കഥ & കവിത

മറ്റുള്ളവര്‍ക്ക് ഭാരമാവാതിരിക്കാന്‍

Spread the love

യാത്രാസംഘം മണിക്കൂറുകളായി മരുഭൂമിയിലൂടെ സഞ്ചരിക്കുകയാണ്. എല്ലാവരുടെയും മുഖത്ത് തളര്‍ച്ച നിഴലിച്ചു. അവരെ വഹിച്ച ഒട്ടകങ്ങളും ക്ഷീണിച്ചു. കുടിക്കാന്‍ ഇത്തിരി വെള്ളം കിട്ടിയെങ്കിലെന്നവര്‍ കൊതിച്ചു. അധികം വൈകാതെ അല്‍പം അകലെ വെള്ളം കണെടത്തി. അവിടെ അല്‍പസമയം വിശ്രമിക്കാമെന്ന് അവരുറച്ചു. പ്രവാചകന്‍ വാഹനപ്പുറത്തുനിന്നിറങ്ങി. അനുചരന്മാരും അദ്ദേഹത്തെ അനുകരിച്ചു. അങ്ങനെ എല്ലാവരും വെള്ളമെടുക്കാനായി പുറപ്പെട്ടു. പക്ഷേ, പാതി ദൂരം പിന്നിട്ടപ്പോള്‍ പ്രവാചകന്‍ തിരിഞ്ഞുനടന്നു. അത്ഭുതസ്തബ്ധരായ അനുയായികള്‍ അദ്ദേഹത്തെത്തന്നെ നോക്കിനിന്നു. അവിടുന്ന് തന്റെ ഒട്ടകത്തെ സമീപിക്കുകയും അതിന്റെ കാലുകള്‍ ബന്ധിച്ചശേഷം മടങ്ങിവരുകയും ചെയ്തു.
ഇത്രയും ചെറിയ കാര്യം ചെയ്യാനായി അല്ലാഹുവിന്റെ പ്രവാചകന്‍ പ്രയാസപ്പെട്ട് തിരിച്ചുചെല്ലേണടിവന്നതില്‍ മനഃപ്രയാസം തോന്നിയ അനുയായികള്‍ അവിടത്തെ സമീപിച്ച് അന്വേഷിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, ഇത്രയും നിസ്സാര കാര്യം ചെയ്യാനായി അങ്ങ് തിരിച്ചുപോവേണടിയിരുന്നോ? ഞങ്ങളിലാര്‍ക്കെങ്കിലും ഒരു സൂചന തന്നിരുന്നെങ്കില്‍ ഏറെ സന്തോഷത്തോടെ ഞങ്ങളത് ചെയ്യുമായിരുന്നു. അതോ, ഞങ്ങള്‍ക്കൊരു ബഹുമതിയും.’
‘നമുക്ക് സ്വയം ചെയ്യാവുന്ന കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ മറ്റുള്ളവരോട് ആവശ്യപ്പെടുകയോ അവരത് ചെയ്തുതരാന്‍ കാത്തിരിക്കുകയോ അരുത്; പല്ല് വൃത്തിയാക്കാനുപയോഗിക്കുന്ന ഒരു കമ്പിന്‍കഷ്ണത്തിന്റെ കാര്യത്തിലായാല്‍പോലും’പ്രവാചകന്‍ പ്രതിവചിച്ചു.

You may also like