കഥ & കവിത

നാശത്തിലേക്ക് നയിച്ച കൂട്ടുകാരന്‍

Spread the love

മക്കയിലെ പ്രമുഖരിലൊരാളായിരുന്നു ഉഖ്ബ. വളരെ സമ്പന്നനും. താന്‍ എന്തിനും പോന്നവനാണെന്ന തോന്നല്‍ അയാളെ കടുത്ത അഹങ്കാരിയാക്കി. ഇസ്ലാം സത്യമാണെന്ന് ഉത്തമബോധ്യമുണടായിരുന്നിട്ടും അത് സ്വീകരിക്കാന്‍ സന്നദ്ധനാവാതിരുന്നത് ആ ഒരൊറ്റ കാരണം കൊണടാണ്.
ഒരിക്കല്‍ ഉഖ്ബ ഒരു വിരുന്നൊരുക്കി. പ്രദേശത്തെ പ്രമുഖരെയെല്ലാം അതിലേക്ക് ക്ഷണിച്ചു. പ്രവാചകനെ അവഗണിക്കാനാവാത്തതിനാല്‍ അദ്ദേഹത്തെയും വീട്ടിലേക്ക് വിളിച്ചുവരുത്തി.
പ്രവാചകന്റെ പ്രബോധനം ശ്രവിച്ച ഉഖ്ബ സന്മാര്‍ഗം സ്വീകരിച്ചു. സംഭവം നടക്കുമ്പോള്‍ സമീപത്തുണടായിരുന്ന ഉബയ്യിന് ഇതൊട്ടും ഇഷ്ടപ്പെട്ടില്ല. അയാള്‍ ഉഖ്ബയുടെ ഉറ്റമിത്രമായിരുന്നു. പ്രവാചകന്റെ പ്രധാന എതിരാളികളിലൊരാളും. ഉബയ്യ് തന്റെ കൂട്ടുകാരന്റെ നടപടിയെ രൂക്ഷമായി ആക്ഷേപിച്ചു. അയാളെ കടുത്ത ശൈലിയില്‍ പരിഹസിക്കുകയും ചെയ്തു. ഉഖ്ബ ക്ഷമാപണസ്വരത്തില്‍ പറഞ്ഞു: ‘ക്ഷണിച്ചുവരുത്തിയ മാന്യനായ ഒരതിഥിയെ മാനിച്ച് ചെയ്തതാണ്.’
ഈ മറുപടി ഉബയ്യിനെ തൃപ്തനാക്കിയില്ല. അയാള്‍ പറഞ്ഞു: ‘ഇതിന് പ്രായശ്ചിത്തമായി താങ്കള്‍ മുഹമ്മദിന്റെ പിരടിക്ക് ചവിട്ടുകയും മുഖത്ത് കാര്‍ക്കിച്ചുതുപ്പുകയും ചെയ്താലല്ലാതെ നമുക്കിടയില്‍ ഇനി ഒരു ബന്ധവുമുണടാവില്ല.’
ഉബയ്യിന്റെ ആവശ്യം നിരസിക്കാന്‍ ഉഖ്ബക്ക് സാധിച്ചില്ല. അയാള്‍ ആള്‍ക്കൂട്ടത്തില്‍ വെച്ചുതന്നെ പ്രവാചകന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പി. തിന്മയെ നന്മകൊണട് തടയണമെന്നും സൌഭാഗ്യവാന്മാരുടെ പാത ക്ഷമയുടേതാണെന്നുമുള്ള ഖുര്‍ആന്റെ നിര്‍ദേശം ശിരസ്സാവഹിച്ച നബി തിരുമേനി മുഖം തുടച്ചു നടന്നുനീങ്ങി. കോപം കാണിക്കുകയോ അനിഷ്ടം പ്രകടിപ്പിക്കുകയോ ചെയ്തില്ല. അപ്പോഴും പ്രവാചകന്റെ മുഖത്ത് ആ ധിക്കാരികളുടെ ഭാവിയെ സംബന്ധിച്ച കടുത്ത ഉത്കണ്ഠയായിരുന്നു. അതുണര്‍ത്തിയ സഹതാപവികാരവും. പ്രവാചകന്റെ ആശങ്ക യാഥാര്‍ഥ്യമാവുകയായിരുന്നു. ഉഖ്ബയെ കാത്തിരിക്കുന്ന പരലോകത്തെപ്പറ്റി ദൈവം വേദഗ്രന്ഥത്തിലൂടെ അറിയിച്ചു:
‘ആ അക്രമി ഖേദത്താല്‍ വിരല്‍ കടിക്കുന്ന ദിനമാണ്. അന്ന് അയാള്‍ വിലപിക്കും: ഹാ കഷ്ടം! ഞാന്‍ ദൈവദൂതനോടൊപ്പം അദ്ദേഹത്തിന്റെ മാര്‍ഗം സ്വീകരിച്ചിരുന്നെങ്കില്‍!
‘എന്റെ നിര്‍ഭാഗ്യം! ഞാന്‍ ഇന്നയാളെ കൂട്ടുകാരനാക്കിയിരുന്നില്ലെങ്കില്‍!
‘എനിക്ക് ഉദ്‌ബോധനം വന്നെത്തിയ ശേഷം അവനെന്നെ അതില്‍നിന്ന് തെറ്റിച്ചുകളഞ്ഞല്ലോ. പിശാച് മനുഷ്യനെ സംബന്ധിച്ചേടത്തോളം കൊടിയ വഞ്ചകന്‍ തന്നെ.’ (ഖുര്‍ആന്‍ 25:2729)

You may also like