ഓരോ പ്രഭാതം പൊട്ടിവിടരുമ്പോഴും മുസ്ലിംകളുടെ എണ്ണം കുറഞ്ഞുകൊണടിരുന്നു. അവര്‍ നാടുവിടുകയാണെന്ന് ഖുറൈശികള്‍ തിരിച്ചറിഞ്ഞു. യഥ്രിബിലേക്കായിരിക്കും യാത്രയെന്ന് അവരൂഹിച്ചു. അവിടത്തുകാരും മുഹമ്മദുമായുണടാക്കിയ കരാറിനെക്കുറിച്ച് തങ്ങള്‍ പറഞ്ഞുകേട്ടിരുന്നത് ശരിയാണെന്ന് അവര്‍ക്ക് ബോധ്യമായി. അതേക്കുറിച്ച് സൂചന ലഭിച്ചപ്പോള്‍ തന്നെ അവര്‍ യഥ്രിബുകാരെ സമീപിച്ചിരുന്നു. അവര്‍ പറഞ്ഞു: ‘നിങ്ങളോട് യുദ്ധം ചെയ്യാന്‍ ഞങ്ങള്‍ക്ക് ഉദ്ദേശ്യമില്ലല്ലോ. പിന്നെയെന്തിന് ഞങ്ങളോട് യുദ്ധം ചെയ്യാന്‍ നിങ്ങള്‍ മുഹമ്മദുമായി കരാറുണടാക്കി?”
ഖുറൈശികള്‍ സംസാരിച്ചത് പ്രവാചകനുമായി പ്രതിജ്ഞ ചെയ്തവരുമായിട്ടായിരുന്നില്ല. അതിനാലവര്‍ അക്കാര്യം തീര്‍ത്തും നിഷേധിച്ചു. സംഭാഷണം കേട്ട മുസ്ലിംകള്‍ മൌനം പാലിക്കുകയും ചെയ്തു.
മുസ്ലിംകള്‍ നാടുവിടുകവഴി മക്കയില്‍ അവരുടെ ശല്യം അവസാനിക്കുകയാണെന്ന ആശ്വാസവികാരമല്ല ഖുറൈശികള്‍ക്കുണടായത്. മറിച്ച്, കൂടുതല്‍ ശക്തിയോടെ തിരിച്ചുവരുമെന്ന ആശങ്കയും ഭീതിയുമായിരുന്നു. അതിനാലവര്‍ പലായനത്തെ തടയാന്‍ പരമാവധി ശ്രമിച്ചു. ദമ്പതികളുടെ യാത്രാവേളയില്‍ സ്ത്രീകളെ തടഞ്ഞുവെച്ചു. തങ്ങളുടെ നിര്‍ദേശം ലംഘിക്കുന്നവരെ ക്രൂരമായി പീഡിപ്പിച്ചു.
ഇനി എന്തുവേണമെന്ന് ഖുറൈശികള്‍ ഗാഢമായി ആലോചിച്ചു. അവസാനം അവരെത്തിച്ചേര്‍ന്ന നിഗമനം മുഹമ്മദിന്റെ കഥകഴിക്കാതെ രക്ഷയില്ലെന്നായിരുന്നു. അതേസമയം മുഹമ്മദിനെ വധിച്ചാല്‍ ഹാശിംമുത്ത്വലിബ് കുടുംബങ്ങള്‍ പ്രതികാരത്തിന് ഒരുങ്ങും. ഇതൊഴിവാക്കാന്‍ എന്തു ചെയ്യുമെന്ന് അവര്‍ ചിന്തിച്ചു. മുഹമ്മദിനെ കൊല്ലാതെ ചങ്ങലയ്ക്കിട്ട് തടവറയില്‍ അടച്ചുപൂട്ടുന്നതുള്‍പ്പെടെ പലതും അവരുടെ പരിഗണനക്കുവന്നു. കൂടിയാലോചനകള്‍ക്കുശേഷം കൂട്ടായ തീരുമാനത്തിലെത്തി. ‘ഓരോ ഗോത്രത്തില്‍നിന്നും കരുത്തും ധൈര്യവുമുള്ള ഓരോ ചെറുപ്പക്കാരെ തെരഞ്ഞെടുക്കുക. അവര്‍ക്കെല്ലാം വാള്‍ നല്‍കുക. എന്നിട്ട് എല്ലാവരും കൂടി ഒരുമിച്ച് മുഹമ്മദിനെ വെട്ടിക്കൊല്ലുക. അങ്ങനെ ഉത്തരവാദിത്വത്തില്‍ എല്ലാ ഗോത്രങ്ങളും തുല്യപങ്കാളികളാവുക. അപ്പോള്‍ എല്ലാവരോടും ഒരുമിച്ച് പ്രതികാരം ചെയ്യാന്‍ മുഹമ്മദിന്റെ ആള്‍ക്കാര്‍ക്ക് സാധിക്കുകയില്ല. അതിനാല്‍ നഷ്ടപരിഹാരംകൊണട് തൃപ്തിപ്പെട്ടുകൊള്ളും. അങ്ങനെ ഖുറൈശികളുടെ കെട്ടുറപ്പിന് കോട്ടം തട്ടിക്കുകയും മറ്റു ഗോത്രങ്ങള്‍ക്കിടയില്‍ ഭിന്നത ഉണടാക്കുകയും ചെയ്ത മുഹമ്മദിന്റെ ശല്യം എന്നെന്നേക്കുമായി ഇല്ലാതാക്കാം.”
പ്രവാചകന്‍ ശത്രുക്കളുടെ ഗൂഢാലോചനയെക്കുറിച്ച് മനസ്സിലാക്കിയെങ്കിലും മക്ക വിടാന്‍ തിടുക്കം കാണിച്ചില്ല. അനുയായികള്‍ പോയിത്തീരുംവരെ കാത്തിരുന്നു. അവസാനം തന്റെ യാത്രക്ക് ദൈവാനുമതി ലഭിച്ച് പോകാനൊരുങ്ങിയതിന്റെ തലേന്നാള്‍ രാത്രിയാണ് ശത്രുക്കള്‍ വീടുവളഞ്ഞത്. അവരെത്തുമ്പോള്‍ നബി തിരുമേനി ഉറങ്ങുകയായിരുന്നു. ഉണരുംവരെ കാത്തിരിക്കാമെന്ന് കരുതി അവര്‍ വീടുവളഞ്ഞു. എന്നാല്‍ അവരുടെ ശ്രദ്ധയില്‍പെടാതെ രക്ഷപ്പെടാന്‍ അല്ലാഹുവിന്റെ പ്രത്യേകമായ സഹായത്താല്‍ പ്രവാചകന് സാധിച്ചു. അങ്ങനെ ശത്രുക്കളുടെ ഗൂഢാലോചനയും കുടിലതന്ത്രവും പരാജയപ്പെട്ടു.
കഥ & കവിത