മുഹമ്മദുര്‍റസൂലിനെ
നൊന്തുപെറ്റ കാലമെന്റെ
മുന്നില്‍വന്നു മൗനഗാന-
മാലപിക്കുന്നോ?
അവള്‍പാടും ഉണര്‍ത്തുപാ-
ട്ടേറ്റെടുത്തു പാടുവാന്‍ ഞാന്‍
അവനിയില്‍ കവിയായി-
ട്ടവതരിച്ചോ?
പാട്ടെഴുത്തൊരുകണക്കില്‍
കേട്ടെഴുത്താണെങ്ങോയേതോ
പാത്രത്തില്‍ നിറഞ്ഞതില്‍നി-
ന്നൊരു തുളുമ്പല്‍!
അതുമായിപ്പുതുമിഴി
തുറക്കുവാന്‍ കഴിയുമ്പോള്‍
അകലമെന്നരികിലായ്
തെളിഞ്ഞുവന്നോ?
ഗോതമ്പുറൊട്ടിയും ഈത്ത-
പ്പഴവുമാഹരിക്കുന്ന
സാധാരണക്കാരിയായൊ-
രറബിപ്പെണ്ണേ,
ആമിനേ, ചരിത്രഗ്രന്ഥ-
ത്താളില്‍ രത്‌നലിപികളില്‍
ആലേഖനം ചെയ്യപ്പെട്ടോ
തവാഭിധാനം?
കാരക്കമരത്തില്‍ സ്‌നേഹ-
മൂറിക്കൂടി മധുരമായ്,
കാണിക്കയായ് മാറുമ്പോഴെന്‍
കണ്‍നനയുന്നോ?
ഞാന്‍ തന്നെയോ ഞാനെന്നു ഞാ-
നെന്നെയെന്നില്‍ പരതുന്നോ,
ജ്ഞാനത്തിന്റെ ലോകത്തിന്റെ
അര്‍ഥം തേടുന്നോ?
ഹിറാഗുഹയ്ക്കകത്തൊരു
യുവതപസ്വിയെക്കണ്ടോ,
പൊരുളൊളി ശകലമെന്‍
മനമിരന്നോ?
അതുവഴി മേഞ്ഞുമേഞ്ഞു
അകിടുനിറഞ്ഞു നില്‍ക്കും
അഴലറ്റ പെണ്ണൊട്ടക-
മെന്നെ നോക്കുന്നോ?
ശാന്തിയുടെ പ്രാക്കള്‍പാറും
കഅ്ബാ ദേവാലയത്തിന്‍
കാന്തിവീശും മനസ്സില്‍ ഞാന്‍
നിസ്‌കരിക്കുന്നോ?
മുഹമ്മദുര്‍റസൂലിനെ
നൊന്തുപെറ്റ കാലമെന്റെ
മുന്നിലെത്തി പ്രാര്‍ഥിക്കുവാന്‍
‘ഇമാമാ’യ് നിന്നോ?