കഥ & കവിത

പ്രവാചകന്റെ യുദ്ധസമീപനം

Spread the love

ക്രിസ്താബ്ദം 610ലാണ് പ്രവാചകന്‍ മുഹമദ് (സ) തന്റെ രിസാലത്തുമായി നിയോഗിക്കപ്പെട്ടത്. പ്രവാചകന്‍ ആരെയും നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്യാനല്ല നിയോഗിക്കപ്പെട്ടത്. അല്ലാഹു പറയുന്നു: ‘ദീനില്‍ ബലപ്രയോഗമില്ല.’ (2:256) മുസ്‌ലിങ്ങള്‍ തങ്ങളുടെ ശത്രുക്കള്‍ക്ക് വരെ പൂര്‍ണ അഭിപ്രായ സ്വാതന്ത്ര്യം നല്‍കിയിരുന്നു. അവര്‍ എല്ലാവരോടും അല്ലാഹുവിന്റെ പ്രഖ്യാപനമാണ് നിലപാടായി വിളിച്ച്പറയുക. ‘നിങ്ങള്‍ക്ക് നിങ്ങളുടെ ദീന്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ ദീനും.’ (അല്‍കാഫിറൂന്‍: 6) ‘ആര്‍ ഉദ്ദേശിക്കുന്നുവോ അവന്‍ വിശ്വസിക്കട്ടെ നിഷേധിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അപ്രകാരം ചെയ്യട്ടെ.’ (18:29) ഇസ്‌ലാം പ്രബോധന പ്രചാരണപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നിലപാടില്‍ നിര്‍ബന്ധത്തെ അവലംഭിക്കാറില്ല. കാരണം സമ്മര്‍ദ്ദങ്ങള്‍കൊണ്ട് വിശ്വാസമുണ്ടാവില്ല. കാപട്യം മാത്രമേ ഉണ്ടാവൂ.

പ്രവാചകന്‍ നിയോഗിക്കപ്പെട്ട ശേഷം ആദ്യ പതിമൂന്ന് വര്‍ഷം മക്കയില്‍ കഴിച്ചുകൂട്ടി. അക്കാലത്ത് ഖുറൈശികളടങ്ങുന്ന സത്യനിഷേധികള്‍ കഠിനമായ മര്‍ദനങ്ങളാണ് മുസ്‌ലിങ്ങള്‍ക്ക് നേരെ അഴിച്ചുവിട്ടത്. അവസാനം ശിഅ്ബു അബീ ത്വാലിബില്‍ ഉപരോധിക്കപ്പെട്ടു. അപ്രകാരം അവസാനം പ്രവാചകനും അനുചരന്മാരും മദീനയിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. അവിടെയുണ്ടായിരുന്ന അന്‍സാരികള്‍ പ്രവാചകനെയും സഹചാരികളെയും സസന്തോഷം സ്വീകരിച്ചു.

മദീനയിലെത്തിയ പ്രവാചകനെതിരെ ശത്രുക്കള്‍ ഗൂഢതന്ത്രങ്ങള്‍ പ്രയോഗിച്ചുകൊണ്ടിരുന്നു. അവസാനം അല്ലാഹു ഇക്കാര്യത്തെ കുറിച്ച് നിലപാട് അറിയിച്ചു. ‘നിന്നെ തടവിലാക്കാനോ കൊന്നുകളയാനോ നാടുകടത്താനോ സത്യനിഷേധികള്‍ നിനക്കെതിരെ തന്ത്രം മെനഞ്ഞ സന്ദര്‍ഭം. അവര്‍ തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. തന്ത്രം പ്രയോഗിക്കുന്നവരില്‍ മികവുറ്റവന്‍ അല്ലാഹു തന്നെ.’

