പ്രിയ പത്‌നി ആഇശയുടെ മടിയില്‍ തലവെച്ച് പ്രവാചകന്‍ പരലോകം പ്രാപിച്ചു. പള്ളിയില്‍ ഒരുമിച്ചുകൂടിയിരുന്ന വിശ്വാസികള്‍ ചരമ വിവരമറിഞ്ഞ് അമ്പരന്നു. എന്നാല്‍ അവിടെ ഓടിക്കിതച്ചെത്തിയ ഉമറുല്‍ ഫാറൂഖ് ഇത് വിശ്വസിച്ചില്ല. മൃതദേഹം നേരില്‍ കണെടങ്കിലും ബോധക്ഷയം ബാധിച്ച് കിടക്കുകയാണെന്ന് വിശ്വസിക്കാനാണ് അദ്ദേഹം താല്‍പര്യംകാണിച്ചത്. മരണം ബോധ്യപ്പെടുത്താന്‍ മുഗീറ പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഉമര്‍ അദ്ദേഹത്തെയും കൂട്ടി പള്ളിയിലെത്തി. അവിടെ കൂടിയിരുന്ന് പ്രവാചക വിയോഗത്തെ സംബന്ധിച്ച് സംസാരിച്ചുകൊണടിരുന്നവരുടെ നേരെ തിരിഞ്ഞ് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: ‘പ്രവാചകന്‍ പരലോകം പ്രാപിച്ചുവെന്ന് ചില കപടവിശ്വാസികള്‍ വാദിക്കുന്നു. അല്ലാഹുവാണ! അദ്ദേഹം മരിച്ചിട്ടില്ല; തീര്‍ച്ച. ഇംറാന്റെ മകന്‍ മൂസ ദൈവ സന്നിധിയിലേക്കു പോയതുപോലെ അദ്ദേഹവും അല്ലാഹുവിന്റെ അടുത്തേക്ക് പോയതാണ്. അദ്ദേഹവും മരിച്ചുവെന്ന് ജനം പ്രചരിപ്പിച്ചിരുന്നു!! എന്നിട്ട് അദ്ദേഹം മടങ്ങിവന്നില്ലേ?! അല്ലാഹുവാണ! മൂസ മടങ്ങിവന്നതുപോലെ തിരുദൂതരും തിരിച്ചുവരും. മടങ്ങിവന്നാല്‍ മരിച്ചുവെന്ന് പ്രചരിപ്പിച്ചവരോട് പ്രതികാരം ചെയ്യും.’ സ്വബോധം നഷ്ടപ്പെട്ടവനെപ്പോലെയാണ് ഉമര്‍ ഇത് വിളിച്ചുപറഞ്ഞത്.
പള്ളിയില്‍ ഒരുമിച്ചുകൂടിയവര്‍ക്കും ഉമര്‍ പറയുന്നത് വിശ്വസിക്കാനായിരുന്നു താല്‍പര്യം. അന്ന് രാവിലെപ്പോലും തങ്ങളോടൊപ്പം കഴിഞ്ഞ നബി തിരുമേനി മരണമടയാതിരിക്കട്ടെയെന്നും ഉമര്‍ പറഞ്ഞത് സത്യമായി പുലരട്ടെയെന്നും അവര്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു. ഹൃദയംഗമമായി പ്രാര്‍ഥിച്ചു.
പ്രവാചകന്റെ മരണ വാര്‍ത്ത കേട്ടറിഞ്ഞ അബൂബക്കര്‍ സിദ്ദീഖ് മകള്‍ ആഇശയുടെ വീട്ടില്‍ ഓടിയെത്തി. മൃതശരീരത്തിന്റെ മുഖത്തുനിന്ന് വസ്ത്രം മാറ്റി തിരുമുഖം ചുംബിച്ചുകൊണട് പറഞ്ഞു: ‘ജീവിതത്തിലും മരണത്തിലും അങ്ങ് എത്ര പരിശുദ്ധന്‍!’
