പറത്ത് കനത്തുവരുന്ന പ്രഭാത വെയിലിന്റെ ചൂട്. കേള്‍ക്കാന്‍ ഭയപ്പെടുന്ന, അപ്രിയകരമായ എന്തോ ഒന്നിന് പ്രകൃതി കാതോര്‍ത്തുനില്‍ക്കുന്നതുപോലുണ്ട്. വിറങ്ങലിച്ചുനില്‍ക്കുന്ന മൂകത വിരിനീക്കി നോക്കിയാല്‍ കാണാം, മസ്ജിദുന്നബവിയുടെ നിഴലില്‍ സ്വഹാബികള്‍ കൂട്ടംകൂടി നില്‍ക്കുന്നുണ്ടാവും. അവരുടെ ഉള്ളില്‍ എന്തോ ഇരമ്പിമറിയുന്നുണ്ടാവണം.
മടിയില്‍ തലചായ്ച്ചു കിടക്കുന്ന അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കുമ്പോള്‍ എന്തുകൊണ്ടോ മനസ്സ് വല്ലാതെ പിടക്കുന്നു. അവിടുന്നു അത്യധികം പരിക്ഷീണനാണ്. കഠിനമായ വേദന അമര്‍ത്തിവെക്കാന്‍ ശ്രമിക്കുന്നതുപോലെ
ആ ചുണ്ടുകള്‍ മന്ത്രിക്കുന്നുണ്ടോ? ”പടച്ചവനേ, മരണത്തിന്റെ കൊടിയ വേദനകളില്‍നിന്നു നീയെന്നെ മോചിപ്പിക്കണേ!”
കഴിഞ്ഞ ദിവസം അലിയുടെയും ഫദ്‌ലി1ന്റെയും ചുമലില്‍ ചാഞ്ഞു പള്ളിയില്‍ പോയതാണ്. ഇമാമത്ത് നിന്നില്ലെങ്കിലും അവിടുന്നിനു രോഗശാന്തി വന്നതോര്‍ത്ത് എല്ലാവരും ആശ്വസിച്ചു.
പള്ളിയില്‍നിന്ന് നേരെ വന്നതും ഇങ്ങോട്ടേക്കാണ്. ഒരാഴ്ചയായി ഇവിടെത്തന്നെയാണല്ലോ. എല്ലാവര്‍ക്കും അറിയാം. തിരുമേനി ഏറ്റവും ഇഷ്ടപ്പെടുന്നത് ഇവിടെ കഴിച്ചുകൂട്ടാനാണെന്ന് എല്ലാവര്‍ക്കും അതറിയാം.
തണുത്ത വെള്ളത്തില്‍ കൈ മുക്കി അദ്ദേഹത്തിന്റെ മുഖം തടവിക്കൊണ്ടിരുന്നു. പനി മൂര്‍ഛിക്കുമ്പോഴെല്ലാം അങ്ങനെയാണല്ലോ. തലവേദന ശക്തമാകുമ്പോള്‍ ഇഗാല്‍2 കൊണ്ട് കഫിയ്യ3 കെട്ടിമുറുക്കും.
എന്താണ് അസുഖം അവിടുത്തെ വിട്ടുമാറാത്തത്….?
”ആഇശാ! ഖൈബറി4ല്‍നിന്ന് തിന്ന ആ ഇറച്ചിയുടെ വേദന……. അത് മാറാതെ പിടികൂടിയിട്ടുണ്ട്.” ചിലപ്പോള്‍ അദ്ദേഹം പറയും. ഖൈബറില്‍വെച്ച് ആ നശിച്ച ജൂതത്തി കൊടുത്ത ആട്ടിറച്ചിയിലെ വിഷം ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടാവണം. വിഷം അത്രയും ശക്തമായിരുന്നതുകൊണ്ടാണല്ലോ, അത് കഴിച്ച ഉടനെ ഒരാള്‍ മരിച്ചതും. അല്ലാഹു, അവന്റെ ദൂതനെ കാത്തു. പിന്നെ വിഷാണുക്കള്‍ ശരീരത്തില്‍ അത്രവേഗം കടന്നുചെല്ലാനനുവദിക്കുന്ന ജീവിതശൈലിയായിരുന്നില്ലല്ലോ അദ്ദേഹത്തിന്റേത്. വൃത്തിയും ചിട്ടയുമുള്ള ജീവിതം. ശാരീരികേഛകളില്‍ നിയന്ത്രണം നേടിയ മനസ്സ്. സദാ പ്രാര്‍ഥനാ നിര്‍ഭരമായ ആത്മാവ്.
എന്നിട്ടും, എപ്പോഴും അസ്‌റാഈലിന്റെ കാലൊച്ചകള്‍ക്കു കാതോര്‍ത്തുകിടക്കുന്നപോലെയാണവിടുന്ന്. രണ്ട് ദിവസം മുമ്പ്: താന്‍ തലവേദനയായിട്ടിരിക്കയായിരുന്നു. അപ്പോഴാണദ്ദേഹം കടന്നുവന്നത്. തമാശയെന്നോണം അവിടുന്ന് പറഞ്ഞു. എന്നേക്കാള്‍ മുമ്പേ നീ മരിക്കുകയാണെങ്കില്‍ നിന്റെ മയ്യിത്ത് മറമാടാനും നിനക്കുവേണ്ടി പ്രാര്‍ഥിക്കാനും എനിക്ക് കഴിഞ്ഞേനെ!
തനിക്ക് അപ്പോള്‍ അതിന്റെ ധ്വനി മനസ്സിലായില്ല. പകരം ചൊടിക്കുകയായിരുന്നു: എന്നിട്ടുവേണം മറ്റു ഭാര്യമാരോടൊപ്പം സുഖമായി കഴിയാന്‍, അല്ലേ?
അങ്ങനെ പറയേണ്ടിയിരുന്നുവോ? വേദനിപ്പിക്കാന്‍ വേണ്ടി പറഞ്ഞതല്ല. എങ്കിലും വാക്കുകള്‍ തൊടുത്തുവിടുമ്പോള്‍ ഓര്‍ക്കില്ല, അവ തിരിച്ചുപിടിക്കാനാവാത്ത അമ്പുകളാവുമെന്ന്.
തിരുമേനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാര്യ താന്‍തന്നെ. അതറിയാം. എന്നിട്ടും…….. എന്നിട്ടും…….. അവിടുത്തെ സ്‌നേഹം അല്‍പംപോലും മറ്റുള്ളവരിലേക്ക് ചോര്‍ന്നുപോകുന്നത് സഹിക്കാമായിരുന്നില്ല. പൂര്‍ണമായും അദ്ദേഹത്തെ സ്വന്തമാക്കാനാഗ്രഹിച്ചുപോയത്, അപക്വമായ തന്റെ പ്രായം കൊണ്ടാവാം. പക്ഷേ, അവിടുന്ന് എല്ലാവര്‍ക്കും സ്‌നേഹം പകുത്തുനല്‍കി. എത്ര ധൂര്‍ത്തമായി ചെലവഴിച്ചാലും തീരാത്തത്ര സ്‌നേഹം നിറഞ്ഞ ഖജാനയായിരുന്നുവല്ലോ അവിടുത്തെ ഹൃദയം.
