കഥ & കവിത

ധീരമായ സമീപനം, ദൃഢമായ പ്രഖ്യാപനം

Spread the love

പ്രവാചകനെ ശത്രുക്കളുടെ അക്രമമര്‍ദനങ്ങളില്‍നിന്ന് സംരക്ഷിച്ചു കൊണടിരുന്നത് പിതൃവ്യന്‍ അബൂത്വാലിബാണ്. അദ്ദേഹം ഇസ്ലാം സ്വീകരിച്ചിരുന്നില്ല. എന്നിട്ടും മുഹമ്മദ് നബിയെ കൈവിട്ടില്ല. ഇത് ശത്രുക്കളെ വല്ലാതെ പ്രയാസപ്പെടുത്തി. പല കാരണങ്ങളാലും അബൂത്വാലിബുമായി ഏറ്റുമുട്ടാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. അതിനാല്‍ സ്‌നേഹപ്രകടനങ്ങളിലൂടെ അദ്ദേഹത്തെ സ്വാധീനിക്കാനാണ് ശ്രമിച്ചത്. എന്നാല്‍, അവരുടെ അത്തരം ശ്രമങ്ങളൊക്കെയും പാഴാവുകയായിരുന്നു. അബൂത്വാലിബ് മുഹമ്മദിനോടൊപ്പം ഉറച്ചുനിന്നു.
അതിനാലാണ് അവര്‍ വലീദിന്റെ പുത്രനും മുനീറയുടെ പൌത്രനുമായ ഉമാറയെയും കൂട്ടി അബൂത്വാലിബിന്റെ സന്നിധിയിലെത്തിയത്. ഉമാറ സുന്ദരനും കരുത്തനുമായിരുന്നു. ആ ചെറുപ്പക്കാരനെ മകനായി സ്വീകരിച്ച് മുഹമ്മദിനെ വിട്ടുകൊടുക്കാന്‍ ആവര്‍ അബൂത്വാലിബിനോടാവശ്യപ്പെട്ടു. ഉമാറയെ അദ്ദേഹം മകനായി സ്വീകരിച്ച് പോറ്റിവളര്‍ത്തണമെന്നും പകരം മുഹമ്മദിനെ തങ്ങള്‍ക്ക് കൊല്ലാന്‍ വിട്ടുതരണമെന്നുമായിരുന്നു അവരുടെ ആവശ്യത്തിന്റെ ചുരുക്കം. ഇതൊന്നും മനസ്സിലാക്കാന്‍ കഴിയാത്തവനായിരുന്നില്ല അബൂത്വാലിബ്. അതുകൊണടുതന്നെ അവരുടെ ആവശ്യം അദ്ദേഹം പുച്ഛിച്ചുതള്ളി.
അങ്ങനെ പ്രവാചകന്‍ തന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ശത്രുക്കള്‍ അവരുടെ എതിര്‍പ്പും. മുഹമ്മദിനെ വകവരുത്താനും അതുവഴി അയാളുടെ ശല്യം അവസാനിപ്പിക്കാനും തടസ്സം അബൂത്വാലിബാണെന്ന് അവര്‍ക്ക് ബോധ്യമുണടായിരുന്നതിനാല്‍ വീണടും അദ്ദേഹത്തെ സമീപിച്ചു. ഇത്തവണ ഭീഷണിയുടെ സ്വരത്തിലാണ് അവര്‍ സംസാരിച്ചത്. അവര്‍ പറഞ്ഞു:
