കഥ & കവിത

പ്രവാചക സ്‌നേഹത്തിന്റെ മഹിത മാതൃക

Spread the love

‘ഞങ്ങളെ ഖുര്‍ആന്‍ പഠിപ്പിക്കാനും ഇസ്ലാമിക നിയമങ്ങള്‍ പരിശീലിപ്പിക്കാനും ഏതാനും പേരെ അയച്ചുതരണം.’ മദീനയിലെത്തിയ നിവേദക സംഘം നബി തിരുമേനിയോടാവശ്യപ്പെട്ടു. മദീനയുടെ സമീപത്തുള്ള ഒരു ഗോത്രത്തില്‍നിന്നുള്ളവരായിരുന്നു അവര്‍. പ്രത്യക്ഷത്തില്‍ അവരുടെ ആത്മാര്‍ഥതയില്‍ സംശയിക്കത്തക്ക ഒന്നുമുണടായിരുന്നില്ല. അതിനാല്‍ അവിടുന്ന് അവരുടെ അഭ്യര്‍ഥന അംഗീകരിച്ച് പ്രമുഖരായ ആറ് അനുചരന്മാരെ ആ സംഘത്തോടൊപ്പമയച്ചു. എന്നാല്‍ അവര്‍ ‘റജീഇ’ലെത്തിയപ്പോള്‍ നിവേദകസംഘം അന്നാട്ടുകാരായ ‘ഹുദൈല്‍’ ഗോത്രത്തെ പ്രവാചക ശിഷ്യന്മാരെ ആക്രമിക്കാന്‍ പ്രേരിപ്പിച്ചു. അതോടെ അവര്‍ ഊരിപ്പിടിച്ച വാളുമായി ആ വിശ്വാസികളെ വളഞ്ഞു. മുസ്ലിംകള്‍ പ്രതിരോധിക്കാനൊരുങ്ങിയപ്പോള്‍ ഹുദൈല്‍ ഗോത്രക്കാര്‍ പറഞ്ഞു: ‘നിങ്ങളെ കൊല്ലാന്‍ ഞങ്ങളാഗ്രഹിക്കുന്നില്ല. മറിച്ച് മക്കക്കാര്‍ക്ക് നിങ്ങളെ വില്‍ക്കാനാണ് ഞങ്ങളുടെ തീരുമാനം. അതിനാല്‍ ദൈവത്താണെ, ഞങ്ങള്‍ നിങ്ങളെ വധിക്കില്ല.’
മുസ്ലിംകളെ സംബന്ധിച്ചിടത്തോളം അപമാനം സഹിച്ച് മക്കയിലെ ശത്രുക്കളുടെ അടിമകളായി കഴിയുന്നതിനെക്കാള്‍ ഭേദം മരണമായിരുന്നു. അതിനാലവര്‍ ഹുദൈല്‍ ഗോത്രക്കാരുടെ ആവശ്യം അംഗീകരിച്ചില്ല. തങ്ങള്‍ ആറു പേര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നും അതുകൊണടുതന്നെ കൊല്ലപ്പെടുമെന്നും ഉറപ്പുണടായിട്ടും ആറു പേരും അക്രമികളെ പ്രതിരോധിക്കാന്‍ പരമാവധി ശ്രമിച്ചു. അതിനിടെ അവരില്‍ മൂന്നു പേര്‍ അവിടെ വെച്ചുതന്നെ വധിക്കപ്പെട്ടു. അവശേഷിക്കുന്നവരെ ഹുദൈല്‍ ഗോത്രക്കാര്‍ പിടികൂടി ബന്ധികളാക്കി. അവരുടെ കൈകള്‍ കൂട്ടിക്കെട്ടി മക്കയിലേക്കു കൊണടുപോയി. അവരിലൊരാളായ അബ്ദുല്ലാഹിബ്‌നു ത്വാരിഖ് വഴിയില്‍വെച്ച് കൈയിലെ കെട്ടഴിച്ചു മോചിതനായി; രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ശത്രുക്കള്‍ അദ്ദേഹത്തെ എറിഞ്ഞുകൊന്നു. അവശേഷിക്കുന്ന രണടുപേരെയും അവര്‍ മക്കയില്‍ കൊണടുപോയി ഖുറൈശികള്‍ക്ക് വിറ്റു. അവരിലൊരാളായ സൈദുബ്‌നു അദ്ദസിനയെ വാങ്ങിയത് പ്രവാചകന്റെ കഠിന ശത്രുവായിരുന്ന സഫ്വാനുബ്‌നു ഉമയ്യയായിരുന്നു. അയാള്‍ സൈദിനെ വധിക്കാനാണ് തീരുമാനിച്ചത്. ആ കൃത്യം നിര്‍വഹിക്കാന്‍ തന്റെ ഭൃത്യന്‍ നസ്താസിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഈ അവസരമുപയോഗിച്ച് ഖുറൈശികളുടെ നേതാവായിരുന്ന അബൂസുഫ്യാന്‍ ചോദിച്ചു: ‘സൈദേ, നിന്നെ മോചിപ്പിച്ച് നിന്റെ ബന്ധുക്കളുടെ അടുത്തേക്കയച്ച് പകരം മുഹമ്മദിനെ കൊല്ലുന്നതിനെക്കുറിച്ച് എന്തു പറയുന്നു?’
‘ഞാന്‍ എന്റെ വീട്ടിലായിരിക്കെ തിരുമേനി ഇപ്പോള്‍ എവിടെയാണോ അവിടെ വെച്ച് അദ്ദേഹത്തിന്റെ ശരീരത്തില്‍ ഒരു മുള്ളു തറക്കുന്നതുപോലും എനിക്കിഷ്ടമില്ല.’ സൈദുബ്‌നു അദ്ദസിന ഉറച്ച സ്വരത്തില്‍ പറഞ്ഞു. ഇതു കേട്ട അബൂസുഫ്യാന്റെ പ്രതികരണം ഇതായിരുന്നു: ‘മുഹമ്മദിനെ അവന്റെ അനുയായികള്‍ സ്‌നേഹിക്കുന്ന പോലെ നേതാവിനെ സ്‌നേഹിക്കുന്ന വേറെയൊരു സംഘത്തെയും ഞാന്‍ കണടിട്ടില്ല!’
നസ്താസ് യജമാനന്‍ ഏല്‍പിച്ച കൃത്യം നിറവേറ്റി. കൂടെയുണടായിരുന്ന ഖുബൈബിനെ തടവിലിടുകയും പിന്നീട് കുരിശില്‍ തറച്ച് കൊല്ലുകയും ചെയ്തു. അങ്ങനെ പ്രവാചകന്‍ അയച്ച സംഘത്തിലെ ആറു പേരും രക്തസാക്ഷികളായി.

You may also like