എത്രയോ ചെറുപ്പംതൊട്ടേ കാണുകയും അറിയുകയും ചെയ്യുന്നതാണ്. ഉപ്പ6യോടൊപ്പം കൂടക്കൂടെ വീട്ടില്‍വരും. ശത്രുക്കള്‍ക്കുപോലും സ്‌നേഹാദരങ്ങള്‍ തോന്നുന്ന സൗമ്യസുന്ദരമായ ആകാരം. എപ്പോഴും കൂടെ ഒന്ന് രണ്ട് സ്വഹാബികളുണ്ടായിരിക്കും. ഒരു കൊച്ചുകുട്ടിക്ക് മനസ്സിലാക്കാന്‍ കഴിയുന്നതിനപ്പുറമുള്ള വലിയവലിയ കാര്യങ്ങളാണവര്‍ സംസാരിക്കുക.
ഉപ്പ എന്നും ബഹുമാനത്തോടെല്ലാതെ അദ്ദേഹത്തെക്കുറിച്ച് സംസാരിച്ചു കേട്ടിട്ടില്ല. അദ്ദേഹത്തിന്റെ വാക്കുകള്‍ വേദവാക്യങ്ങള്‍ പോലെയാണ് ഉപ്പക്ക്. ആ വലിയ മനുഷ്യനുമായി തന്റെ ജീവിതം കൂട്ടിക്കൊളുത്താന്‍ ഉപ്പ ആഗ്രഹിച്ചതും അതുകൊണ്ടുതന്നെയാവുമല്ലോ.
ഒരു ശവ്വാല്‍ മാസത്തിലായിരുന്നു. തനിക്ക് എട്ടോ ഒമ്പതോ വയസ്സേ ഉണ്ടാവൂ. കൂട്ടുകാരികളോടൊപ്പം ഊഞ്ഞാലാടി കളിക്കുകയായിരുന്നു. ഉമ്മ വന്ന് വിളിച്ചുകൊണ്ടുപോയി കളിപ്പിച്ച്, മുടി ചീകിക്കെട്ടി നല്ല വസ്ത്രങ്ങളണിയിക്കാന്‍ തുടങ്ങുമ്പോള്‍ അറിഞ്ഞിരുന്നില്ല ജീവിതം ഒരു പുതിയ ദിശയിലേക്ക് തിരിയാന്‍ തുടങ്ങുകയാണെന്ന്. അന്ന് അവിടുന്ന് വീട്ടില്‍ വന്നപ്പോള്‍, കൂട്ടുകാരികള്‍ കളിയാക്കിച്ചിരിച്ചപ്പോള്‍ ഒരു പുതിയ അറിവിന്റെ ആഹ്ലാദം മനസ്സില്‍ ദഫ് മുട്ടി- താനൊരു ശ്രേഷ്ഠ ജീവിതത്തിന്റെ ഭാഗമായിത്തീരാന്‍ പോകുന്നു.
പിന്നെയും വര്‍ഷങ്ങളുടെ തയാറെടുപ്പു വേണ്ടിയിരുന്നു. എട്ടും പൊട്ടും തിരിയാത്ത പെണ്‍കുട്ടി. ഒരു ദാമ്പത്യ ജീവിതത്തിന്റെ ഭാരം പേറാന്‍ തനിക്കപ്പോളാവില്ലെന്ന് അദ്ദേഹത്തിനും തോന്നിക്കാണണം. അതുകൊണ്ടാണല്ലോ വീടുകൂടല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാക്കിയത്. ബാല്യകൗമാരങ്ങളുടെ, നിറമുള്ള സ്വപ്നഭൂമിയില്‍നിന്ന്, ദൈവപ്രേമം മതമാക്കിയ പ്രവാചകന്റെ കൂടെ ഇറങ്ങിത്തിരിക്കുമ്പോള്‍ പരുഷമായൊരു ജീവിതത്തിന്റെ നീണ്ട മണല്‍പ്പാത കാത്തിരിപ്പുണ്ടെന്ന് കൗമാരം പിന്നിട്ടിട്ടില്ലാത്ത ഒരു പെണ്‍കുട്ടിക്ക് ഊഹിക്കാന്‍ പ്രയാസം. പ്രാപഞ്ചിക ജീവിതത്തിന്റെ പകിട്ടുകളില്‍ ചഞ്ചലനാവാത്ത പുരുഷന്‍. അദ്ദേഹത്തിന് കഴിക്കാന്‍ തൊലിക്കോതമ്പിന്റെ കഞ്ഞിയോ ഈന്തപ്പഴമോ മതി….. കിടന്നുറങ്ങാന്‍ ഈന്തപ്പനയോലച്ചീളു മതി…. വിലകുറഞ്ഞ പരുത്തി വസ്ത്രം മതി. അത് കീറിയാല്‍ സ്വയം തുന്നും. തിന്നാനൊന്നുമില്ലെങ്കില്‍ വയറ്റില്‍ കല്ലുകെട്ടിയിട്ട് നമസ്‌കരിക്കും. സദാ ദൈവസ്മരണയില്‍ കഴിയുന്ന തിരുദൂതര്‍ക്ക് അതൊന്നും പ്രശ്‌നമായിരുന്നില്ല. അടുപ്പില്‍ തീ പുകയാത്ത എത്രയോ ദിവസങ്ങള്‍….. അപ്പോഴും അതിഥികള്‍ വന്നാല്‍ നിറയെ സല്‍ക്കരിക്കും. ഉള്ളതെല്ലാം പാവങ്ങള്‍ക്ക് ദാനം ചെയ്യും.
കളങ്കസ്പര്‍ശമേശാത്ത ആ ജീവിതത്തെ അടുത്തറിയുംതോറും സ്‌നേഹാദരങ്ങള്‍ കൂടിവന്നു. ഒരേസമയം ഭര്‍ത്താവും പിതാവും കൂട്ടുകാരനുമായ മനുഷ്യന്‍…..
റസൂല്‍ ഒന്ന് ഞരങ്ങിയോ? ചുട്ടുപൊള്ളുന്ന പനിയുണ്ട്. മുലബ്ബദ7യില്‍ തൊട്ടാലറിയാം ജ്വരത്തിന്റെ ചൂട്. വെള്ളം തൊട്ടു മുഖമുഴിയുമ്പോള്‍ അല്‍പം ആശ്വാസം പോലെ തോന്നും. കൂടക്കൂടെ ബോധം മറിഞ്ഞുപോകുന്നു. ഉണര്‍ച്ച കിട്ടുമ്പോള്‍ ഒരേ ഒരു മന്ത്രം മാത്രം: സുബ്ഹാനല്ലാ……
അവിടുന്ന് അനുഭവിക്കുന്ന വേദന എത്ര വലുതാണെന്ന് പടച്ചവന്നേ അറിയൂ. എന്തെല്ലാം വിഷമമുണ്ടായാലും, മറ്റാരെയും നൊമ്പരമറിയിക്കാതെ ഉള്ളിലൊതുക്കിപ്പിടിക്കാനുള്ള കരുത്ത് അദ്ദേഹത്തിനുണ്ട്.
എന്നിട്ടും അറിഞ്ഞോ അറിയാതെയോ താന്‍ അദ്ദേഹത്തെ വേദനിപ്പിച്ചിട്ടില്ലേ?
ഓര്‍മയുണ്ട്: ഒരിക്കല്‍ കണ്ണാടിനോക്കിനില്‍ക്കവേ, താന്‍ പറഞ്ഞു-നിങ്ങളുടെ മരിച്ചുപോയ കിളവിയായ ഭാര്യയേക്കാള്‍ സുന്ദരിയല്ലേ, ഞാന്‍?
