
‘ഹാ കണ്ടതില്‍ക്കണ്ടതലീശ്വരത്വം
കല്‍പിച്ചു നടന്നൊടുക്കം
നിരീശ്വരത്വത്തിലടിഞ്ഞുവീണു;
നിരസ്ത വിശ്വാസരറേബിയക്കാര്‍!
കുറുമ്പുമാറാത്ത കുറൈഷിവര്യ-
ര്‍ക്കോതിക്കൊടുത്തേന്‍ പലവട്ടവും ഞാന്‍:
‘ഈ നിങ്ങള്‍ കൂപ്പും മരമല്ല, കല്ല-
ല്ല,ള്ളാവു സര്‍വാതിശക്തനേകന്‍.’
ഇവര്‍ക്കിരുട്ടേ പ്രിയമിത്രമൂതി-
ക്കെടുക്കയായ്, കൈത്തിരികൊണ്ടുചെന്നാല്‍;
മിന്നാമിനുങ്ങിന്‍ ചെറുതാം വെളിച്ചം
പോലും സഹിക്കാത്ത തമസ്സിതേതോ!
കലാവിശേഷം കൊലയിബ്ബലോഗ്ര-
ര്‍ക്കിത്തൃഡ്വശന്മാര്‍ക്കെരികള്ളിളംപോല്‍;
പിശാചര്‍ വംശ്വേരരിക്കുഭക്ത-
ര്‍ക്കി, തില്‍ക്കവിഞ്ഞെന്തവിവേകമുള്ളൂ?
കഷ്ടാവമാനങ്ങളില്‍ വീഴ്തിടുന്നൂ
കാമാതിരേകാല്‍ക്കുലനാരിമാരേ;
ആരാധ്യമാരാമവരമ്മപെങ്ങ-
ന്മാരെന്നു കാണ്‍മാനിവര്‍ കണ്‍മിഴിക്കാ!
മൃഗോപമന്മാര്‍ പെരുമക്കൃഷിക്കു
നുകങ്ങള്‍ വെപ്പൂ, നരര്‍തന്‍ കഴുത്തില്‍,
സഗര്‍ഭ്യരെച്ചെന്നടിമക്കുടുക്കി-
ട്ടങ്ങോട്ടുമിങ്ങോട്ടുമിഴച്ചിടുന്നൂ
സൗധങ്ങള്‍തോറും സമസൃഷ്ടദുഃഖ-
ക്കണ്ണീരുകൊണ്ടേ പനിനീരൊഴുക്കീ,
അനേകദുര്‍വൃത്തികളെപ്പുണര്‍ന്നു
രമിക്കയാണി, സ്സുഖലോലുപന്മാര്‍!
അശക്തമാമെന്നുടെ ഹസ്തമെങ്ങീ-
യധഃസ്ഥിതോദ്ധാരണകൃത്യമെങ്ങോ?
ചളിക്കകത്താഴുമൊരാനയെപ്പോയ്-
പ്പിടിച്ചു കേറ്റാന്‍ കുഴിയാനതാനോ!
കരുത്തനമ്മാമനു, മാത്മനാഥ
കദീജയും കീര്‍ത്ത്യവശേഷരായ്‌പ്പോയ്;
ഞാനേകനെ,ന്‍ ചുറ്റുമൊരെട്ടുപത്ത-
ല്ലെ, ന്‍ചോരയില്‍ത്തൃഷ്ണ വളര്‍ന്ന ഖഡ്ഗം!’
ഇതൊക്കെയാവാം നിനവാ, യിരത്തി-
മുന്നൂറുകൊല്ലത്തിനു മുമ്പൊരിക്കല്‍,
മെക്കായിലെക്കൈവഴിയൊന്നിലൂടേ
നടന്നുപോകും നബിതന്‍ മനസ്സില്‍.
‘കില്ലില്ല, ഞാനെന്നുടെ ചോരകൊണ്ടു-
മിദ്ധര്‍മ്മസസ്യത്തെ നനച്ചുനോക്കും;’
ആ മാതൃകാകര്‍ഷകനായ കൃസ്തു-
വവ്വണ്ണമല്ലോ ഭുവി ചെയ്തു കാട്ടീ.
അധൈര്യമേ, നിന്‍കെടുമഞ്ഞു വീഴാ-
യ്ക, ഹമ്മദിന്‍ സജ്വരമായ നെഞ്ചില്‍;
ചന്ദ്രാര്‍ക്കരെക്കെകളില്‍ വെച്ചുതന്നാല്‍-
പ്പോലും നിറുത്തില്ല, വനിപ്രയത്‌നം!