പക്ഷെ ശത്രുക്കള്‍ നിര്‍ത്താന്‍ തയ്യാറായില്ല. ഈ സത്യത്തിന്റെ സന്ദേശത്തെ ഊതിക്കെടുത്താന്‍ അവര്‍ പരമാവതി ശ്രമിച്ചു. അപ്പോള്‍ മറ്റൊരു മാര്‍ഗവുമില്ലാത്ത പരിതാവസ്ഥയില്‍ അല്ലാഹു പ്രവാചകന് സ്വയം പ്രതിരോധത്തിന് വേണ്ടി യുദ്ധം അനുവദിച്ചുകൊടുത്തു. അല്ലാഹു പറഞ്ഞു: ‘യുദ്ധത്തിനിരയായവര്‍ക്ക് തിരിച്ചടിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നു. കാരണം അവര്‍ മര്‍ദിതരാണ്. ഉറപ്പായും അല്ലാഹു അവരെ സഹായിക്കാന്‍ പോന്നവന്‍ തന്നെ. സ്വന്തം വീടുകളില്‍നിന്ന് അന്യായമായി ഇറക്കപ്പെട്ടവരാണവര്‍. ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണ് എന്നു പ്രഖ്യാപിച്ചതല്ലാതെ ഒരു തെറ്റുമവര്‍ ചെയ്തിട്ടില്ല. അല്ലാഹു ജനങ്ങളില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് പ്രതിരോധിക്കുന്നില്ലായെങ്കില്‍ ദൈവനാമം ധാരാളമായി സ്മരിക്കപ്പെടുന്ന സന്യാസിമഠങ്ങളും ചര്‍ച്ചുകളും സെനഗോഗുകളും മുസ്ലിംപള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നവരെ ഉറപ്പായും അല്ലാഹു സഹായിക്കും. അല്ലാഹു സര്‍വശക്തനും ഏറെ പ്രതാപിയും തന്നെ.’ യുദ്ധം അനുവദിച്ചെങ്കിലും അത് ഉണ്ടാവാതിരിക്കാനുള്ള നിയമങ്ങളും പ്രവാചകന്‍ വ്യക്തമാക്കി. പ്രവാചകന്‍ യുദ്ധത്തിന് പോകുമ്പോള്‍ അണികളോട് പറഞ്ഞു: ‘ശത്രുവെ കണ്ടുമുട്ടാന്‍ നിങ്ങള്‍ ആഗ്രഹിക്കരുത്. നിങ്ങള്‍ അല്ലാഹുവോട് ഐശ്വര്യത്തെ ചോദിക്കുക. നിങ്ങള്‍ ശത്രുക്കളോട് ഏറ്റുമുട്ടുകയാണെങ്കില്‍ പോരാട്ടത്തില്‍ ഉറച്ചു നില്‍ക്കുക. അല്ലാഹുവിനെ ധാരാളം സ്മരിക്കുകയും ചെയ്യുക.’ (ദാരിമി)

അപ്രകാരം നിര്‍ബന്ധഘട്ടങ്ങളില്‍ യുദ്ധം അനുവദിക്കപ്പെട്ടു. എന്നാല്‍ ഇത് പ്രതിരോധത്തിന് വേണ്ടിയുള്ള ഒരു വഴിയായിരുന്നു. അക്രമിക്കുന്നവനെ പ്രതിരോധിക്കുക മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നുത്. അല്ലാഹു പറയുന്നു: ‘നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് ദൈവമാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ പരിധി ലംഘിക്കരുത്. അതിക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.’ ഇതിന് പുറമേ പ്രതിരോധത്തിന് വേണ്ടിയുള്ള ഇത്തരം യുദ്ധങ്ങളില്‍ ഒരിക്കലും അതിരുകവിയലുകളും അക്രമങ്ങളും ഇല്ലാതിരിക്കാന്‍ പ്രത്യേക നിയമങ്ങള്‍ പ്രവാചകന്‍ പഠിപ്പിക്കുകയുണ്ടായി. അതില്‍ പ്രധാനപ്പെട്ട ധാരാളം യുദ്ധ നിയമങ്ങളുണ്ടായിരുന്നു.

യുദ്ധം പ്രഖ്യാപിക്കാതെയും ശത്രുക്കള്‍ക്ക് മുമ്പില്‍ യുദ്ധം ഒഴിവാക്കാനുള്ള മാര്‍ഗം തുറന്നുകൊടുക്കാതെയും മുസ്‌ലിങ്ങള്‍ യുദ്ധം തുടങ്ങാന്‍ പാടില്ല. അല്ലാഹു പറയുന്നു: ‘ഉടമ്പടിയിലേര്‍പ്പെട്ട ഏതെങ്കിലും ജനത നിങ്ങളെ വഞ്ചിക്കുമെന്ന് നിങ്ങളാശങ്കിക്കുന്നുവെങ്കില്‍ അവരുമായുള്ള കരാര്‍ പരസ്യമായി ദുര്‍ബലപ്പെടുത്തുക. വഞ്ചകരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല; തീര്‍ച്ച.’ ഈ ഖുര്‍ആനികാധ്യാപനം പ്രവാചകനും സ്വഹാബത്തും തങ്ങളുടെ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്തു. ‘ഇസ്‌ലാമിലേക്ക് ക്ഷണിക്കാതെ പ്രവാചകന്‍ ഒരു സമൂഹത്തോടും യുദ്ധം ചെയ്തിട്ടില്ല.’ (അഹ്മദ്, ത്വബ്‌റാനി) യുദ്ധം ചെയ്യുന്നവരോട് മാത്രമാണ് തിരിച്ച് യുദ്ധം ചെയ്യുന്നത്. യുദ്ധത്തില്‍ പങ്കെടുക്കാതെ മാറിനില്‍ക്കുന്ന ശത്രുവിഭാഗത്തിലെ ആളുകളെയും അക്രമിക്കാന്‍ പാടില്ല. അതുകൊണ്ടാണ് പ്രവാചകന്‍ കുട്ടികളെയും സ്ത്രീകളെയും അക്രമിക്കരുതെന്ന് പഠിപ്പിച്ചത്. (മാലിക്ക്)

