കഥ & കവിത

‘ഭയപ്പെടേണട; അല്ലാഹു നമ്മോടൊപ്പമുണട്!’

Spread the love

പെട്ടെന്നുള്ള പ്രകോപനത്തിന്റെയോ പ്രചോദനത്തിന്റെയോ ഫലമായിരുന്നില്ല പ്രവാചകന്റെ ഹിജ്‌റ. സുദൃഢമായ തീരുമാനത്തിന്റെയും വ്യക്തമായ ആസൂത്രണത്തിന്റെയും ഫലമായിരുന്നു അത്. ഐതിഹാസികമായ ഈ സംഭവത്തില്‍ സൌര്‍ ഗുഹക്കുള്ള സ്ഥാനം സുവിദിതമാണ്. വീടുവിട്ടിറങ്ങിയ നബി തിരുമേനിയും സഹയാത്രികന്‍ അബൂബക്കര്‍ സിദ്ദീഖും മൂന്നു ദിവസം ഒളിച്ചിരുന്നത് അവിടെയാണ്. ശത്രുക്കളുടെ പിടിയില്‍പ്പെടാതെ അവരെ സംരക്ഷിക്കാന്‍ പ്രപഞ്ചനാഥന്‍ സൌഭാഗ്യമേകിയത് സൌര്‍ ഗുഹക്കാണ്.
മക്കയുടെ മൂന്നു കിലോമീറ്റര്‍ തെക്കാണ് സൌര്‍ പര്‍വതം. അബ്ദുമനാഫിന്റെ മകന്‍ സൌര്‍ ജനിച്ച സ്ഥലമായതിനാലാണ് ആ പ്രദേശത്തിന് പ്രസ്തുത പേര് ലഭിച്ചത്. സൌറിലേക്കുള്ള പാതയുടെ ഇരുവശവും പര്‍വതങ്ങളാണ്. സൌര്‍ മലയുടെ മുകളില്‍ ഭീമാകാരമായ ഒരു പാറയുണട്. അകം പൊള്ളയായതിനാല്‍ അവിടം സാമാന്യം വിശാലമായ ഗുഹയാണ്. അതിനു കിഴക്കും പടിഞ്ഞാറും ഓരോ കവാടങ്ങളുണട്. പടിഞ്ഞാറു ഭാഗത്തുള്ള കവാടത്തിലൂടെയാണ് നബി തിരുമേനിയും അബൂബക്കര്‍ സിദ്ദീഖും ഗുഹയില്‍ പ്രവേശിച്ചത്.
പ്രവാചകന്റെ കഥകഴിക്കാന്‍ രാത്രി മുഴുവനും വീടിനു ചുറ്റും കാവലിരുന്ന ശത്രുക്കള്‍ നേരം പുലര്‍ന്നപ്പോള്‍ കാണുന്നത് പ്രവാചകന്റെ വിരിപ്പില്‍ അലിയെയാണ്. ഇത് അവരെ അത്യധികം നിരാശരാക്കി; അതിലേറെ പ്രകോപിതരും. അവര്‍ പ്രവാചകനെ പരതി പരക്കംപാഞ്ഞു. അതിനിടെ അവരിലൊരു സംഘം സൌര്‍ ഗുഹയുടെ മുമ്പിലുമെത്തി. അവരുടെ കാലൊച്ചയും സംസാരവും, ദൈവകീര്‍ത്തനങ്ങളിലും പ്രാര്‍ഥനകളിലും വ്യാപൃതരായിരുന്ന നബി തിരുമേനിയുടെയും അബൂബക്കര്‍ സിദ്ദീഖിന്റെയും ശ്രദ്ധയില്‍ പെട്ടു. ഇത് അബൂബക്കറിനെ വളരെയേറെ അസ്വസ്ഥനാക്കി. പ്രവാചകന്റെ ജീവനെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ആശങ്കയൊക്കെയും. അതിനാല്‍ ഭീതിയോടെ പറഞ്ഞു: ‘അവരെങ്ങാനും ഒന്നെത്തിനോക്കിയാല്‍ നമ്മെ കണടതുതന്നെ.’
നബി തിരുമേനി അദ്ദേഹത്തെ ആശ്വസിപ്പിച്ചുകൊണടു പറഞ്ഞു: ‘മൂന്നാമനായി അല്ലാഹു കൂട്ടിനുള്ള രണടു പേരുടെ കാര്യത്തില്‍ താങ്കള്‍ക്ക് എന്തിനാണ് ഈ ആശങ്ക?’ ശത്രുക്കളുടെ സാന്നിധ്യത്തിലും പ്രവാചകന്‍ പുലര്‍ത്തിയ ഈ മനോദാര്‍ഢ്യവും ആത്മധൈര്യവും അബൂബക്കര്‍ സിദ്ധീഖിന് ആശ്വാസമേകി.
ഗുഹാമുഖം ശ്രദ്ധയോടെ നിരീക്ഷിച്ച ശത്രുക്കള്‍ അവിടെ കാലപ്പഴക്കം തോന്നിക്കുന്ന ചിലന്തിവലയും പ്രാവിന്റെ കൂടും കണടു. അതോടെ അതിനകത്ത് ആരുമുണടാവില്ലെന്നുറപ്പിച്ച് അവിടെനിന്നും നടന്നുനീങ്ങി. ഗുഹക്കകത്ത് കയറി പരിശോധിക്കുന്നതിനെ സംബന്ധിച്ച സംഘത്തിലൊരാളുടെ ചോദ്യത്തിന് മറ്റുള്ളവരുടെ പ്രതികരണം ഇതായിരുന്നു: ‘ഗുഹാമുഖത്ത് മുഹമ്മദിനെക്കാള്‍ പ്രായമുള്ള ചിലന്തിവലയും പ്രാവിന്റെ കൂടുമുണട്. അതിനാല്‍ അതിനകത്ത് ആരുമില്ലെന്നുറപ്പ്.’
ശത്രുക്കളുടെ ഈ വാക്കുകള്‍ പ്രവാചകന്നും സഹയാത്രികന്നും ആശ്വാസം പകര്‍ന്നു. നബി തിരുമേനി ദൈവത്തിനു നന്ദിരേഖപ്പെടുത്തി: ‘സര്‍വ സ്തുതിയും അല്ലാഹുവിന്. അല്ലാഹു ഏറ്റം മഹാന്‍.’
ഈ സംഭവം വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ പരാമര്‍ശിക്കുന്നു: ‘സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കിയ സന്ദര്‍ഭത്തില്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണട്. അദ്ദേഹം രണടിലൊരുവനാവുകയും ഇരുവരും ആ ഗുഹയിലായിരിക്കുകയും ചെയ്തപ്പോള്‍ അദ്ദേഹം തന്റെ കൂട്ടുകാരനോട് പറഞ്ഞു: ‘ദുഃഖിക്കാതിരിക്കുക; അല്ലാഹു നമ്മോടൊപ്പമുണട്.’ അന്നേരം അല്ലാഹു തന്നില്‍നിന്നുള്ള സമാധാനം അദ്ദേഹത്തിന് സമ്മാനിച്ചു.” (അത്തൌബ:40)
 

You may also like