ഖദീജയെ കുറിച്ചെന്നുമദ്ദേഹം പുകഴ്ത്തിപ്പറയുന്നതിനോടുള്ള നീരസമായിരിക്കണം അന്നേരം തന്റെ മനസ്സില്‍. അപ്പോള്‍ അദ്ദേഹം തിരിച്ചടിച്ചത് ഒരിക്കലും മറക്കാനാവില്ല; അല്ലാഹുവാണ, ഖദീജയുടെ സ്ഥാനം എന്റെ മനസ്സില്‍ മറ്റാര്‍ക്കും ലഭിക്കില്ല.
ശരിയാണ്. അത് ബോധ്യമായത് ഹാല8വന്ന ദിവസമാണ്. ഖദീജ തന്റെ മുമ്പില്‍ വന്നു നില്‍ക്കുകയാണോ എന്നവിടുന്ന് ശങ്കിച്ചു പോയി. നീണ്ട ഇരുപത്തിമൂന്നുവര്‍ഷം തന്റെ ജീവിതം പങ്കിട്ട, പ്രവാചകത്വത്തില്‍ ആദ്യം വിശ്വാസമര്‍പ്പിച്ച പുണ്യവതിയെ കുറിച്ചുള്ള ഓര്‍മ എന്നും അവിടുത്തേക്കുണ്ടായിരുന്നു. ഖദീജ മരിച്ച് പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് സൗദയും ഹഫ്‌സയും സൈനബും ഉമ്മുകുല്‍സൂമുമെല്ലാം അവിടുത്തെ ജീവിതത്തിലേക്ക് കടന്നുവന്നത്.
മുഖമുഴിയുമ്പോള്‍ ഇടതൂര്‍ന്ന താടിരോമങ്ങളില്‍ വിരലുകള്‍ തടയുന്നു. സുഗന്ധതൈലം കണ്ടിട്ട് ദിവസങ്ങളായ തലമുടിയില്‍നിന്നും സൗരഭ്യം വഴിയുന്നു. അവിടവിടെ മാത്രം നരയുടെ വെള്ളിരേഖകള്‍. കൂട്ടുപുരികങ്ങള്‍ക്കു താഴെ നിമീലിതമായ കണ്‍പോളകളില്‍ ഏതോ ഒരു ദിവ്യസ്വപ്നത്തിന്റെ തുടുപ്പ്. ഓര്‍മകളുടെ ചീളുകള്‍ മനസ്സിന്റെ സുതാര്യ തലങ്ങളിലൂടെ കടന്നുപോകുന്നു.
ഇഅ്തികാഫ്9 ഇരിക്കുമ്പോള്‍, പള്ളിയില്‍നിന്ന് അവിടുന്ന് തലനീട്ടും …..താന്‍ സുഗന്ധതൈലം പൂശിക്കൊടുക്കും. അവിടുത്തെ വിരിപ്പില്‍ താനുറങ്ങിക്കിടക്കുമ്പോള്‍, തന്നെ ഉണര്‍ത്തുകപോലും ചെയ്യാതെ നടുവിലേക്ക് തിരിഞ്ഞ് അദ്ദേഹം നമസ്‌കരിക്കും…. ഒരേ പാത്രത്തില്‍നിന്ന് മാറിമാറി വെള്ളമെടുത്തു കുളിക്കും…. ഒരിക്കലും അവിടുന്നു തന്നെ വിഷമിപ്പിച്ചില്ല. നബിയെ വിഷമിപ്പിക്കുന്നുവെന്നറിഞ്ഞാല്‍ ഉപ്പ സഹിക്കില്ല. ഉപ്പയും ഉമറുബ്‌നുല്‍ ഖത്താബും ഉള്ളപ്പോഴാണ്, ഒരു ദിവസം ഭാര്യമാരെ ഉദ്ദേശിച്ച് അവിടുന്ന് തമാശയെന്നോണം പറഞ്ഞു: ”ചെലവിനു ചോദിച്ചു ഇവരെന്നെ പൊതിയുകയാണ്.” അതുകേട്ട പാടെ ഉപ്പ തന്റെ പിരടിക്കു മേടി. ”റസൂലിന് വശമില്ലാത്തത് ചോദിക്കുന്നോ?”
സ്ത്രീസഹജമായ അസൂയയും മാത്സര്യവും തങ്ങള്‍ക്കൊക്കെ ഉണ്ടായിരിക്കാം. ഏതെങ്കിലുമൊരു ഭാര്യയുടെ കൂടെ തിരുമേനി അല്‍പനേരം കൂടുതല്‍ ചെലവഴിച്ചാല്‍ മറ്റുള്ളവര്‍ക്ക് അത് രസിക്കില്ല. അവര്‍ അതില്‍ എന്തെങ്കിലുമൊരു പ്രശ്‌നമുണ്ടാക്കാന്‍ നോക്കും. സൈനബിന്റെ വീട്ടില്‍ പതിവില്‍ കവിഞ്ഞ സമയം ചെലവഴിച്ചതിനല്ലേ അദ്ദേഹം മഗാഫിര്‍10 തിന്നുവെന്ന് പ്രചരിപ്പിച്ചത്? താനല്‍പം തേന്‍ കഴിച്ചുവെന്ന് തിരുമേനി സമ്മതിച്ചു. പക്ഷേ, അത് ദുര്‍ഗന്ധമുള്ള മഗാഫിറാകുന്നതെങ്ങനെ?
ഇതെല്ലാം തിരുമേനിയെ എന്തുമാത്രം പീഡിപ്പിക്കുന്നുണ്ടെന്ന് ആരും ഓര്‍ത്തില്ല. മനംമടുത്തിട്ടാവണം ഒരു മാസക്കാലം അവിടുന്ന് ഏകാന്തജീവിതം നയിച്ചത്….. സാധാരണ പത്തു ദിവസത്തിലേറെ നീണ്ടുപോവാത്ത ഇഅ്തികാഫ് ഇരുപത്തൊമ്പത് ദിവസങ്ങള്‍ നീണ്ടു… അദ്ദേഹം ഭാര്യമാരെ ഉപേക്ഷിച്ചുവെന്നു വരെ ആളുകള്‍ പറഞ്ഞുപരത്തി. ആ നാളുകളില്‍ നോമ്പും നമസ്‌കാരവുമായി അവിടുന്ന് ദിനരാത്രങ്ങളെ സാര്‍ഥകമാക്കുകയായിരുന്നു. ഈന്തപ്പനയോലയില്‍, ഏകാകിയായി കിടന്നുറങ്ങുമ്പോള്‍ വിരക്തിയുടെ നിര്‍വികാരത, ഭക്തിസാന്ദ്രതയിലലിഞ്ഞലിഞ്ഞില്ലാതെയാവും…. അന്ന് തങ്ങളെല്ലാം കഴിച്ചുകൂട്ടിയത് ദൈവകോപത്തിന്റെ ഏതോ അശനിപാതം ഭയന്നാണ്.
