
തെറ്റുപറ്റാത്ത മനുഷ്യരില്ല. അറിഞ്ഞോ അറിയാതെയോ എല്ലാവരും അപരാധങ്ങളിലകപ്പെടുന്നു. പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്കെല്ലാം പിഴവുകള്‍ പറ്റും. അതുകൊണടുതന്നെ മരണശേഷം പരലോകത്ത് രക്ഷ ലഭിക്കുക ഒരു കുറ്റവും ചെയ്യാത്തവര്‍ക്കാണെന്ന് ആരും പറഞ്ഞിട്ടില്ല. പറയുകയുമില്ല. കൊടും കുറ്റവാളിക്കുപോലും രക്ഷാമാര്‍ഗമുണെടന്ന് മതം പഠിപ്പിക്കുന്നു. പ്രായശ്ചിത്തത്തിലൂടെ പെരും പാപിക്ക് പരിശുദ്ധനും പുണ്യവാനുമാകാം. പശ്ചാത്തപിച്ച് മടങ്ങുന്നവരോട് ദൈവത്തിനുള്ള പ്രിയം അതിരുകളില്ലാത്തതത്രേ. നബി തിരുമേനി ഒരുദാഹരണത്തിലൂടെ ഇക്കാര്യം വിശദീകരിക്കുന്നു:
‘മരുഭൂമിയിലൂടെ ഒട്ടകപ്പുറത്ത് യാത്രചെയ്യുന്ന ഒരാള്‍. അയാളുടെ ആഹാരപാനീയങ്ങളും വസ്ത്രങ്ങളും മറ്റു അവശ്യവസ്തുക്കളുമെല്ലാം അതിന്റെ പുറത്താണ്. ദീര്‍ഘയാത്രയില്‍ ക്ഷീണിച്ച അയാള്‍ ഒരിടത്ത് വിശ്രമിക്കാനിറങ്ങി. കഠിനമായ ക്ഷീണം കാരണം അയാള്‍ അല്‍പസമയം കിടന്നുറങ്ങി. ഉണര്‍ന്ന് എഴുന്നേറ്റുനോക്കിയപ്പോള്‍ തന്റെ എല്ലാമെല്ലാമായ ഒട്ടകത്തെ കാണാനില്ല. ദാഹം ശമിപ്പിക്കാനുള്ള വെള്ളവും വിശപ്പകറ്റാനുള്ള ആഹാരവുമെല്ലാം അതിന്റെ പുറത്താണ്. ഏറെ അസ്വസ്ഥനായ അയാള്‍ ഒട്ടകത്തെ അന്വേഷിച്ചുനടന്നു. രാത്രി ഏറെ വൈകുവോളം അലഞ്ഞുതിരിഞ്ഞിട്ടും ഒട്ടകത്തെ കണടുകിട്ടിയില്ല. കൊടിയ നിരാശയോടെ തിരിച്ചുവന്ന ആ യാത്രക്കാരന്‍ മണലില്‍ മലര്‍ന്നുകിടന്നു. ഇനി ഒരു രക്ഷയുമില്ലെന്നും മരണം ഉറപ്പാണെന്നും അയാള്‍ കരുതി. എല്ലാ പ്രതീക്ഷകളും നശിച്ച അയാള്‍ തളര്‍ച്ച കാരണം ഉറങ്ങി. എന്നാല്‍, ഉണര്‍ന്ന് കണ്ണുതുറന്നു നോക്കിയപ്പോള്‍ കണട കാഴ്ച അത്യദ്ഭുതകരമായിരുന്നു. ഒപ്പം അവിശ്വസനീയവും. നഷ്ടപ്പെട്ടുവെന്ന് ഉറപ്പിച്ച ഒട്ടകം അതാ മുന്നില്‍ വന്നുനില്‍ക്കുന്നു. സന്തോഷാധിക്യത്താല്‍ അയാള്‍ പറഞ്ഞുപോയി: ‘ദൈവമേ, നീ എന്റെ ദാസനാണ്. ഞാന്‍ നിന്റെ നാഥനും!’ എന്നാല്‍ അയാള്‍ പറയേണടിയിരുന്നത് മറിച്ചായിരുന്നു ‘ദൈവമേ! ഞാന്‍ നിന്റെ ദാസനാണ്. നീയെന്റെ നാഥനും.’ സന്തോഷാധിക്യത്താല്‍ മാറിപ്പറയുകയായിരുന്നു.
നബി തിരുമേനി വിശദീകരിച്ചു: ‘അയാള്‍ അനുഭവിക്കുന്ന ആഹ്‌ളാദത്തേക്കാള്‍ കൂടുതല്‍ സന്തോഷമാണ് പാപത്തിലകപ്പെട്ട തന്റെ ദാസന്‍ പശ്ചാത്തപിച്ച് മടങ്ങിയാല്‍ ദൈവത്തിനുണടാവുക.’