കഥ & കവിത

പരാജയപ്പെട്ട പ്രലോഭനങ്ങള്‍

Spread the love

കൊടിയ അക്രമ മര്‍ദനങ്ങള്‍ക്കൊന്നും പ്രവാചകനെയും അനുയായികളെയും പിന്തിരിപ്പിക്കാന്‍ സാധ്യമല്ലെന്ന് ബോധ്യമായ മക്കയിലെ ശത്രുക്കള്‍, ആനുകൂല്യങ്ങള്‍ നല്‍കി അനുനയിപ്പിക്കാമെന്ന മിഥ്യാധാരണയിലായിരുന്നു. അങ്ങനെയാണ് അവരെ പ്രതിനിധീകരിച്ച് റബീഅഃയുടെ മകന്‍ ഉത്ബ നബി തിരുമേനിയെ സമീപിച്ചത്. അദ്ദേഹം പറഞ്ഞു: ‘സഹോദരപുത്രാ, താങ്കള്‍ ഞങ്ങളിലെ മാന്യനാണ്. കുലീന കുടുംബത്തിലെ അംഗമാണ്. എന്നാല്‍ താങ്കളിപ്പോള്‍ രംഗത്തിറങ്ങിയത് താങ്കളുടെ തന്നെ ആള്‍ക്കാര്‍ക്ക് അപകടം വരുത്തുന്ന കാര്യവുമായാണ്. അത് അവരുടെ കെട്ടുറപ്പ് തകര്‍ത്തിരിക്കുന്നു. കൂട്ടായ്മക്ക് കോട്ടം വരുത്തിയിരിക്കുന്നു. അതിനാല്‍ ഇതൊന്നു കേള്‍ക്കൂ; ഏറെ ഗുണകരവും സ്വീകാര്യവുമായ ചില കാര്യങ്ങള്‍ ഞാന്‍ പറയാം: നിന്റെ ഈ പുതിയ മതംകൊണട് പണം നേടലാണ് ലക്ഷ്യമെങ്കില്‍ അറേബ്യയിലെ ഏറ്റവും വലിയ സമ്പന്നനാകാനാവശ്യമായ സ്വത്ത് ഞങ്ങള്‍ തരാം. നേതൃത്വമാണ് ഉദ്ദേശ്യമെങ്കില്‍ താങ്കളെ ഞങ്ങളുടെ നേതാവാക്കാം. താങ്കളുടെ ഇഷ്ടത്തിനെതിരായി ഞങ്ങളൊന്നും ചെയ്യുകയില്ല. ഭരണമാണ് വേണടതെങ്കില്‍ താങ്കളെ ഞങ്ങളുടെ രാജാവാക്കാം. ഏതെങ്കിലും പെണ്ണിനെ സ്വന്തമാക്കലാണ് ലക്ഷ്യമെങ്കില്‍ അറേബ്യയിലെ ഏറ്റവും സുന്ദരിയെ താങ്കള്‍ക്ക് വിവാഹം ചെയ്തുതരാം. ഇനി ഇതൊന്നുമല്ലാത്ത, താങ്കള്‍ക്കു തന്നെ തടുക്കാനാവാത്ത വല്ല ജിന്നുബാധയുമാണ് ഇതൊക്കെ വിളിച്ചുപറയാന്‍ കാരണമെങ്കില്‍ താങ്കളെ ഞങ്ങള്‍ വേണടവിധം ചികിത്സിക്കാം. അതിനാവശ്യമായ സമ്പത്ത് ഞങ്ങള്‍ ചെലവഴിച്ചുകൊള്ളാം.’
ഉത്ബയുടെ നിര്‍ദേശം ശ്രദ്ധാപൂര്‍വം കേട്ട നബിതിരുമേനി ഖുര്‍ആനിലെ മുപ്പത്തി രണടാം അധ്യായമായ ‘അസ്സജ്ദ’ ഓതിക്കേള്‍പ്പിച്ചു. അത്യാകര്‍ഷകമായ ആ വചനങ്ങള്‍ ഉത്ബ ഏറെ താല്‍പര്യത്തോടെയാണ് ശ്രവിച്ചത്. മുഹമ്മദിന്റെ ലക്ഷ്യം പണമോ പെണ്ണോ പദവിയോ ഒന്നുമല്ലെന്ന് അതോടെ അദ്ദേഹത്തിന് ബോധ്യമായി. നിഷേധിക്കാനാവാത്ത സത്യമാണ് അദ്ദേഹം പറയുന്നതെന്നും വിജയത്തിന്റെ വഴിയിലേക്കാണ് ജനങ്ങളെ ക്ഷണിക്കുന്നതെന്നും ഉത്ബയുടെ മനസ്സ് മന്ത്രിച്ചു. അതുകൊണടുതന്നെ നബിതിരുമേനിയോട് കൂടുതലൊന്നും പറയാനുണടായിരുന്നില്ല. അദ്ദേഹം, തന്നെ നിയോഗിച്ചയച്ച ഖുറൈശികളെ സമീപിച്ച് പറഞ്ഞു: ‘മുഹമ്മദിന്റെ കാര്യം അറബികള്‍ക്ക് പൊതുവായി വിട്ടുകൊടുക്കുക. അവര്‍ അവനുമായി എതിരിടട്ടെ. ജയിക്കുന്നത് അറബികളാണെങ്കില്‍ അതോടെ പ്രശ്‌നം പരിഹരിക്കപ്പെടും. അഥവാ, മുഹമ്മദാണ് ജയിക്കുന്നതെങ്കില്‍ അതിന്റെ നേട്ടവും സല്‍പേരും ഖുറൈശികളായ നമുക്ക് തന്നെയാണല്ലോ.’
എന്നാല്‍, ഉത്ബയുടെ ഈ അഭിപ്രായം പ്രവാചകന്റെ ശത്രുക്കളെ ഒട്ടും തൃപ്തിപ്പെടുത്തിയില്ല. അവര്‍ തങ്ങളുടെ എതിര്‍പ്പ് കൂടുതല്‍ ശക്തിയോടെ തുടരാന്‍ തന്നെയാണ് തീരുമാനിച്ചത്. എങ്കിലും നബിതിരുമേനിയുടെ ലക്ഷ്യം ഒരുവിധ ഭൌതിക നേട്ടവുമല്ലെന്ന് ഏവരെയും ബോധ്യപ്പെടുത്താന്‍ ഉത്ബയുടെ ദൌത്യം സഹായകമായി.

You may also like