എന്നിട്ടും താന്‍ അവിടുത്തെ വേദനിപ്പിച്ചിട്ടില്ലേ? ഒരിക്കല്‍ ഇബ്‌റാഹീമിനെ ഓമനിച്ചുകൊണ്ട് ‘മോനൊരു ചുണക്കുട്ടന്‍ തന്നെയാണല്ലേ’ എന്ന് അവിടുന്ന് ചോദിച്ചപ്പോള്‍ താനെന്തേ പറഞ്ഞത്? ‘ഏറെ ആട്ടിന്‍പാലു കുടിച്ചാല്‍ ഏതു കുഞ്ഞും ഇങ്ങനെ നന്നാവും’ എന്നല്ലേ? അത് പറയുമ്പോള്‍ ഇബ്‌റാഹീമിനെ പ്രസവിച്ച മാരിയത്തിനോടുള്ള അസൂയയായിരിക്കണം ഉള്ളില്‍. ഖുറൈശിയല്ലാത്ത ആ സ്ത്രീ എന്തു പിഴച്ചു? ഖദീജയില്‍ ജനിച്ച ഖാസിമും താഹിറും മരിച്ചുപോയി വര്‍ഷങ്ങള്‍ കഴിഞ്ഞ് അല്ലാഹുവിന്റെ ദൂതനു കിട്ടിയ ഒരാണ്‍കുഞ്ഞ് – ഇബ്‌റാഹീമിനോടുള്ള അവിടുത്തെ വാത്സല്യം മനസ്സിലാക്കാവുന്നതേയുണ്ടായിരുന്നുള്ളൂ. ഏഴ് ആടുകളുടെ പാല്‍ അവനു കൊടുക്കാനാണ് അവിടുന്ന് ഏല്‍പിച്ചത്. എന്നിട്ടും താനുള്‍പ്പെടെയുള്ള ഭാര്യമാര്‍ മാരിയത്തിനോടും കുഞ്ഞിനോടും നീരസം പ്രകടിപ്പിച്ചു.
അന്നു താനേറെനാള്‍ മോഹിച്ചുകിട്ടിയ അരുമപുത്രന്റെ മയ്യിത്ത് സ്വന്തം കൈകളിലെടുത്ത് ഈന്തപ്പനച്ചുവട്ടിലുണ്ടാക്കിയ ഖബ്‌റില്‍ മറമാടുമ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ എന്തുമാത്രം വേദന തിന്നിട്ടുണ്ടാവണം?
പരുഷമായൊരു വാക്കദ്ദേഹം ഉരിയാടിയില്ല. എത്ര വിഷമമുണ്ടായാലും ആത്മസംയമനം പാലിക്കാനുള്ള മനക്കരുത്തുണ്ടദ്ദേഹത്തിന്. അമര്‍ത്തപ്പെട്ട ക്ഷതവികാരങ്ങള്‍, വിയര്‍പ്പുതുള്ളികളായി മുഖത്ത് തെളിയും. അത്രതന്നെ.
മാലപോയ സംഭവം തന്നെ മതിയല്ലോ. എല്ലാമറിഞ്ഞിട്ടും അവിടുന്നു ഒരു വാക്കു ചോദിച്ചില്ല. സംശയം പ്രകടിപ്പിച്ചില്ല. ഒരു ഭര്‍ത്താവിനും സഹിക്കാനാവാത്ത അപവാദമല്ലേ തന്നെക്കുറിച്ചു മറ്റുള്ളവര്‍ പറഞ്ഞുപരത്തിയത്? അതു അദ്ദേഹത്തിന്റെ ചെവിയിലുമെത്തി. അവിടുന്നിനു വേദനയുണ്ടാവാതിരിക്കുമോ?
വാസ്തവത്തില്‍ എന്താണ് സംഭവിച്ചത്?
ബനൂ മുസ്ത്വലഖില്‍ നബിയോടൊപ്പം പോകാന്‍ നറുക്ക് പൊങ്ങിയതു തനിക്കാണ്. അവിടുന്ന് മടങ്ങുമ്പോള്‍ യാത്രാസംഘം മദീനക്കടുത്ത് തമ്പടിച്ച് വിശ്രമിച്ചു. പുലര്‍ച്ചേ വീണ്ടും യാത്രയാരംഭിച്ചപ്പോള്‍ താന്‍ പ്രാഥമികാവശ്യങ്ങള്‍ക്ക് വെളിയില്‍ പോയിരിക്കയായിരുന്നു. ഇതിനിടയില്‍ കഴുത്തില്‍ കിടന്ന മാല കാണാതായി. ളിഫാറി11ലെ മണികള്‍ കോര്‍ത്ത മാല. അത് നഷ്ടപ്പെടാന്‍ മനസ്സനുവദിച്ചില്ല. മാല തെരഞ്ഞ് സമയം പോയതറിഞ്ഞില്ല.
സ്വര്‍ണപ്പൊടി കുന്നുകൂട്ടിയതുപോലുള്ള മണല്‍ക്കൂനകള്‍. സര്‍പ്പങ്ങളെന്നോണം കെട്ടുപിണഞ്ഞു മരുഭൂമിയോട് പറ്റിപ്പിടിച്ചു കിടക്കുന്ന ഹംദിന്‍12 പടര്‍പ്പുകള്‍…. മാല തെരഞ്ഞുനടന്നു സമയം പോയതറിഞ്ഞില്ല.
തിരിച്ചുവന്നപ്പോള്‍ പല്ലക്കുമില്ല, ഒട്ടകവുമില്ല. യാത്രാസംഘം കണ്ണെത്താത്ത അകലത്തായിക്കഴിഞ്ഞു. പല്ലക്കില്‍ താനുണ്ടെന്നു കരുതി സ്വഹാബികള്‍ അത് ഒട്ടകപ്പുറത്തേറ്റിയിട്ടുണ്ടാവും, കൃശഗാത്രിയായ താന്‍ ഉണ്ടായാലും ഇല്ലെങ്കിലും പല്ലക്കിനു കനം തോന്നില്ലല്ലോ.
അനന്തമായി പരന്നുകിടക്കുന്ന മണല്‍ക്കാട്. കാടല്ല; കടലാണ്. ചരലും മണലും പിംഗളതരംഗങ്ങളായിത്തീരുന്ന ആദിയുമന്ത്യവുമില്ലാത്ത കടല്‍. ഇവിടെ ദിക്കറിയാതെ ഒറ്റപ്പെട്ട കപ്പല്‍പോലെയായിരിക്കുന്നു താന്‍. കൊച്ചുകൊച്ചു മഞ്ഞപ്പൂക്കള്‍ നിറുകയില്‍ ചൂടിയ മണല്‍ക്കുന്നുകള്‍. അകലെ നീരുറവ പോലെ തോന്നുന്നത് മൃഗതൃഷ്ണയാവാം. ഇവിടെ വഴിയടാളങ്ങളില്ല; പിന്തുടര്‍ന്നുപോവാന്‍ പാദമുദ്രകളില്ല. സദാ വീശിക്കൊണ്ടിരിക്കുന്ന മണല്‍ക്കാറ്റ്, എല്ലാ കാലടിപ്പാടുകളും മായ്ച്ചുകളയുന്നു- കാലത്തെപോലെ. മുകളില്‍ ചൂടു പിടിച്ചുവരുന്ന അന്തമില്ലാത്ത ലോഹത്തകിട്. കുറച്ചുകൂടി കഴിയുമ്പോഴേക്ക് മണല്‍ ചുട്ടുപഴുക്കും. അതെല്ലാം അവഗണിച്ച് നടന്നാല്‍ തന്നെ വഴി തെറ്റുകയില്ലെന്നതിനെന്താണുറപ്പ്?
