കഥ & കവിത

പ്രവചനം പുലരുന്നു

Spread the love

‘സമയം ഒട്ടും പാഴാക്കാതെ ഉടനെ പുറപ്പെടുക. നീ ഇതേവരെ പ്രവാചകനെപ്പറ്റി വെച്ചുപുലര്‍ത്തിയ ധാരണകളെല്ലാം തെറ്റാണ്. അദ്ദേഹം ദൈവദൂതനാണെങ്കില്‍ പാപത്തില്‍നിന്ന് മോചനം നേടുന്ന ഒന്നാമന്‍ നീ ആയിരിക്കട്ടെ.’ സഹോദരിയുടെ ഈ വാക്കുകള്‍ ഹാത്വിമുത്ത്വാഇയുടെ മകന്‍ അദിയ്യിനെ അഗാധമായി സ്വാധീനിച്ചു. സഹോദരിക്ക് നബി തിരുമേനിയുടെ സംരക്ഷണത്തില്‍ ഏതാനും നാള്‍ കഴിച്ചുകൂട്ടാന്‍ അവസരം ലഭിച്ചിരുന്നു. അതിലൂടെ അവര്‍ അദ്ദേഹത്തെ നന്നായി മനസ്സിലാക്കുകയും ചെയ്തിരുന്നു.
സഹോദരിയുടെ നിര്‍ദേശം നടപ്പാക്കാന്‍ അദിയ്യ് പെട്ടെന്നുതന്നെ മദീനയിലേക്കു തിരിച്ചു. അദ്ദേഹം എത്തുമ്പോള്‍ പ്രവാചകന്‍ പള്ളിയില്‍ കൂട്ടുകാരോടൊന്നിച്ച് ഇരിക്കുകയായിരുന്നു. അപ്പോള്‍ ഒരു കറുത്ത അടിമപ്പെണ്ണ് അവിടെ എത്തി. അവള്‍ പ്രവാചകനോട് സ്വകാര്യം പറയാന്‍ അല്‍പസമയം ആവശ്യപ്പെട്ടു. ‘നിനക്ക് മദീനയുടെ ഏതു തെരുവില്‍വെച്ചും എന്നോട് എത്രസമയം വേണമെങ്കിലും സംസാരിക്കാമല്ലോ’ഇതായിരുന്നു പ്രവാചകന്റെ പ്രതികരണം. തുടര്‍ന്ന് നബി തിരുമേനി ആള്‍ക്കൂട്ടത്തില്‍നിന്ന് മാറി അല്‍പം അകലെ ചെന്ന് ആ സ്ത്രീക്ക് പറയാനുള്ളതെല്ലാം ശ്രദ്ധിച്ചുകേട്ടു. സമുദായ നേതാവും ഭരണാധികാരിയുമായ മുഹമ്മദ് നബി കറുത്ത ഒരടിമപ്പെണ്ണിന് ഇത്രയേറെ ശ്രദ്ധയും പരിഗണനയും നല്‍കിയത് അദിയ്യിനെ അത്യധികം അത്ഭുതപ്പെടുത്തി.
അദിയ്യ് പള്ളിയില്‍ തിരിച്ചെത്തിയ പ്രവാചകനെ സമീപിച്ച് തന്നെ സ്വയം പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ ആഗമനം നബിതിരുമേനിയെ വളരെയേറെ സന്തോഷിപ്പിച്ചു. ഔദാര്യത്തിന് പേരുകേട്ട ഹാത്വിം ത്വാഇയുടെ മകനായിരുന്നുവല്ലോ അദിയ്യ്. അതോടൊപ്പം നാടുവാഴിയും.
പ്രവാചകന്‍ അദിയ്യിനെ തന്റെ കൂടെ വീട്ടിലേക്കു കൂട്ടിക്കൊണടുപോയി. അകത്തുകടന്ന ഉടനെ തോലുറയില്‍ ഈന്തപ്പന നാരുനിറച്ച തലയണ കൊണടുവന്ന് അദിയ്യിന് ഇരിക്കാന്‍ കൊടുത്തു. തുടര്‍ന്ന് നബി തിരുമേനി വെറും തറയിലിരുന്നു. ഇതും അദിയ്യിനെ അത്ഭുതസ്തബ്ധനാക്കി. താന്‍ അതേവരെ കരുതിയപോലെ അഹങ്കാരിയായ ഒരു രാജാവല്ല മുഹമ്മദ് എന്ന് അദ്ദേഹത്തിന് ബോധ്യമായി. കുശലാന്വേഷണങ്ങള്‍ക്കുശേഷം പ്രവാചകന്‍ ചോദിച്ചു: ‘ക്രിസ്തുമതത്തിലെയും സ്വാബിഇമതത്തിലെയും തത്ത്വങ്ങള്‍ കൂട്ടിക്കലര്‍ത്തിയുണടാക്കിയ മതമല്ലേ താങ്കള്‍ അംഗീകരിച്ചത്?’
