കാരുണ്യപ്പൊല്‍ത്തിടമ്പായ്, മാനവലോകത്തിന്നു
കാഞ്ചന പ്രദീപമായ് വിളങ്ങും ഗുരുഭൂതാ,
ഭാവല്‍ക്കഗുണൗഘങ്ങളുദ്ഗാനം ചെയ്യുവോര്‍ക്കു
കൈവരും ചിദാനന്ദം വര്‍ണിപ്പാനെളുതാമോ?
കെല്പില്ലാകിലും ഭവല്‍ പുണ്യാപദാനം പാടാ-
നല്‌പേതരാഭിലാഷം തിരതല്ലുന്നൂ ഹൃദി.
എന്‍ മനശ്ശാരികേ, നീ പാടുക, മധുരമാ-
യമ്മഹല്‍ക്കീര്‍ത്തനങ്ങള്‍-നിര്‍വൃതിപൂകട്ടേ ഞാന്‍!
സൃഷ്ടിയാം ഗ്രന്ഥത്തിന്റെയാമുഖമായി മുന്നം
സ്രഷ്ടാവിന്‍മുമ്പില്‍ നൃത്തമാടിന പൊന്മയൂരം;
സമസ്തലോകങ്ങള്‍ക്കുമനുഗ്രഹമായ്, പുണ്യ-
പുമാനായ്, പ്രവാചകപ്രഭുവായ് ജന്മംപൂണ്ടു.
മന്നിനെ നാകമാക്കിക്കാണിച്ച ‘നൂറുല്ലാ’താന്‍
ഔന്നത്യം പാര്‍ത്തുപാര്‍ത്തു ലജ്ജിപ്പൂ അര്‍ശൂപോലും
പാവനസ്സീനിനാഖ്യ ഗിരിയും മുഹമ്മദിന്‍
ചേവടിചേരും മണല്‍ത്തരിക്കു സമമാമോ?
അങ്ങയെ വലംവെപ്പൂ ഗോളങ്ങള്‍ മുറ്റും ഭക്ത്യാ;
അങ്ങുതന്‍പ്രഭകൊണ്ടേ സൂര്യനും പ്രകാശിപ്പൂ.
കിരാതപ്രായരായി മേവിനോര്‍, ജഗത്തിന്നു
ഗുരുവര്യരായ് വാഴ്‌വൂ നബിതന്‍ശിക്ഷണത്താല്‍;
പരക്കേ ദൈവങ്ങളെ വെച്ചുപൂജിച്ചോര്‍, മോദാല്‍
വരിപ്പൂ ജീവത്യാഗം തൗഹീദിന്‍ പ്രതിഷ്ഠയ്ക്കായ്!
അന്തഃഛിദ്രത്താല്‍ ഹന്ത! രുധിരമൊഴുക്കിയോര്‍
ബന്ധുരസമൈക്യപ്പൊന്‍ ചങ്ങലക്കണ്ണികളായ്!
ഊരിയ വാളുമായിത്തലകൊയ്യുവാന്‍ വന്ന
വീരനാമുമര്‍ പാദദാസനായ്ത്തിരിക്കുന്നൂ!
കൊടിയ വര്‍ണഭേദം ധര്‍മമായ് വിശ്വസിച്ചോര്‍
പടവെട്ടുന്നൂ സര്‍വസമത്വം സംസ്ഥാപിക്കാന്‍!
പാരതന്ത്ര്യത്തിന്‍ മരുഭൂവിങ്കല്‍ വലഞ്ഞോരു
നാരീ വര്‍ഗവും ദാസവൃന്ദവുമൊരേവണ്ണം
പരമസ്വാതന്ത്ര്യത്തിന്‍തണലില്‍ മേവിനാരെന്‍
ഗുരുവിന്‍ ജനതാത്വപ്പൂവാടി പൂകിയപ്പോള്‍!
‘ഉമ്മി’യായ് വാണീടിന റസൂല്‍താനുലകിന്നു
സമ്മാനിച്ചതാം ഖുര്‍ആന്‍ -വിജ്ഞാനരത്‌നാകരം-
വിജ്ഞനെ, ശാസ്ത്രജ്ഞനെ, ക്കവിയെ, ച്ചിന്തകനെ
വിസ്മയസ്തബ്ധരാക്കി മുഴപ്പൂ ജയഭേരി!
രാജാധികാരത്തോടെ വാണരുളീടുമ്പോഴും
വ്യാജമല്ലല്ലോ വെറും ‘ഫഖീറാ’യങ്ങു മേവി;
ഇരുകാല്‍ത്തളിരിലും നീര്‍ക്കെട്ടു ബാധിപ്പോള-
മിരവില്‍ദൈവധ്യാനമഗ്നനായ് പലനാളു;
പൊന്നും വെള്ളിയും ശതക്കണക്കില്‍ യുക്തംപോലെ
പൊന്നുതൃക്കൈയാല്‍ ദാനം ചെയ്ത നാള്‍കളില്‍പ്പോലും
ഗേഹത്തില്‍ക്കൊറ്റിനൊട്ടും വകയില്ലാത്തമൂലം
ഹാ, ഹന്ത! പട്ടിണിയായ്ക്കഴിഞ്ഞൂ തിരുമേനി!
അരികള്‍ കൊടുംദ്രോഹമേല്‍പിച്ചപോതവര്‍ക്കു
പൊറുപ്പാ ‘നല്ലാഹു’ വോടര്‍ഥിച്ച ദയാസിന്ധു
മാറ്റലര്‍ ബന്ധിതരായ്ത്തന്‍മുമ്പില്‍ നില്‍ക്കുമ്പോഴും
മാപ്പേകവേ വിസ്മയാല്‍ സ്തംഭിച്ചു മണ്ണും വിണ്ണും!
മരണം വരിച്ചിടുംനേരത്തു ‘മുമ്മത്തി’ന്നായ്
ഇരന്ന ‘റഹ്മത്തുല്ലില്‍-ആലമീന്‍’ ഭവാനല്ലോ!
സ്രഷ്ടാവിന്‍ പുകഴ്ചകള്‍ നേടിയ മഹാത്മാവിന്‍
ശിഷ്ടത്വം വര്‍ണിപ്പാനെന്തളിയ പാമരന്‍ ഞാന്‍?
പാരിച്ച ഭക്ത്യാവേശാല്‍പ്പലതും ജല്‍പിച്ചു പോയ്;
കാരുണ്യക്കാതലേ,യെന്‍ സാഹസം പൊറുത്താലും!
മദീയഹൃദ്വാടിയില്‍ ‘ഹബീബുല്ലാ’തന്‍ പുണ്യ-
സ്മൃതിയാം പൊന്മയൂരം നര്‍ത്തനം ചെയ്തീടാവൂ!
കഥ & കവിത