കഥ & കവിത

ദുഅ് ഥൂറിന്റെ മനംമാറ്റം

Spread the love

പ്രവാചകനും അനുചരന്മാരും മദീനയിലെത്തിയിട്ട് രണടു വര്‍ഷം പിന്നിട്ടു. ഇരുപത്തഞ്ചാം മാസം രണടാം പാതിയിലേക്ക് പ്രവേശിച്ചു. അപ്പോഴാണ് ദുഅമര്‍റ് എന്ന പ്രദേശത്തെ ഒന്നു രണടു ഗോത്രങ്ങള്‍ ദുഅ്ഥൂറുബ്‌നുല്‍ ഹാരിസിന്റെ നേതൃത്വത്തില്‍ യുദ്ധത്തിനൊരുങ്ങുന്ന വിവരം ലഭിച്ചത്. നബിതിരുമേനി നാനൂറ്റമ്പത് പേരോടൊന്നിച്ച് അവിടം ലക്ഷ്യംവെച്ചു പുറപ്പെട്ടു.
പ്രവാചകന്റെയും അനുയായികളുടെയും ആഗമന വിവരമറിഞ്ഞ ദുഅ്ഥൂറും സംഘവും മലമുകളിലേക്ക് ഓടിപ്പോയി. അതിനാല്‍ നബി തിരുമേനിയും കൂടെയുള്ളവരും ദുഅമര്‍റില്‍ തമ്പടിച്ചു. പ്രവാചകന്‍ പ്രാഥമികാവശ്യം പൂര്‍ത്തീകരിക്കാനായി അനുചരന്മാരില്‍ നിന്ന് അല്‍പമകലെ താഴ്വരയിലേക്കുപോയി. ശക്തമായ മഴ കാരണം തിരുമേനിയുടെ വസ്ത്രം നനഞ്ഞു. അതുണക്കാനായി വെയിലത്തു വിരിച്ചശേഷം അവിടുന്ന് മരത്തണലില്‍ വിശ്രമിക്കാന്‍ കിടന്നു. മലമുകളില്‍ ഒളിച്ചിരിക്കുന്ന ശത്രുക്കള്‍ ഇതു കാണുന്നുണടായിരുന്നു. അവര്‍ തങ്ങളുടെ നേതാവ് ദുഅ്ഥൂറിനോട് പറഞ്ഞു: ‘മുഹമ്മദ് താങ്കള്‍ക്ക് സൌകര്യം ചെയ്തുതന്നിരിക്കുന്നു. അയാളിപ്പോള്‍ തനിച്ചാണ്. അനുയായികളൊക്കെ ദൂരെയാണ്. താങ്കള്‍ മുഹമ്മദിന്റെ കഥ കഴിച്ച് രക്ഷപ്പെടുംവരെ അവര്‍ വിവരമറിയുകപോലുമില്ല.’
ഇതുകേട്ട് ആവേശഭരിതനായ ദുഅ്ഥൂര്‍ മൂര്‍ച്ചയേറിയ വാളുമായി പ്രവാചകന്റെ ചാരത്തെത്തി. വാള്‍ നബി തിരുമേനിയുടെ തലക്കുനേരെ ഉയര്‍ത്തിക്കൊണട് ചോദിച്ചു: ‘മുഹമ്മദേ, നിന്നെയിപ്പോള്‍ എന്നില്‍നിന്ന് ആരു രക്ഷിക്കും?’
പ്രവാചകന്‍ ജീവനുവേണടി കെഞ്ചുമെന്നാണ് അയാള്‍ പ്രതീക്ഷിച്ചത്. എന്നാല്‍, പ്രവാചകന്‍ ഒട്ടും പതറിയില്ല. അചഞ്ചല ചിത്തനായി പ്രഖ്യാപിച്ചു: ‘അല്ലാഹു!’
ഇതു കേട്ട് വിഭ്രാന്തനായ ദുഅ്ഥൂര്‍ പേടിച്ചുവിറച്ചു. വാള്‍ നിലത്തുവീണു. നബി തിരുമേനി അതെടുത്ത് അയാളുടെ നേരെ ഉയര്‍ത്തി ചോദിച്ചു: ‘ഇപ്പോള്‍ എന്നില്‍നിന്ന് നിന്നെയാര് രക്ഷിക്കും?’
‘അങ്ങല്ലാതെ ആരും എന്നെ രക്ഷിക്കാനില്ല.’ ദുഅ്ഥൂര്‍ തന്റെ നിസ്സഹായത വ്യക്തമാക്കി.
‘എങ്കില്‍ ഞാന്‍ നിന്നെ രക്ഷിച്ചിരിക്കുന്നു.’ പ്രവാചകന്‍ അയാള്‍ക്കു മാപ്പു നല്‍കി. വാള്‍ തിരിച്ചേല്‍പിക്കുകയും ചെയ്തു. അതുമായി നടന്നുനീങ്ങിയ ദുഅ്ഥൂര്‍ ഏറെക്കഴിയുംമുമ്പെ മടങ്ങിവന്ന് സന്മാര്‍ഗം സ്വീകരിച്ചു. തന്നെ കൊല്ലാന്‍ വന്ന് അനുയായിയായി മാറിയ അയാള്‍ക്ക് നബി തിരുമേനി ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കി.
സത്യപാത പിന്തുടര്‍ന്ന് പുതിയ മനുഷ്യനായി മാറിയ ദുഅ്ഥൂര്‍ തന്റെ അനുയായികളുടെ അടുത്തേക്ക് തിരിച്ചുചെന്ന് അവരെ സന്മാര്‍ഗത്തിലേക്കു ക്ഷണിച്ചു. പ്രവാചകന്റെ അത്യസാധാരണമായ ധീരതയും, എല്ലാം അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന വിശ്വാസ ദാര്‍ഢ്യവുമാണ് ഈ വിജയത്തിനൊക്കെയും വഴിയൊരുക്കിയത്.

 

You may also like