തന്നെ കാണാതെ വരുമ്പോള്‍ യാത്രാസംഘം മടങ്ങിവരാതിരിക്കില്ല. അതുവരെ കാത്തിരിക്കുക തന്നെയെന്നോര്‍ത്തു. തമ്പടിച്ച സ്ഥലത്ത് സഹാബികള്‍ ഉപയോഗിച്ചുകളഞ്ഞ പഴത്തോടുകള്‍ … അകലെ, ചെമ്മരിയാടുകളെ മേയ്ക്കാനിറങ്ങിയ ഏതോ ബദവി13 ഉച്ചസ്ഥായിയില്‍ പാടുന്ന, പരുക്കന്‍ ശീലിലുള്ള നാടോടിപ്പാട്ട് …. അടുത്തോ അകലെയോ എന്നറിയാതെ ഏതോ കിണറ്റിലെ കപ്പി കരയുന്ന ശബ്ദം ….. ഇതെല്ലാമാണ്, ആ വിജയനതയിലും ജീവിതത്തിന്റെ ചീളുകളെന്നോണം മണലാരണ്യത്തില്‍ അവശേഷിച്ചത്. ഈ നിര്‍ജ്ജനതയില്‍, ഏകാകിയായിരിക്കുമ്പോള്‍ ഏതൊരുത്തനും തന്റെ ഉണ്‍മയെ തിരിച്ചറിയുന്നു. ഒടുവില്‍ ഞാന്‍ ഒറ്റക്കുതന്നെയാണെന്ന സത്യം ഓര്‍ത്തുപോവുന്നു. കാലമെന്ന അനാദ്യന്തമായ പ്രതിഭാസത്തിലെ ഒരു പൊട്ടായി തെളിഞ്ഞുമായുന്ന നിസ്സാരവും ക്ഷണികവുമായ ഒരു ഉണ്‍മയെ കുറിച്ചുള്ള ബോധം തന്നെയും തളര്‍ത്തിയിട്ടുണ്ടാവണം. ആ തളര്‍ച്ച പഞ്ചേന്ദ്രിയങ്ങളെയും മയക്കിയിട്ടുണ്ടാവണം.
ശരീരമാസകലം പുതച്ചു മൂടിയിരുന്നപ്പോള്‍ ഉറങ്ങിപ്പോയതറിഞ്ഞില്ല. ഉണര്‍ന്നപ്പോള്‍ മുമ്പില്‍ സഫ്‌വാന്‍: ”ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍.”14
പര്‍ദ വരുംമുമ്പ് സഫ്‌വാന്‍ തന്നെ കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് തിരിച്ചറിഞ്ഞത്. തിരുമേനിയുടെ വിശ്വസ്തനായ അനുയായി. ഒട്ടകത്തെ മുമ്പിലേക്ക് നീക്കിനിര്‍ത്തി ‘കയറിക്കോളൂ’ എന്നദ്ദേഹം പറഞ്ഞപ്പോള്‍ മറുത്തു പറയാന്‍ തോന്നിയില്ല.
യാത്രാ സംഘത്തോടൊപ്പമെത്താനാവും എന്ന പ്രതീക്ഷയോടെ സഫ്‌വാന്‍ അതിവേഗം ഒട്ടകത്തെ തെളിച്ചു. ഒട്ടകത്തിന്റെ ഉപ്പൂറ്റിക്കടിയില്‍ മണല്‍ത്തരികള്‍ ഞെരിഞ്ഞമരുന്ന ശബ്ദവും കാറ്റില്‍ ഉലയുന്ന മേലുടുപ്പുകളുടെ മര്‍മരവും മാത്രമേ മൂകത ഭേദിക്കാനുണ്ടായിരുന്നുള്ളൂ. മണല്‍ക്കുന്നുകള്‍, താഴ്‌വാരങ്ങള്‍, പിന്നെയും മണല്‍ക്കൂനകള്‍… വരണ്ട തരിശുനിലങ്ങളിലൂടെയുള്ള ആ യാത്രക്കിടയില്‍ വല്ലപ്പോഴും ഉണക്കപ്പുല്ലുകളോ, കാരക്കാത്തോട്ടമോ, കൊച്ചുവീടുകളോ കണ്ടാലായി…..
മദീനയില്‍ കടക്കുമ്പോള്‍ ഉച്ചയായി. ആളുകള്‍ക്കിടയിലൂടെ ഒട്ടകപ്പുറത്ത് വീട്ടിലേക്ക് തിരിച്ചു.
ഇതില്‍ എന്തെങ്കിലും പന്തികേടുണ്ടെന്ന് തോന്നിയിരുന്നില്ല. അത്തരമൊരു സാഹചര്യത്തില്‍ ഒരു സ്ത്രീ മറ്റെന്തു ചെയ്യാനാണ്?
എന്നാല്‍ നബിയുടെ പെരുമാറ്റത്തില്‍ പ്രകടമായി കണ്ട നിസ്സംഗതയാണ് തന്നെ അത്ഭുതപ്പെടുത്തിയത്. താന്‍ അസുഖമായി കിടക്കുകയായിരുന്നിട്ടുപോലും, ഒരുപചാരമെന്നോണം ‘എങ്ങനെയുണ്ട്’ എന്ന് ചോദിച്ച് കടന്നുപോയതല്ലാതെ അവിടുന്ന് ഒരു സാന്ത്വനവാക്കോതുകപോലും ചെയ്തില്ല. ‘അസുഖം മാറുന്നതുവരെ തന്റെ വീട്ടിലേക്ക് പൊയ്‌ക്കോട്ടെ’ എന്ന് ചോദിച്ചപ്പോള്‍ വേഗം അനുവദിക്കുകയും ചെയ്തു.
എന്തുകൊണ്ടാണ് അവിടുന്ന് തന്നോടിങ്ങനെ അന്യതാബോധത്തോടെ പെരുമാറുന്നത് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല…. പത്തിരുപത് ദിവസങ്ങള്‍ക്കുശേഷം ഒരു മുഹാജിര്‍ സ്ത്രീ പറഞ്ഞപ്പോഴല്ലാതെ. നാട്ടില്‍ പ്രചരിച്ചിരിക്കുന്ന കഥ കേള്‍ക്കെ, താന്‍ തളര്‍ന്നുപോയി. യാ റബ്ബീ! മനസ്സിലൂടെ ഒരിക്കല്‍ പോലും കടന്നുപോയിട്ടില്ലാത്ത അസത്യം! ഇന്നോളം അവിടുത്തെ കുറിച്ചല്ലാതെ മറ്റൊരു പുരുഷനെക്കുറിച്ചും ചിന്തിച്ചിട്ടില്ല, ചിന്തിക്കാന്‍ കഴിയില്ല. അവിടുന്ന് ഒരു കുറവും വരുത്തിയില്ല. മറിച്ചു ഏറ്റവുമധികം സ്‌നേഹം തന്നതും തനിക്കാണ്. തന്റെ കുസൃതികളും കുന്നായ്മകളുമൊക്കെ ഒരു പിതാവിനെപ്പോലെ ഇന്നോളം അദ്ദേഹം പൊറുത്തുതന്നിട്ടുണ്ട്. തന്റെ സ്ത്രീത്വം ആദ്യമായി സാഫല്യമടഞ്ഞത് അവിടുന്നിലൂടെയാണ്. തന്റെ മനസ്സും ശരീരവും ഇഛകളുമെല്ലാം അദ്ദേഹത്തിനുള്ളതാണ്…. എന്നിട്ട്, അവിടുത്തെ വഞ്ചിച്ച് ഒരു ചെറുപ്പക്കാരന്റെ കൂടെ… ഈ കെട്ടുകഥ പരത്തിയവര്‍ ആരായാലും അവരുടെ മേല്‍ അല്ലാഹുവിന്റെ ശാപം പതിയട്ടെ!