‘അതെ’അദിയ്യ് അറിയിച്ചു.
‘താങ്കള്‍ ജനങ്ങളില്‍നിന്ന് അവരുടെ സമ്പത്തിന്റെ നാലിലൊന്ന് നിര്‍ബന്ധപൂര്‍വം പിരിച്ചെടുത്തിരുന്നില്ലേ? ഇത് താങ്കളുടെ മതം അനുവദിക്കുന്നുണേടാ?’ നബി തിരുമേനി ചോദിച്ചു. ‘ഇല്ല. ഒരിക്കലുമില്ല.’ അദിയ്യ് പറഞ്ഞു. അതോടെ മുഹമ്മദ് ദൈവദൂതനാണെന്നും തികഞ്ഞ സത്യസന്ധനാണെന്നും അദ്ദേഹത്തിന് ബോധ്യമായി. തുടര്‍ന്ന് പ്രവാചകന്‍ നടത്തിയ പ്രവചനങ്ങള്‍ അദ്ദേഹത്തെ ഏറെ ആകര്‍ഷിക്കുകയും ചെയ്തു. നബി തിരുമേനി പറഞ്ഞു: ‘മുസ്ലിംകളുടെ പട്ടിണിയും പ്രയാസവുമാകാം സന്മാര്‍ഗത്തില്‍ പ്രവേശിക്കുന്നതില്‍നിന്ന് താങ്കളെ തടയുന്നത്. എന്നാല്‍, അല്ലാഹുവാണ് സത്യം! ആഹാരം ആവശ്യക്കാരില്ലാത്തവിധം അവരില്‍ കുന്നുകൂടുന്ന കാലം വിദൂരമല്ല. ശത്രുക്കള്‍ കൂടുതലും മുസ്ലിംകള്‍ കുറവുമാണെന്നതിനാലാകാം താങ്കള്‍ സന്മാര്‍ഗം സ്വീകരിക്കാന്‍ സന്നദ്ധനാകാത്തത്! എന്നാല്‍, അല്ലാഹുവാണ് സത്യം. അതിവിദൂരമായ ഖാദിസിയ്യയില്‍നിന്ന് ഒരു പെണ്ണ് തനിച്ച് നിര്‍ഭയയായി ഈ പുണ്യഭവനം സന്ദര്‍ശിക്കാന്‍ വന്നുവെന്ന് താങ്കള്‍ കേള്‍ക്കുകതന്നെ ചെയ്യും. ശക്തി ശത്രുക്കള്‍ക്കാണെന്നതാവാം നേര്‍വഴി പ്രാപിക്കുന്നതില്‍നിന്ന് താങ്കളെ തടയുന്നത്. എന്നാല്‍, അല്ലാഹു സത്യം! ബാബിലോണിയയിലെ വെളുത്ത കൊട്ടാരങ്ങള്‍ മുസ്ലിംകളുടെ അധീനതയില്‍വന്നതായി താങ്കള്‍ക്ക് കേള്‍ക്കാനാവും. ഹോര്‍മുസിന്റെ മകന്‍ കിസ്‌റായുടെ ഖജനാവുകള്‍ അവര്‍ ഏറ്റെടുക്കുകതന്നെ ചെയ്യും.’
നബി തിരുമേനിയുടെ ഈ പ്രവചനങ്ങള്‍ അദിയ്യിനെ അത്ഭുതപ്പെടുത്തുക മാത്രമല്ല, അഗാധമായി സ്വാധീനിക്കുക കൂടി ചെയ്തു. അപ്പോള്‍ തന്നെ പ്രവാചകന്റെ അനുയായി ആയിമാറിയ അദിയ്യിന് ഈ പ്രവചനങ്ങളത്രയും പുലരുന്നത് നേരില്‍ കാണാനും അറിയാനും അനുഭവിക്കാനും കഴിഞ്ഞു.
 

You may also like