയാക്കി. പ്രാര്‍ഥന നിര്‍വഹിച്ചശേഷം പുറത്തുകടന്ന് വാതില്‍പൂട്ടി.
എല്ലാവരുടെയും കണ്ണുകള്‍ പ്രവാചകന്റെ കൈകളിലേക്കായിരുന്നു. ആ താക്കോല്‍ ആരെ ഏല്‍പിക്കും? സ്വയം കൈവശം വെക്കുമോ? അല്ലെങ്കില്‍ ഹിജ്‌റയിലെ തന്റെ കൂട്ടാളിയായിരുന്ന അബൂബക്ര്! സിദ്ദീഖിനെ ഏല്‍പിക്കുമോ? അല്ലെങ്കില്‍ ഉമറിനെ; അതുമല്ലെങ്കില്‍ അലിയെ? എല്ലാവരും നബി തിരുമേനി അതു തങ്ങളെ ഏല്‍പിക്കണമെന്ന് അതിയായാഗ്രഹിച്ചു. അത് തീര്‍ത്തും സ്വാഭാവികവുമായിരുന്നു. ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ദൈവികഭവനത്തിന്റെ താക്കോല്‍ കൈവശംവെക്കുക ഒരു മഹാഭാഗ്യം തന്നെയാണല്ലോ. അലി പ്രവാചകനെ സമീപിച്ച് തന്റെ ആഗ്രഹമറിയിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: ‘ദൈവദൂതരേ, അല്ലാഹു അവന്റെ അനുഗ്രഹാശിസ്സുകള്‍ അങ്ങയില്‍ വര്‍ഷിക്കട്ടെ. കഅ്ബാലയ സന്ദര്‍ശകര്‍ക്ക് വെള്ളം നല്‍കാനുള്ള പവിത്രാവകാശം ബനൂ ഹാശിം കുടുംബങ്ങളായ നമുക്ക് നേരത്തെ ഉള്ളതാണല്ലോ. ഇപ്പോള്‍ കഅ്ബാലയ കവാടത്തിന്റെ കാവല്‍ക്കാരെന്ന ഉന്നതമായ താക്കോല്‍ പദവി കൂടി നമുക്ക് ലഭിച്ചിരുന്നെങ്കില്‍!’
എന്നാല്‍, പ്രവാചകന്റെ സമീപനം അപ്രതീക്ഷിതമായിരുന്നു. അവിടുന്ന് താക്കോല്‍ ഉസ്മാനുബ്‌നു ത്വല്‍ഹയെതന്നെ സൂക്ഷിക്കാന്‍ ഏല്‍പിച്ചു. എന്നിട്ട് അവിടുന്ന് പറഞ്ഞു: ‘താങ്കളുടെ താക്കോലിതാ; വാഗ്ദാന പാലനത്തിന്റെയും ദിനമാണിന്ന്. താങ്കളിത് സ്വീകരിക്കുക. എന്നും താങ്കളുടെ കുടുംബത്തിന്റേതായിരിക്കും ഇത്. താങ്കളില്‍നിന്ന് അക്രമിയല്ലാതെ ആരും ഇത് കവര്‍ന്നെടുക്കുകയില്ല.’ പ്രവാചകന്‍ തന്നോട് മധുരമായി പ്രതികാരം ചെയ്യുകയാണെന്ന് ഉസ്മാനെങ്കിലും ഓര്‍ത്തിരിക്കും. ഇന്നും അദ്ദേഹത്തിന്റെ പിന്മുറക്കാരാണ് കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പുകാര്‍.

You may also like