പക്ഷേ, ഇങ്ങനെയൊരു കഥ നാട്ടില്‍ പരന്നിട്ടുണ്ടെന്നറിഞ്ഞിട്ടും തന്റെ പ്രിയപ്പെട്ട ഉമ്മ ഉള്‍പ്പെടെയുള്ളവര്‍ തന്നെ മറച്ചുവെച്ചതെന്തേ? ഒന്നും ചോദിക്കാതിരുന്നതെന്തേ?
”സാരമില്ല മോളേ, ഒന്നിലേറെ ഭാര്യമാരുള്ള പുരുഷന്റെ സുന്ദരിയായ ഭാര്യയെക്കുറിച്ച് മറ്റുള്ളവര്‍ അപവാദം പരത്തും. സ്വാഭാവികമാണത്.” ഉമ്മയുടെ ആശ്വാസവാക്കുകളും വെറുതെയായി. തന്റെ നിരപരാധിത്വം എങ്ങനെയാണ് അദ്ദേഹത്തെ ബോധ്യപ്പെടുത്തുക? ഒരിക്കല്‍ പോലും അദ്ദേഹം അതേക്കുറിച്ച് ഒരു വാക്ക് ചോദിച്ചിട്ടില്ല. പിന്നെ എങ്ങനെയാണ് പറയുക? ചോദിക്കാതെ കയറിപ്പറഞ്ഞാല്‍ കൂടുതല്‍ സംശയമാവുകയേയുള്ളൂ. ബരീറ15യെ തിരുമേനിയും അലിയും ഉസാമയും കൂടി വിസ്തരിച്ചതായി പിന്നീടറിഞ്ഞു. അവള്‍ക്കെന്താണ് തന്നെക്കുറിച്ച് മോശമായി പറയാന്‍ കഴിയുക? മാവു കുഴച്ചുവെച്ച് ഉറക്കം തൂങ്ങും; അത് ആടുവന്നുതിന്നാലറിയില്ല… ഇങ്ങനെയുള്ള കൊച്ചുകൊച്ചു തെറ്റുകളല്ലാതെ അവള്‍ക്കും ഒന്നും പറയാനുണ്ടാവില്ല.
മൗനത്തിന്റെ കനത്ത ചുമരുകള്‍ക്കിരുവശത്തുമായി തങ്ങള്‍ കഴിഞ്ഞ ആ ദിവസങ്ങളില്‍ അവിടുന്നും കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരിക്കണം. ഇരുപതു തികയാത്ത സുന്ദരിയായ തന്റെ ഭാര്യ, വിശ്വസ്തനും നല്ലവനുമായ അനുയായി…. അവരെ കുറിച്ചാണ് ആളുകള്‍ അപവാദം പറയുന്നത്. മനുഷ്യര്‍ക്ക് മുഴുവന്‍ മാതൃകയാവേണ്ട ഒരു ചിത്രത്തിലേക്ക് കറുത്ത മഷി കുടയാന്‍ അവരെക്കുറിച്ച് ഒരു കെട്ടുകഥ നെയ്‌തെടുത്താല്‍ മതി. ലോകം പരിഹാസച്ചിരി ചിരിക്കാന്‍ മറ്റൊന്നും വേണ്ട. ഏതോ ഒരു അബ്ദുല്ലയുടെ മകനായ, ഏതോ ഒരു മുഹമ്മദല്ല…. അല്ലാഹുവിന്റെ ദൂതരാണ്. ഒരു കാക്കപ്പുള്ളി പോലും വീഴാന്‍ പാടില്ല, ആ ചിത്രത്തില്‍.
അപവാദത്തിന്റെ ഉണക്കമരങ്ങള്‍ക്കു ഒരിക്കല്‍ തീ പിടിച്ചാല്‍ അത് പടര്‍ന്ന് കത്തിക്കോളും, എണ്ണ ഒഴിച്ചുകൊടുക്കാനാരെങ്കിലുമുണ്ടെങ്കില്‍ പ്രത്യേകിച്ച്. ശത്രുക്കളും കപടവിശ്വാസികളും കൈചൂണ്ടി ചോദിക്കും: ”ഇതാണോ പ്രവാചകന്റെ മാതൃക? ഇങ്ങനെയാണോ ദൈവദൂതന്റെ കുടുംബജീവിതം?”
ഇന്നോളം തല നിവര്‍ത്തിപ്പിടിക്കാന്‍ കഴിയാത്ത ഒരവിശുദ്ധ സംഭവവും അവിടുത്തെ വ്യക്തിജീവിതത്തിലുണ്ടായിട്ടില്ല. ആകാശം പോലെ തുറന്ന ജീവിതം. അത് ജീവനുള്ള വേദഗ്രന്ഥമാണ്. വരാനിരിക്കുന്ന തലമുറകളുടെ ദാഹം മുഴുവന്‍ ശമിപ്പിക്കുന്ന സംസമാണ്.
പക്ഷേ, ആ കെട്ടുകഥയെക്കുറിച്ച് ചോദിച്ച് തന്നെ നൊമ്പരപ്പെടുത്താന്‍ അവിടുന്നാഗ്രഹിച്ചിട്ടുണ്ടാവില്ല. അത്രമാത്രം അദ്ദേഹം തന്നെ സ്‌നേഹിക്കുന്നു. വിശ്വസിക്കുന്നു. ഒടുവില്‍ അവിടുത്തെ നാവുകൊണ്ടു തന്നെ അത് കേള്‍ക്കാനിടായി. മുറിയില്‍ ഉപ്പയും ഒരു മുഹാജിര്‍16 സ്ത്രീയും മാത്രമേയുണ്ടായിരുന്നുള്ളൂ.
അദ്ദേഹം തന്റെ മുമ്പില്‍ വന്നുനിന്നു പറയുന്നു: ”ആഇശാ! അല്ലാഹുവിനെ സൂക്ഷിച്ചുകൊള്ളുക. ജനങ്ങള്‍ പറയുന്നതുപോലുള്ള ചീത്തകൃത്യം വല്ലതും നീ ചെയ്തുപോയിട്ടുണ്ടെങ്കില്‍ അല്ലാഹുവിനോട് പൊറുക്കലിനെ തേടുക. തീര്‍ച്ചയായും അല്ലാഹു അവന്റെ അടിമകളുടെ പശ്ചാത്താപം സ്വീകരിക്കുന്നവനാണ്.” താനേറ്റവുമധികം സ്‌നേഹിക്കുന്ന, തന്നെ ഏറ്റവുമധികം സ്‌നേഹിക്കുന്ന പുരുഷന്‍ സംശയിക്കുക! ഏത് സ്ത്രീക്കാണ് അത് സഹിക്കാനാവുക?
പിന്നെ, അതുവരെ തടുത്തുനിറുത്തിയ വ്രണിത വികാരങ്ങള്‍, കോപതാപങ്ങള്‍ അണപൊട്ടുകയായിരുന്നു. ഉമ്മയേയും ഉപ്പയേയും നോക്കി. അവരൊന്നും മിണ്ടുന്നില്ല.
”എന്താണ് നിങ്ങളൊന്നും മിണ്ടാത്തത്?”