തുടര്‍ന്ന് പ്രവാചക മുഖത്ത് സൂക്ഷിച്ചുനോക്കിക്കൊണട് അദ്ദേഹം പറഞ്ഞു: ‘അല്ലാഹു നിശ്ചയിച്ച മരണം അങ്ങ് ആസ്വദിച്ചുകഴിഞ്ഞു. ഇനി അങ്ങയ്‌ക്കൊരു മരണമില്ല.’ മൃതശരീരം മൂടി അബൂബക്കര്‍ സിദ്ദീഖ് നേരെ പള്ളിയിലേക്കു പോയി. അപ്പോഴും ഉമറുല്‍ ഫാറൂഖ് തന്റെ ആക്രോശം തുടരുകയായിരുന്നു. എന്നാല്‍ അബൂബക്കറിനെ കണടതോടെ ജനം അദ്ദേഹത്തിന്റെ നേരെ തിരിഞ്ഞു. നബി തിരുമേനിയെപ്പറ്റി എന്തും ആധികാരികമായി പറയാന്‍ അര്‍ഹത അദ്ദേഹത്തിനാണെന്ന് അവര്‍ക്കൊക്കെ അറിയാമായിരുന്നു. സന്ദര്‍ഭത്തിന്റെ ഗൌരവവും താല്‍പര്യവും തിരിച്ചറിഞ്ഞ അദ്ദേഹം അല്ലാഹുവെ സ്തുതിച്ചശേഷം അവരോട് പറഞ്ഞു: ‘അറിയുക; ആരെങ്കിലും മുഹമ്മദിനെയാണ് ആരാധിച്ചിരുന്നതെങ്കില്‍ അദ്ദേഹമിതാ അന്ത്യശ്വാസം വലിച്ചിരിക്കുന്നു. അല്ലാഹുവിനെയാണ് ആരാധിച്ചിരുന്നതെങ്കില്‍ അല്ലാഹു മരണമില്ലാത്തവനും എന്നെന്നും നിലനില്‍ക്കുന്നവനുമാണ്.’ തുടര്‍ന്ന് വിശുദ്ധ ഖുര്‍ആനിലെ ഈ സൂക്തം പാരായണം ചെയ്തു:
‘മുഹമ്മദ് ദൈവദൂതനല്ലാതാരുമല്ല. അദ്ദേഹത്തിനു മുമ്പും ദൈവദൂതന്മാര്‍ കഴിഞ്ഞുപോയിട്ടുണട്. അദ്ദേഹം മരണപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്താല്‍ നിങ്ങള്‍ പിന്തിരിഞ്ഞുപോവുകയോ? ആരെങ്കിലും പിന്തിരിഞ്ഞുപോകുന്നുവെങ്കില്‍ അറിയുക: അവന്‍ അല്ലാഹുവിന് ഒരു ദ്രോഹവും വരുത്തുകയില്ല. അതോടൊപ്പം നന്ദി കാണിക്കുന്നവര്‍ക്ക് അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കും.’ (3:144)
ഉമറുള്‍പ്പെടെ ഏറെപ്പേരും ഈ വിശുദ്ധ വചനം ആദ്യം കേള്‍ക്കുന്നപോലെയായിരുന്നു. പ്രവാചക വിയോഗം സംബന്ധിച്ച വാര്‍ത്ത സൃഷ്ടിച്ച വിഭ്രാന്തി അവരെ അത്രയേറെ വിസ്മൃതിയിലകപ്പെടുത്തിയിരുന്നു. ഖുര്‍ആന്‍ സൂക്തം കേട്ടതോടെ തങ്ങളുടെ സര്‍വസ്വമായ നബി തിരുമേനിയുടെ മരണം ഒരു യാഥാര്‍ഥ്യമായി അവരംഗീകരിച്ചു. അതോടെ തീവ്ര ദുഃഖം അവരുടെയൊക്കെ സിരകളിലൂടെ കുത്തിയൊഴുകി. അവ നെടുവീര്‍പ്പുകളായും കണ്ണീര്‍ കണങ്ങളായും പുറത്തുവന്നു.
കഥ & കവിത