ഇപ്രകാരം പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മുസ്‌ലിങ്ങള്‍ തങ്ങളുടെ യുദ്ധത്തിന് കൃത്യമായ വ്യവസ്ഥ ഉണ്ടാക്കിയിരുന്നു. യുദ്ധമുതലുകളുടെ കാര്യത്തില്‍ വഞ്ചിക്കുക, ചതിയും, വഞ്ചനയും നിരോധിക്കുക, ശത്രുക്കളാണെങ്കിലും മൃതദേഹങ്ങള്‍ കേടുവരുത്താതിരക്കുക എന്നിവയെല്ലാം യുദ്ധത്തിന്റെ വ്യവസ്ഥകളാണ്. ഇത്തരം കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് പ്രവാചകന്‍ പഠിപ്പിക്കുന്നു: ‘അല്ലാഹുവിന്റെ നാമത്തില്‍ യുദ്ധം ചെയ്യുക. അവന്റെ മാര്‍ഗത്തില്‍. അല്ലാഹുവിനെ നിഷേധിക്കുന്നവര്‍ക്കെതിരെ പൊരുതുക. നിങ്ങള്‍ ചതിക്കരുത്, യുദ്ധമുതല്‍ മോഷ്ടിക്കരുത്, ചിത്രവധം ചെയ്യരുത്. കുട്ടികളെ വധിക്കരുത്.’ (മുസ്‌ലിം)

യുദ്ധങ്ങളില്‍ നിന്നും മറ്റ് രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ നിന്നും വിട്ട്‌നില്‍ക്കുന്ന സന്യാസികളെയും പുരോഹിതന്മാരെയും വധിക്കാന്‍ പാടില്ല. അവര്‍ക്ക് സുരക്ഷിതത്തം ഉറപ്പ് വരുത്തണം. ഇത്തരത്തിലുള്ള എല്ലാ കാര്യങ്ങളെയും വിവിരിച്ചുകൊണ്ട് ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ധീഖ്(റ) തന്റെ സേനയെ പറഞ്ഞയക്കുമ്പോള്‍ പ്രഖ്യാപിച്ചു. ‘നിങ്ങള്‍ ആരാധനക്ക് വേണ്ടി ഒഴിഞ്ഞിരിക്കുന്നവരെ വധിക്കരുത്…. ഞാന്‍ നിങ്ങളെ പത്ത് കാര്യങ്ങള്‍കൊണ്ട് വസ്വീയത്ത് ചെയ്യുകയാണ്. 1) സ്ത്രീകളെ വധിക്കരുത്. 2) കുട്ടികളെ കൊല്ലരുത്. 3) വൃദ്ധരെയും കൊലപ്പെടുത്തരുത്. 4) ഫലവൃക്ഷങ്ങള്‍ മുറിക്കരുത്. 5) വീടുകള്‍ നശിപ്പിക്കരുത്. 6) ഭക്ഷിക്കാനല്ലാതെ മൃഗങ്ങളെ അറുക്കരുത്. 7) ഈന്തപനകള്‍ നശിപ്പിക്കരുത്. 8) നിങ്ങള്‍ ഭിന്നിക്കരുത്. 9) നിങ്ങള്‍ ചതിക്കരുത്. 10) ഭീരുത്തം കാണിക്കരുത്.’ (മാലിക്ക്)

മുസ്‌ലിങ്ങള്‍ യുദ്ധത്തെ അനിവാര്യമായി വരുന്ന ഒരു ശസ്ത്രക്രിയപോലെയാണ് കണക്കാക്കുക. അത് വെറുക്കപ്പെട്ടതാണെങ്കിലും. അല്ലാഹു പറയുന്നു: ‘നിങ്ങള്‍ക്ക് യുദ്ധം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. അത് നിങ്ങള്‍ക്ക് വലിയ പ്രയാസമാണെങ്കിലും.’ (2:216) ഇത്തരം നിയമങ്ങളുള്ളതുകൊണ്ടാണ് പ്രവാചകന്‍ പങ്കെടുത്ത എല്ലാ യുദ്ധങ്ങളിലുമായി കൊല്ലപ്പെട്ടത് വെറും 386 ആളുകള്‍ മാത്രമാണ്. ഇതില്‍ 183 പേര്‍ മുസ്‌ലിം രക്തസാക്ഷികളും 203 പേര്‍ ശത്രുക്കളുമായിരുന്നു.

വിവ: ജുമൈല്‍ കൊടിഞ്ഞി

You may also like