ഇത്തീര്‍പ്പു പേര്‍ത്തം മുറുകീ, മഹാന്റെ
പാഴ്‌ചൊല്ലു തീണ്ടാത്ത ശുഭാധരത്തില്‍
ഓരോ പരിക്ലേശവുമീദൃശന്മാ-
ര്‍ക്കുച്ചൈര്‍ഗ്ഗതിക്കുള്ള ചവുട്ടുകല്ലാം.
പെട്ടെന്നു പാര്‍ശ്വങ്ങളില്‍നിന്നു ഹാ, ഹാ-
മണ്‍ കോരിയിട്ടാര്‍ ചില മുഷ്‌കരന്മാര്‍,
കൃതജ്ഞരെങ്കില്‍, ക്കനകാഭിഷേകം
ചെയ്യേണ്ടതാമീഗ്ഗുരുവിന്‍ ശിരസ്സില്‍!
രജസ്തമോദോഷമകറ്റി നാട്ടില്‍-
സ്സത്ത്വം പരത്തുന്നൊരു സത്യവാനേ,
രജസ്സു വര്‍ഷിച്ചു നിറംകെടുത്താ-
നൊരുങ്ങിപോല്‍, മര്‍ത്ത്യകുലേ പിറന്നോര്‍!
മറ്റെന്തു, മന്നിന്‍നിഴല്‍ പൂകി ചന്ദ്രന്‍;
പാഴ്മഞ്ഞിനാല്‍ പ്രാവൃതമായ് പ്രഭാതം;
മിഥ്യാപവാദതത്തില്‍ മറഞ്ഞു സത്യ-
മവിദ്യതന്‍ മൂടലിലായ് വിബോധം!
വിജ്ഞാനഗര്‍ഭം തിരുമൗലി തൊട്ടു
സന്മാര്‍ഗസഞ്ചാരി പദംവരെയ്ക്കും
പാംസൂല്‍ക്കരം പറ്റിയ ശുദ്ധിമാനെ-
പ്പാര്‍ത്തങ്ങു തെമ്മാടികള്‍ കൂക്കിയാര്‍ത്തൂ:
‘അയ്യയ്യ, മണ്‍കൊണ്ടഭിഷിക്തനായി-
ക്കഴിഞ്ഞുവല്ലോ, മതസാര്‍വ്വഭൗമന്‍;
മുഴക്കുവിന്‍ ഹേ ജയശബ്ദമെങ്ങും;
വാഴട്ടെ, യിസ്ലാംതിരുമേനി നീണാള്‍!
അന്നീ നരസ്‌നേഹി നമസ്‌കരിച്ചു
കിടന്നപോതി, ത്തിരുവങ്കഴുത്തില്‍
ഒരൊട്ടകത്തിന്‍ കുടല്‍മാല ചാര്‍ത്തി-
പ്പാനേ ലഭിച്ചുള്ളു നമുക്കു ഭാഗ്യം!
മദോന്നതം, മറ്റൊരു യേശുവാമീ
മതാധിരാജന്റെയുമുത്തമാംഗം
ശ്രീമുള്‍ക്കിരീടാര്‍പ്പണയോഗ്യമല്ലോ;
കര്‍ത്തവ്യകര്‍മങ്ങളില്‍ മന്ദര്‍ നമ്മള്‍!’
ഈദ്ധൂളികൊണ്ടോ കളിയാക്കല്‍കൊണ്ടോ
മുഖാഭ മങ്ങാതെയഭംഗസത്ത്വന്‍,
മണ്ണില്‍ക്കുളിച്ചോരു ഗജം കണക്കേ
മന്ദം നടന്നാത്മഗൃഹത്തിലെത്തീ.
ആമൂര്‍ദ്ധപാദം പൊടിമണ്‍പുരണ്ട
പിതാവിനെക്കണ്ടതിവെമ്പലോടെ
താന്‍താന്‍ കുളിപ്പിപ്പതിനായ് മുതിര്‍ന്നൂ
തണ്ണീര്‍ക്കുടംകൊണ്ട, ഴലാണ്ട പുത്രീ:
പിടിച്ചിരുത്തിച്ചളി പോക്കുവാനായ്-
പ്പകര്‍ന്ന കുംഭോദകമോടുകൂടീ,
താതന്റെ ഗാത്രങ്ങളിലാപതിച്ചൂ,
കുമാരിയാള്‍ തന്‍ ചുടുകണ്ണീരും.
മാലാര്‍ന്നു കേഴും മകളെത്തലോടി-
ക്കൊണ്ടാശ്വസിപ്പിച്ചു സുശാന്തശീലന്‍;
‘നിന്നിച്ഛനെക്കാത്തരുളാതിരിക്കി-
ല്ലള്ളാവു; പാഴില്‍ക്കരയായ്ക കുഞ്ഞേ!’