
നബി തിരുമേനി നയിച്ച ആദ്യ യുദ്ധംബദ്ര്! ആണ്. നന്നെ നിര്‍ബന്ധിതാവസ്ഥയിലാണ് അവിടുന്ന് ഇതു ചെയ്തത്. ശത്രുക്കള്‍ അദ്ദേഹത്തെയും അനുയായികളെയും ജന്മനാടായ മക്കയില്‍ ജീവിക്കാന്‍ അനുവദിച്ചില്ല. നാടുവിടാനവരെ നിര്‍ബന്ധിതരാക്കി. അങ്ങനെയാണവര്‍ മദീനയിലെത്തിയത്. അവിടെയും സ്വൈരമായി കഴിയാന്‍ എതിരാളികള്‍ അനുവദിച്ചില്ല. പ്രവാചകനെയും അനുചരന്മാരെയും തളര്‍ത്താനും തകര്‍ക്കാനും ആവുന്നതൊക്കെ ചെയ്തു. അതിനാല്‍ മക്കയിലെ ശത്രുക്കളെ ഒതുക്കാതെ ഒരടി മുന്നോട്ടു നീങ്ങുക സാധ്യമായിരുന്നില്ല. മറ്റെല്ലാ മാര്‍ഗങ്ങളും കൊട്ടിയടയ്ക്കപ്പെട്ടതിനാല്‍ യുദ്ധം അനിവാര്യമാവുകയാണുണടായത്. ഏറെ ചിന്തിച്ചും കൂടിയാലോചിച്ചും എടുത്ത തീരുമാനമായിരുന്നു അത്.
പടക്കളത്തില്‍ പാലിക്കേണട മര്യാദകളൊക്കെ പ്രവാചകന്‍ അനുചരന്മാരെ പഠിപ്പിച്ചിരുന്നു. കൂട്ടത്തിലൊരു കാര്യമവരോട് പ്രത്യേകം പറഞ്ഞു: ‘യുദ്ധഭൂമിയിലെ ശത്രുനിരയില്‍ മുത്വ്ഇമിനെ കണടാല്‍ നിങ്ങള്‍ അദ്ദേഹത്തെ കൊല്ലരുത്.’
യുദ്ധം ആരംഭിച്ചു. ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ രൂക്ഷമായ പോരാട്ടം. ആയുധപ്രയോഗത്തിനിടയില്‍ പ്രവാചക ശിഷ്യന്മാര്‍ പ്രതിയോഗികള്‍ക്കിടയില്‍ മുത്വ്ഇമിനെ കണടു. ഉടനെ അവരദ്ദേഹത്തെ വിളിച്ചു പറഞ്ഞു: ‘താങ്കള്‍ക്ക് നബി തിരുമേനി അഭയം നല്‍കിയിരിക്കുന്നു. താങ്കളെ വധിക്കരുതെന്ന് വിധിച്ചിരിക്കുന്നു.’
‘എന്റെ കൂട്ടുകാര്‍ക്കോ? അവര്‍ക്ക് അഭയമുണേടാ?’ മുത്വ്ഇം ചോദിച്ചു. ‘ഇല്ല. അവര്‍ പോര്‍ക്കളത്തിലെ പടയണിയിലായിരിക്കുവോളം അവരെ നേരിടാതെ നിര്‍വാഹമില്ലഅവരറിയിച്ചു. ‘എങ്കില്‍ ഞാനും അവരോടൊപ്പം യുദ്ധം തുടരുകയാണ്’മുത്വ്ഇം അറിയിച്ചു. അതോടെ ഇരുവിഭാഗവും ആയുധപ്രയോഗം തുടര്‍ന്നു. അവസാനം മുത്വ്ഇം രണഭൂമിയില്‍ മുറിവേറ്റ് നിലംപതിച്ചു. അങ്ങനെ അദ്ദേഹം അന്ത്യശ്വാസം വലിച്ചു.
യുദ്ധത്തില്‍ പ്രവാചകനും അനുയായികളും വിജയംവരിച്ചു. അംഗബലത്തിലും ആയുധബലത്തിലും എതിരാളികള്‍ ഏറെ മികച്ചവരായിരുന്നു. എന്നിട്ടുമവര്‍ ദയനീയമായി തോറ്റമ്പി. വീരന്മാരായി വാഴ്ത്തപ്പെട്ടിരുന്ന പലരും വധിക്കപ്പെട്ടു. അവശേഷിക്കുന്നവരില്‍ പല പ്രമുഖരും പ്രവാചകശിഷ്യന്മാരുടെ പിടിയില്‍ പെട്ടു. യുദ്ധത്തടവുകാരെ എന്തുചെയ്യണമെന്ന ചര്‍ച്ചക്കിടയില്‍ നബി തിരുമേനി പറഞ്ഞു: ‘അദിയ്യിന്റെ മകന്‍ മുത്വ്ഇം ജീവിച്ചിരിക്കുകയും എന്നിട്ട് അദ്ദേഹം ഈ തടവുകാരുടെ കാര്യത്തില്‍ ഔദാര്യം കാണിക്കാനാവശ്യപ്പെടുകയും ചെയ്തിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ അഭ്യര്‍ഥന മാനിച്ച് ഞാന്‍ ഇവരെയൊക്കെ നിരുപാധികം വിട്ടയക്കുമായിരുന്നു.’