‘അല്ലയോ അബൂത്വാലിബ്! ഞങ്ങള്‍ക്കിടയില്‍ അന്തസ്സും ആഭിജാത്യവും പ്രായവും പദവിയുമുള്ള ആളാണ് താങ്കള്‍. താങ്കളുടെ സഹോദരപുത്രനെ നിലക്കുനിര്‍ത്തണമെന്ന് ഞങ്ങള്‍ പലതവണ ആവശ്യപ്പെട്ടതാണ്. എന്നിട്ടും താങ്കളത് ചെയ്തില്ല. ഞങ്ങളുടെ പൂര്‍വികരെ തള്ളിപ്പറയുന്നതും ആചാരങ്ങളെ ചോദ്യംചെയ്യുന്നതും ദൈവങ്ങളെ നിരാകരിക്കുന്നതും ഞങ്ങള്‍ക്കിനി സഹിക്കാന്‍ സാധ്യമല്ല. ഒന്നുകില്‍ താങ്കളവനെ തടയണം. അല്ലെങ്കില്‍ താങ്കളോടും അവനോടും ഞങ്ങള്‍ യുദ്ധം ചെയ്യും. രണടിലൊരു കൂട്ടര്‍ നശിക്കും വരെ.”
കഴിഞ്ഞകാലമത്രയും കൂടെ ജീവിച്ച വേണടപ്പെട്ടവരുടെ വെറുപ്പും എതിര്‍പ്പും അബൂത്വാലിബിനെ വല്ലാതെ വിഷമിപ്പിച്ചു. മുഹമ്മദിനെ കൈവിടാന്‍ ഏതായാലും സാധ്യമല്ല. അതിനാലെന്തു വേണമെന്ന ചിന്ത അദ്ദേഹത്തെ അലോസരപ്പെടുത്തിക്കൊണടിരുന്നു. അവസാനം സഹോദരപുത്രന്‍ മുഹമ്മദിനെ വിളിച്ചുവരുത്തി. തന്നോട് ചേര്‍ത്തുനിര്‍ത്തിക്കൊണട് ഖുറൈശികളുടെ ആവശ്യം വിശദീകരിച്ചു. തുടര്‍ന്നിങ്ങനെ പറഞ്ഞു: ‘നീ എന്നെ രക്ഷിക്കണം. നിന്നെയും രക്ഷിക്കണം. എനിക്ക് താങ്ങാനാവാത്ത ഭാരം നീ എന്നെക്കൊണട് വഹിപ്പിക്കരുത്.”
പ്രവാചകനെ സംബന്ധിച്ചിടത്തോളം ഇത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. പിതൃവ്യന്‍ തന്നെ കൈവിടുമെന്ന് അദ്ദേഹം ഒരിക്കലും കരുതിയിരുന്നില്ല. അതിനാല്‍ ഒരു നിമിഷം പതറുകയും പകച്ചുപോവുകയും ചെയ്തു. പക്ഷേ, പെട്ടെന്നുതന്നെ പ്രവാചകന്‍ മനോധൈര്യം വീണെടടുത്തു. പിതൃവ്യന്‍ കൈയൊഴിച്ചാല്‍ തുണക്കാന്‍ കാര്യമായി ആരുമില്ലെന്ന് അറിയാമായിരുന്നിട്ടും ഉറച്ച സ്വരത്തില്‍ പ്രവാചകന്‍ പ്രഖ്യാപിച്ചു: ‘സൂര്യനെ എന്റെ വലതുകൈയിലും ചന്ദ്രനെ ഇടതു കൈയിലും വെച്ചുതന്നാലും ഞാന്‍ ഈ ശ്രമം ഉപേക്ഷിക്കുകയില്ല; അല്ലാഹു ഈ ഉദ്യമം വിജയിപ്പിക്കുകയോ അല്ലെങ്കില്‍ ഈ മാര്‍ഗത്തില്‍ ഞാന്‍ വധിക്കപ്പെടുകയോ ചെയ്യുംവരെ.”
സഹോദരപുത്രന്റെ ധീരമായ ഈ സമീപനവും ദൃഢമായ വാക്കുകളും അബൂത്വാലിബിനെ അഗാധമായി സ്വാധീനിച്ചു. അദ്ദേഹം മുഹമ്മദ് നബിയെ തലോടിക്കൊണട് സ്‌നേഹപൂര്‍വം പറഞ്ഞു: ‘മോനേ, പോയ്‌ക്കൊള്ളുക. നിനക്കിഷ്ടമുള്ളത് നീ പറഞ്ഞുകൊള്ളുക. നിനക്ക് ഇഷ്ടമില്ലാത്ത ഒന്നിനും ഞാന്‍ നിന്നെ വിട്ടുകൊടുക്കുകയില്ല.”
 

You may also like