”എന്താ പറയേണ്ടതെന്ന് ഞങ്ങള്‍ക്കറിഞ്ഞുകൂടാ.” അവര്‍ നിസ്സഹായത പ്രകടിപ്പിച്ചു. എല്ലാവരും തന്നെ സംശയിക്കയാണോ? അല്ലാഹുവിനറിയാമല്ലോ താന്‍ നിരപരാധിയാണെന്ന്. അവന്‍ ഹൃദയത്തിലേക്ക് നോക്കുന്നവനാണ്. തന്റെ ഹൃദയത്തിന്റെ ഉള്ളറകള്‍, അവന്‍ അദ്ദേഹത്തിന് കാണിച്ചുകൊടുക്കാത്തതെന്ത്?
പൊട്ടിക്കരഞ്ഞുപോയി. കുറെ കരഞ്ഞുകഴിഞ്ഞപ്പോള്‍ പറഞ്ഞേ തീരൂ എന്നായി. തൊണ്ട ഇടറുന്നുണ്ടായിരുന്നു. ”അല്ലാഹുവാണ, അങ്ങ് പറഞ്ഞകാര്യത്തെച്ചൊല്ലി ഞാന്‍ പശ്ചാത്തപിക്കില്ല. സംഭവിക്കാത്തതെന്തിനു ഏറ്റുപറയണം? അത് അപവാദം സമ്മതിക്കലല്ലേ… പക്ഷേ, എത്ര നിഷേധിച്ചാലും ഒന്നുണ്ട്. അങ്ങേക്ക് എന്നെ അവിശ്വസിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.” പിന്നെ നീണ്ടുനിന്ന മൂകതയായിരുന്നു. മൗനം ദുസ്സഹമായ ഒരു വാതകം പോലെ മുറിയില്‍ തങ്ങിനിന്നു. അത് സഹിക്കാനാവാഞ്ഞിട്ടാവണം അദ്ദേഹം എഴുന്നേറ്റുപോയി. വസ്ത്രം പോലും മാറ്റാതെ നീണ്ടുനിവര്‍ന്നു കിടന്നു. രോമം കൊണ്ടുണ്ടാക്കിയ ഒരു തലയിണ ആരോ തലക്കീഴില്‍ കൊണ്ടുവെച്ചതുപോലും അദ്ദേഹം അറിഞ്ഞിരിക്കില്ല.
എല്ലാവരുടെയും ഉള്‍ത്തലങ്ങളിലൂടെ എന്തെല്ലാമോ വികാരങ്ങള്‍ കടന്നുപോകുന്നു. സ്മൃതിയുടെ എല്ലാ ചാലുകളിലൂടെയും ഭൂതകാലത്തിന്റെ പ്രവാഹം.
കാണക്കാണെ അവിടുത്തെ മുഖത്ത് അലൗകികമായ ഭാവഭേദങ്ങള്‍ പ്രകടമായി. പാതിയടഞ്ഞ കണ്ണുകളില്‍ ദൈവസാമീപ്യത്തിന്റെ നിര്‍വൃതി. ജിബ്‌രീലിന്റെ ദര്‍ശനത്തില്‍ സായൂജ്യമടയുന്നതുപോലെ….
വെളിപാടു വരുമ്പോള്‍ അങ്ങനെയാണല്ലോ. ഉപ്പയും ഉമ്മയും എന്തോ ഭയപ്പെട്ടതുപോലെ നില്‍ക്കുന്നു. തന്റെ പാതിവ്രത്യത്തിനെതിരെ വല്ല വെളിപാടും ഉണ്ടായാലോ എന്നതാവാം അവരുടെ ഭയം. പക്ഷേ, തനിക്കൊന്നും തോന്നിയില്ല. തെറ്റു ചെയ്യാത്തവള്‍ പേടിക്കുന്നതെന്തിന്? പശ്ചാത്തപിക്കുന്നതെന്തിന്?
ഒടുവില്‍ വെളിപാടിന്റെ അവസാനം, നെറ്റിത്തടത്തിലൂടെ ഒലിച്ചിറങ്ങിയ വിയര്‍പ്പു ചാലുകള്‍ വടിച്ചെറിഞ്ഞ് അവിടുന്ന് വിളിച്ചു പറഞ്ഞു: ”ആഇശാ! സന്തോഷമായിരിക്കൂ. അല്ലാഹു നിന്റെ നിരപരാധിത്വം തെളിയിച്ചിരിക്കുന്നു.”
പിന്നെ അവിടുന്ന് ആ ആയത്ത്17 ചൊല്ലിക്കേള്‍പ്പിച്ചു.
”അല്‍ഹംദുലില്ലാഹ്!” താന്‍ അല്ലാഹുവിന്റെ അനുഗ്രഹത്തിന് നന്ദി പറഞ്ഞു.
തന്റെ കാര്യത്തില്‍ അല്ലാഹുവില്‍നിന്നു ഒരു വഹ്‌യ് ഉണ്ടാകാന്‍ താനാര്? ഒരിക്കലും ഓര്‍ത്തതല്ല. സ്വപ്നത്തിലൂടെയോ മറ്റോ തന്റെ നിരപരാധിത്വം അദ്ദേഹത്തെ അല്ലാഹു ബോധ്യപ്പെടുത്തിയേക്കാം എന്ന് തോന്നിയിരുന്നു… എന്നാലിതാ, തന്റെ അകളങ്കത ഒരു ദിവ്യസൂക്തത്തിലൂടെ അംഗീകരിക്കപ്പെടുന്നു… ഭൂമിയില്‍ തന്നേക്കാള്‍ ഭാഗ്യം ലഭിച്ച ഏത് സ്ത്രീയുണ്ട്? വെളിപാടുണ്ടായിരുന്നില്ലെങ്കില്‍ റസൂലിന്റെ മനസ്സില്‍ പോലും സംശയം വടുക്കെട്ടി നില്‍ക്കുമായിരുന്നില്ലേ?വീണ്ടും ഞരക്കം. ബോധാബോധങ്ങളുടെ ഇരുണ്ട ഇടനാഴികയിലൂടെ കടന്നുപോകുംപോലെ. ഉറങ്ങുകയല്ല; ഉണര്‍ന്നു കിടക്കുകയുമല്ല. ഉള്ളോര്‍മയുണ്ടാവണം. ചുണ്ടുകളില്‍ ദൈവസ്‌തോത്രം മാത്രം.
കഠിനമായ വേദനയനുഭവിക്കുന്നുണ്ടെന്ന് മുഖത്തുനിന്ന് വായിക്കാം. അദ്ദേഹം ഇത്ര ദുസ്സഹമായ വേദനയനുഭവിക്കുന്നത് മുമ്പൊരിക്കലും കണ്ടിട്ടില്ല. അവിടുന്ന് പഠിപ്പിച്ച സൂക്തങ്ങളും പ്രാര്‍ഥനകളും ഉരുവിട്ടുകൊണ്ടിരുന്നു. അതല്ലാതെന്ത് ചെയ്യാന്‍? മരുന്ന് കൊടുത്തിട്ട് തുപ്പിക്കളയുന്നു.
എല്ലാം തീരുമാനിച്ചു കഴിഞ്ഞ മട്ടാണദ്ദേഹം. നാഴികകള്‍ക്ക് മുമ്പാണ് ഫാത്വിമയോട് പറഞ്ഞത്: ഇന്നത്തേതുകൂടി കഴിഞ്ഞാല്‍ നിന്റെ ഉപ്പക്ക് ഒരു ദുഃഖവുമില്ല മോളേ… പേരക്കിടാങ്ങളെ ചേര്‍ത്തുനിര്‍ത്തി വാത്സല്യപൂര്‍വം അവര്‍ക്ക് മുത്തം നല്‍കി.
