പ്രവാചകനെ പിടികൂടാന്‍ കഴിയാതെ പരാജിതരായ ഖുറൈശി പ്രമുഖരുടെ കോപം പതിന്മടങ്ങ് വര്‍ധിച്ചു. അവര്‍ അദ്ദേഹത്തിന്റെ തലക്ക് നൂറ് ഒട്ടകം ഇനാം പ്രഖ്യാപിച്ചു. ഇതിലാകൃഷ്ടരായ പലരും പലയിടത്തും പ്രവാചകനെ പരതിനടന്നു.
സൌര്‍ ഗുഹയില്‍നിന്ന് യാത്രപുറപ്പെട്ട പ്രവാചകനെയും അബൂബക്കര്‍ സിദ്ദീഖിനെയും രണടാം നാള് മുദ്ലജ് വംശജനായ ഒരാള്‍ കാണാനിടയായി. അയാള്‍ ഓടിവന്ന് ഖുറൈശികളെ വിവരം ധരിപ്പിച്ചു. അപ്പോള്‍ അവിടെ ഉണടായിരുന്ന അതേ വംശത്തില്‍പ്പെട്ട സുറാഖതുബ്നു മാലിക്, അത് മറ്റു ചിലരായിരിക്കുമെന്നുപറഞ്ഞ് അവരുടെ ശ്രദ്ധ തെറ്റിച്ചു. തുടര്‍ന്ന് സമയമൊട്ടും പാഴാക്കാതെ അതിവേഗതയുള്ള ഒരു കുതിരപ്പുറത്തു കയറി പ്രവാചകനെ പിടികൂടാന്‍ പുറപ്പെട്ടു. ആയുധധാരിയായ അയാളുടെ മനസ്സില്‍ നൂറ് ഒട്ടകങ്ങള്‍ ചാടിക്കളിക്കുകയായിരുന്നു.
സുറാഖയുടെ കുതിരക്ക് ഒന്നിലേറ തവണ അടിതെറ്റിയെങ്കിലും അയാള്‍ അതൊന്നും പരിഗണിക്കാതെ പ്രയാണം തുടര്‍ന്നു. അവസാനം അയാള്‍ ദൂരെ നിന്ന് നബി തിരുമേനിയെയും അബൂബക്കര്‍ സിദ്ദീഖിനെയും കണടു. സമയം വൈകുന്നേരമായിരുന്നതിനാല്‍ അവരെ പിടികൂടാനായി അദ്ദേഹം കുതിരയുടെ വേഗം കൂട്ടി. അത് പ്രവാചകന്റെ അടുത്തെത്താറായപ്പോള്‍ മുന്‍ കാലുകള്‍ മണലില്‍ പൂണടുപോയി. അതോടെ സുറാഖ നിലം പതിച്ചു. രണടുമൂന്ന് തവണ ഇതാവര്‍ത്തിച്ചതോടെ സുറാഖ അത്യധികം പരിഭ്രാന്തനായി. നിരാശനായ അയാള്‍ തന്റെ തീരുമാനം മാറ്റി. ഒരഭയാര്‍ഥിയെപ്പോലെ പ്രവാചകനെയും സഹയാത്രികനെയും കണടുമുട്ടിയ വിവരം ഖുറൈശികളെ ബോധ്യപ്പെടുത്തിയാല്‍ മതിയെന്ന് തീരുമാനിച്ചു. അതിനാല്‍ അക്കാര്യം എഴുതിക്കൊടുക്കാന്‍ നബി തിരുമേനിയോടാവശ്യപ്പെട്ടു. അവിടത്തെ നിര്‍ദേശാനുസാരം അബൂബക്കര്‍ സിദ്ദീഖ് ഒരു കല്ലില്‍ അതെഴുതിക്കൊടുക്കുകയും ചെയ്തു. സുറാഖ അതുമായി നടന്നു നീങ്ങവെ നബി തിരുമേനി അദ്ദേഹത്തെ വിളിച്ചു. അടുത്തെത്തിയ സുറാഖയോട് നബി തിരുമേനി ചോദിച്ചു: ‘സുറാഖേ, സീസറിന്റെ രണടു സ്വര്‍ണവളകള്‍ നിനക്കു ലഭിച്ചാല്‍ നിന്റെ സ്ഥിതി എന്താകും?”
സുറാഖക്ക് ഒന്നും മനസ്സിലായില്ല. ആരുമാരും സഹായിക്കാനില്ലാതെ ആട്ടിയോടിക്കപ്പെട്ട മുഹമ്മദ് മഹാ ചക്രവര്‍ത്തി സീസറിന്റെ സ്വര്‍ണവളകള്‍ വാഗ്ദാനം ചെയ്യുന്നതിലെ വിഡ്ഢിത്തമോര്‍ത്ത് അയാള്‍ അകമേ ചിരിച്ചു. മനസ്സിലൂടെ ഓടിച്ചാടി നടന്നിരുന്ന നൂറൊട്ടകം നഷ്ടപ്പെട്ടതിലെ ദുഃഖചിന്തയുമായി മക്കയിലേക്ക് തിരിച്ചു.
വര്‍ഷങ്ങള്‍ പലത് പിന്നിട്ടു. രണടാം ഖലീഫ ഉമറുല്‍ ഫാറൂഖിന്റെ ഭരണകാലത്ത് സീസറിന്റെ സാമ്രാജ്യം തകര്‍ന്നു. അദ്ദേഹത്തിന്റെ കൊട്ടാരവും അതിലെ വിലപിടിപ്പുള്ള വസ്തുക്കളും ഖലീഫയുടെ അധീനതയിലായി. കൂട്ടത്തില്‍ സീസറിന്റെ സ്വര്ണവളകളുമുണടായിരുന്നു. ആ സാധനസാമഗ്രികളെല്ലാം മദീനയിലെത്തിയതോടെ ഉമറുല്‍ ഫാറൂഖ് സുറാഖയെ വിളിച്ചുവരുത്തി. തുടര്‍ന്ന് സീസറിന്റെ സ്വര്‍ണവളകള്‍ അദ്ദേഹത്തിന്റെ കൈകളിലണിയിച്ചു. അങ്ങനെ വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രവാചകന് നടത്തിയ പ്രവചനം യാഥാര്‍ഥ്യമായി.
കഥ & കവിത