പ്രവാചകന്റെ ഈ പ്രതികരണത്തിന്റെ പ്രചോദനം അവിടത്തെ അനുചരന്മാര്‍ക്ക് നന്നായറിയാമായിരുന്നു. അത് നന്ദിനിറഞ്ഞ മനസ്സിന്റെ ഉദാരനിരതമായ പ്രത്യുപകാരമായിരുന്നു. അദ്ദേഹം മക്കയില്‍ സത്യപ്രബോധനം നടത്തിക്കൊണടിരിക്കെ ഖുറൈശിക്കൂട്ടം കൊടും പീഡകള്‍ക്കിരയാക്കി. നബി തിരുമേനിയും അനുയായികളും നന്നെ ചെറിയ സംഘമായിരുന്നു. സ്വന്തം സമൂഹത്തിന്റെ ദൃഷ്ടിയിലവര്‍ ധിക്കാരികളായിരുന്നു. കുഴപ്പം കുത്തിപ്പൊക്കുന്ന കലാപകാരികളായിരുന്നു. തങ്ങളുടെ കുലദൈവങ്ങളെ ആദരിക്കാത്തവര്‍; വിശ്വാസങ്ങളെ വിലവെക്കാത്തവര്‍; പാരമ്പര്യങ്ങളെ പുഛിച്ചു തള്ളിയവര്‍; ആചാരങ്ങളനുഷ്ഠിക്കാത്തവര്‍; പൂര്‍വികരുടെ പാത പിന്തുടരാതെ വഴിപിഴച്ചവര്‍. അതിനാല്‍ പ്രവാചകനെയും അനുയായികളെയും എന്തു ചെയ്താലും അധികമാവില്ലെന്ന് ഖുറൈശികളും കൂട്ടാളികളും കരുതി. അതിനാല്‍ നബി തിരുമേനിക്കും കൂടെയുള്ളവര്‍ക്കുമെതിരെ അക്രമങ്ങളഴിച്ചുവിട്ടു. നിര്‍ദയ മര്‍ദനങ്ങളുടെ നീണട പരമ്പരകള്‍ അരങ്ങേറി. പുതിയ മതത്തെ പിഴുതെറിയാനവര്‍ പരമാവധി ശ്രമിച്ചു; അതിനായി പ്രവാചകന്റെ കഥ കഴിക്കാനും.
പ്രവാചകത്വലബ്ധിയെ തുടര്‍ന്നുള്ള പത്തുവര്‍ഷം നബി തിരുമേനിയെ പരിരക്ഷിച്ചത് പിതൃവ്യന്‍ അബൂത്വാലിബായിരുന്നു. താങ്ങും തണലും ഇണയും തുണയുമായി പ്രിയപത്‌നി ഖദീജയുമുണടായിരുന്നു. പത്താം വര്‍ഷം പിതൃവ്യനും പ്രിയതമയും പ്രവാചകനോട് വിടപറഞ്ഞു. ആ ഇരട്ട വിയോഗത്തിന്റെ വിടവ് വളരെ വലുതായിരുന്നു; ആര്‍ക്കും നികത്താനാവാത്തതും. അതിന്റെ ദുഃഖം ഏറെ തീവ്രവും. ശത്രുക്കള്‍ ഈ അവസരം നന്നായുപയോഗിക്കാന്‍ ദൃഢനിശ്ചയം ചെയ്തു. അതിനാല്‍ നബി തിരുമേനിക്ക് പുതിയ താങ്ങ് തേടേണടിവന്നു. മക്കയില്‍ അഭയം നല്‍കാന്‍ ആരുമില്ലാതിരുന്നതിനാല്‍ സഹായവും സംരക്ഷണവും തേടി ത്വാഇഫിലെത്തി. അവിടെ അദ്ദേഹത്തിന് അകന്ന രക്തബന്ധുക്കളുണടായിരുന്നു. എങ്കിലും അവര്‍ അദ്ദേഹത്തിന് അഭയം നല്‍കിയില്ല. അതോടൊപ്പം അവഹേളിച്ച് ആട്ടിയോടിക്കുകയും ചെയ്തു. അവര്‍ പ്രവാചകനെ ക്രൂരമായി ദ്രോഹിച്ചു. അങ്ങനെ അദ്ദേഹം വ്രണിതനായി. ശരീരത്തിനെന്നപോലെ മനസ്സിനും മുറിവേറ്റു. എങ്കിലും അവിടുന്ന് ഒട്ടും നിരാശനായില്ല. അല്ലാഹുവില്‍ അഭയം തേടുന്നവര്‍ക്ക് ആശാഭംഗം അന്യമാണല്ലോ. പ്രതീക്ഷാപൂര്‍വം പ്രവാചകന്‍ മക്കയിലെ അഖ്‌നസുബ്‌നു