ദൗത്യം പൂര്‍ത്തിയാക്കി, മടക്കയാത്രക്കൊരുമ്പെടുന്നതുപോലെ എല്ലാം ചെയ്തു തീര്‍ക്കുകയാണ്. എല്ലാം അവിടുത്തെ മുന്‍കൂട്ടി അറിയിക്കുന്നവന്‍ എന്തെങ്കിലും സൂചന നല്‍കിയിട്ടുണ്ടോ? ഇവിടെ എവിടെയോ വന്നുനില്‍ക്കുന്ന അസ്‌റാഈലിനെ, ജിബ്‌രീലിനെ കാണുന്ന ആ കണ്ണുകൊണ്ടെങ്ങാനും കണ്ടിട്ടുണ്ടാവുമോ? ഇലാഹീ, നിന്റെ റസൂലിനെ കാക്കണേ!
ഒരാഴ്ചയായില്ലേ ഇതേ കിടപ്പ് കിടക്കുന്നു! ഇന്നു പുലര്‍ച്ചെ നബി എഴുന്നേറ്റു. ജാലകവിരി നീക്കി മസ്ജിദുന്നബവിയിലേക്ക് നോക്കി. സുബ്ഹി നമസ്‌കാരത്തിന്റെ വരികളിലാണ് സ്വഹാബികള്‍. ഉപ്പയാണ് ഇമാം.18 അവിടുത്തെ കണ്ടപ്പോള്‍ ഉപ്പ പിന്നിലേക്ക് മാറി. നബി പള്ളിയിലേക്ക് ഉടനെ ചെല്ലുമെന്നും നമസ്‌കാരത്തിനു നേതൃത്വം നല്‍കുമെന്നും അവരെല്ലാം ആഗ്രഹിച്ചിട്ടുണ്ടായിരിക്കണം. പക്ഷേ, നമസ്‌കാരം പൂര്‍ത്തിയാക്കാന്‍ കൈകൊണ്ട് സൂചന നല്‍കുകയായിരുന്നു അവിടുന്ന്.
താന്‍ പഠിപ്പിച്ച രീതിയില്‍ തന്റെ പ്രിയപ്പെട്ട അനുയായികള്‍ അല്ലാഹുവിന്റെ മുമ്പില്‍ നമസ്‌കരിക്കുന്നതുകണ്ട് ചാരിതാര്‍ഥ്യത്തോടെ അദ്ദേഹം പുഞ്ചിരിച്ചു. അവിടുത്തെ കണ്ണുകള്‍ക്ക് അതിനേക്കാള്‍ മനോഹരമായ കാഴ്ചയില്ല.
നോക്കിനോക്കിയിരിക്കെ, അദ്ദേഹത്തിന്റെ മുഖത്ത് അഭൗമമായ ഒരു ശാന്തി പതുക്കെ വിടര്‍ന്നുവരുന്നത് കണ്ടു. ചുണ്ടുകളില്‍ അവാച്യമായ ഒരു മധുരസ്മിതം. തനിക്കുവേണ്ടി. തുറന്നിട്ടിരിക്കുന്ന ഫിര്‍ദൗസിന്റെ19 കവാടങ്ങള്‍ അവിടുന്നു കാണുന്നുണ്ടാവണം.
നബി പറയാറുള്ളതോര്‍ത്തു. എല്ലാ പ്രവാചകന്മാര്‍ക്കും അന്തിമനിമിഷങ്ങളില്‍ രണ്ടു ചിത്രങ്ങള്‍ കണ്‍മുമ്പില്‍ തെളിയും-നശ്വരമായ ഈ ലോകത്തിന്റെയും ദൈവസാമീപ്യം നിറഞ്ഞ മറുലോകത്തിന്റെയും. പ്രവാചകന്മാര്‍ ശാശ്വതമായ സ്വര്‍ഗം തെരഞ്ഞെടുക്കും.
പെട്ടെന്ന് റസൂലിന്റെ ശരീരം തണുക്കുന്നതായി തോന്നി. കണ്ണുകള്‍ മേലോട്ടുഴറുന്നു. ചുണ്ടുകള്‍ മന്ത്രിക്കുന്നു: ‘സ്വര്‍ഗത്തില്‍ അത്യുന്നതങ്ങളിലെ മിത്രത്തോടൊപ്പം!’
പിന്നെ തലയല്‍പം ചരിഞ്ഞു.
എല്ലാം അവസാനിക്കുകയായിരുന്നു. ഒന്നും ചെയ്യാനാവാതെ തരിച്ചിരുന്നു. തനിക്കേറ്റവും പ്രിയങ്കരമായ ദൈവസാമീപ്യം അവിടുന്ന് പുല്‍കിക്കഴിഞ്ഞിരിക്കുന്നു. പൂര്‍ണതയുടെ കൂടുതല്‍ സാര്‍ഥകമായ ഒരു ലോകത്തിലേക്കുള്ള യാത്ര.
എന്തുചെയ്യണമെന്നറിയാതെ ഒരുനിമിഷം ഇരുന്നുപോയി. നിശ്ചേതനമായ അവിടുത്തെ ശിരസ്സ് തന്റെ മടിയില്‍. അത് ഒരു തലയിണക്ക് മുകളിലേക്ക് മാറ്റാന്‍നേരം കൈകള്‍ വിറച്ചു, സ്വരം ഇടറി: ”അല്ലാഹുവിന്റെ ദൂതരേ, തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവന്‍ അങ്ങേക്ക് തന്നു. അങ്ങ് ശരിയായ മാര്‍ഗം തെരഞ്ഞെടുക്കുകയും ചെയ്തു.”
1. ഫദ്ല്‍ ഇബ്‌നു അബ്ബാസ്
2. ശിരോവസ്ത്രത്തിന്റെ ചരട്
3. ശിരോവസ്ത്രം
4. ഇവിടെ വെച്ച് പ്രവാചകന് ഒരു യഹൂദ സ്ത്രീ നല്‍കിയ വിഷം കലര്‍ന്ന മാംസം അദ്ദേഹത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുകയുണ്ടായി.
5. മൃത്യുമാലാഖ
6. അബൂബക്ര്‍ സ്വിദ്ദീഖ് (റ)
7. പുതപ്പ്
8. ഖദീജയുടെ അനുജത്തി
9. പള്ളയില്‍ ഭജനയിരിക്കല്‍
10. ഒരുതരം മരച്ചാര്‍
11. ആഭരണങ്ങള്‍ക്ക് അന്ന് പേരുകേട്ട യമനിലെ ഒരു സ്ഥലം
12. വള്ളിച്ചെടികള്‍
13. നാടന്‍ അറബി
14. ”നാം അല്ലാഹുവിനുള്ളവര്‍; അല്ലാഹുവിലേക്ക് മടങ്ങുന്നവരും” – അപകടം സംഭവിക്കുമ്പോള്‍ മുസ്‌ലിംകള്‍ പറയുന്നത്.
15. പരിചാരികയുടെ പേര്
16. മദീനാ പലായനം നടത്തിയവര്‍ക്കു പറയുന്ന പേര്
17. ”കള്ളവാര്‍ത്ത കെട്ടിച്ചമച്ചു കൊണ്ടുവരുന്നവര്‍ നിങ്ങളില്‍ത്തന്നെയുള്ള കൂട്ടരാണ്” – ഖുര്‍ആന്‍ സൂക്തം
18. നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്നയാള്‍
19. സ്വര്‍ഗം