ശരീഖിനോട് അഭയമാവശ്യപ്പെട്ടു. അദ്ദേഹം തന്റെ നിസ്സഹായത പ്രകടിപ്പിച്ചു. അപ്പോള്‍ സുഹൈലുബ്‌നു അംറിന്റെ സഹായം തേടി. അദ്ദേഹവും അതംഗീകരിച്ചില്ല. അങ്ങനെയാണ് തന്റെ പിതൃവ്യന്‍ അബൂത്വാലിബിന്റെ കൂട്ടുകാരന്‍ മുത്വ്ഇമുബ്‌നു അദിയ്യിനോട് അഭയമാവശ്യപ്പെട്ടത്. അദ്ദേഹം നബി തിരുമേനിക്ക് അഭയം നല്‍കാമെന്ന് സമ്മതിച്ച്, തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. പ്രവാചകന്‍ മുത്വ്ഇമിന്റെ വീട്ടില്‍ ഒരു രാത്രി കഴിച്ചുകൂട്ടി. പ്രഭാതമായപ്പോള്‍ മുത്വ്ഇമും ആറു മക്കളും ആയുധമണിഞ്ഞ് പ്രവാചകനെയും കൂട്ടി കഅ്ബയുടെ അടുത്തേക്ക് പുറപ്പെട്ടു. തുടര്‍ന്ന് താന്‍ പ്രവാചകന് സംരക്ഷണം നല്‍കിയ കാര്യം പരസ്യമായി പ്രഖ്യാപിച്ചു. തന്റെയും മക്കളുടെയും കാവലില്‍ നബി തിരുമേനിക്ക് ആരാധന നടത്താന്‍ അവസരമൊരുക്കുകയും ചെയ്തു. തുടര്‍ന്ന് ഹിജ്‌റ വരെയുള്ള മൂന്നു വര്‍ഷക്കാലം മുഹമ്മദ് നബി മുത്വ്ഇമിന്റെ സംരക്ഷണത്തിലാണ് മക്കയില്‍ കഴിഞ്ഞുകൂടിയത്. അതോടൊപ്പം മുത്വ്ഇം ബഹുദൈവാരാധകനായി തന്നെ തുടരുകയാണുണടായത്. എന്നല്ല, ഹിജ്‌റ രണടാം വര്‍ഷം ബദ്ര്! യുദ്ധത്തില്‍ നബി തിരുമേനിക്കും അനുയായികള്‍ക്കുമെതിരെ യുദ്ധം ചെയ്യാന്‍ ശത്രുക്കളോടൊപ്പം പുറപ്പെടുകയും യുദ്ധത്തില്‍ പങ്കാളിയാവുകയും ചെയ്തു. ബദ്‌റില്‍ പ്രവാചകന്റെ ഉദാരനിര്‍ഭരമായ പ്രതികരണം ഇതിനുള്ള പ്രത്യുപകാരമായിരുന്നു. തട്ടിമാറ്റിയതിനാല്‍ മുത്വ്ഇമിന് പ്രയോജനപ്പെട്ടില്ലെങ്കിലും പ്രവാചകന്‍ തന്റെ ബാധ്യത ഭംഗിയായി പൂര്‍ത്തീകരിച്ചു. അതിലൂടെ പ്രത്യുപകാരത്തിന് ആദര്‍ശ, വിശ്വാസ, ജാതി, മത, സമുദായ പരിഗണന ബാധകമല്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്തുകയും ചെയ്തു.
പ്രവാചകനുവേണടി കവിത രചിക്കുകയും ചൊല്ലുകയും ചെയ്തിരുന്ന ഹസ്സാനുബ്‌നു സാബിത് ബദ്‌റില്‍ തങ്ങള്‍ക്കെതിരെ യുദ്ധംചെയ്ത് വധിക്കപ്പെട്ട മുത്വ്ഇമിനുവേണടി അനുശോചനകാവ്യം ചൊല്ലാന്‍ നബി തിരുമേനിയോട് അനുവാദം ചോദിച്ചു. അദ്ദേഹം അതനുവദിക്കുകയും അങ്ങനെ ഹസ്സാന്‍ അനുശോചനകാവ്യം ആലപിക്കുകയും ചെയ്തു. തങ്ങള്‍ക്കെതിരെ യുദ്ധംചെയ്ത് വധിക്കപ്പെട്ട ശത്രുവിനുവേണടി രചിക്കപ്പെട്ട ചരിത്രത്തിലെ ഏക അനുശോചനകാവ്യം പ്രവാചകശിഷ്യന്‍ ഹസ്സാനുബ്‌നു സാബിതിന്റേതാവാനാണ് സാധ്യത.